Friday, February 24, 2017

മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം

പ്രണയത്തെ പാശ്ചാത്യ സംസ്ക്കാരത്തിന്റെ ഒരു ഉപ ഉത്പ്പന്നവും പാപവുമായുമൊക്കെ കണക്കാക്കിയിരുന്ന ഒരു ഇരുണ്ട കാലഘട്ടം നമുക്കുണ്ടായിരുന്നു. സാംസ്ക്കാരിക സദാചാര സമ്പന്നതയിൽ അമിതാഭിമാനം പുൽകി കൊണ്ട് പ്രണയത്തെ അയിത്ത ചിന്താഗതിയോടെ നോക്കി കണ്ടിരുന്ന ആ ഒരു കാലത്തു പോലും അഭ്രപാളികളിലെ പ്രണയങ്ങൾ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയവുമാണ്. ഒരു തരത്തിൽ പറഞ്ഞാൽ പ്രണയത്തെ സാമൂഹികവത്ക്കരിക്കാനും സ്വീകാര്യത നേടി കൊടുക്കാനുമൊക്കെ പ്രണയ സിനിമകൾ പലപ്പോഴും കമിതാക്കൾക്ക് ഊർജ്ജം പകരുക തന്നെ ചെയ്തു. അത് കൊണ്ടൊക്കെ തന്നെയാകാം മലയാളമടക്കമുള്ള ഭാഷാ സിനിമകളിലെല്ലാം നിരന്തരമായി പ്രണയം പ്രമേയവത്ക്കരിക്കപ്പെട്ടു കൊണ്ടിരുന്നു. പൂർണ്ണമായും പ്രണയ സിനിമകളെന്നു വിളിക്കാനാകാത്ത സിനിമകളിൽ പോലും പ്രണയം ഒരു മുഖ്യ ഘടകമായി അല്ലെങ്കിൽ ഒഴിച്ച് കൂട്ടാനാകാത്ത വിധം കൂട്ടിയിണക്കാൻ അണിയറ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മലയാള സിനിമാ ലോകത്തെ കാര്യങ്ങൾ വച്ച് പറയുമ്പോൾ മലയാള സിനിമയുടെ തന്നെ ചരിത്രം തുടങ്ങുന്ന 'വിഗതകുമാരനി' ൽ പോലും ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരും. 1930 ലിറങ്ങിയ മലയാളത്തിന്റെ ആദ്യ സിനിമയും നിശബ്ദ സിനിമയുമൊക്കെയായിരുന്ന 'വിഗതകുമാര'ന്റെ പിന്നിലെ കഥ 2013 ൽ ഇറങ്ങിയ കമലിന്റെ 'സെല്ലൂലോയ്ഡി' ൽ വളരെ വിശദമായി പറയുന്നുണ്ട്. പക്ഷേ 'വിഗതകുമാര' നെന്ന സിനിമയെയോ അതിലെ പ്രണയത്തെയോ അല്ല 'സെല്ലൂലോയ്ഡ്' പ്രമേയവത്ക്കരിച്ചത് എന്നത് കൊണ്ട് തന്നെ അതേ കുറിച്ചൊന്നും പരാമർശിക്കേണ്ട ബാധ്യതയും ആ സിനിമക്കില്ലായിരുന്നു. ജെ.സി ദാനിയേലിന്റെ 'വിഗതകുമാരൻ' അടിസ്ഥാനപരമായി ഒരു പ്രണയ സിനിമ അല്ലെങ്കിൽ കൂടിയും നായക കഥാപാത്രമായ ചന്ദ്രകുമാറിന്റെ സഹോദരി സരോജവും അയാളുടെ അകന്ന ബന്ധുവും സുഹൃത്തുമായ ജയചന്ദ്രനും തമ്മിലുള്ള പ്രണയം ആ സിനിമയിലെ ഒരു പ്രധാന ഘടകം തന്നെയായിരുന്നു. മലയാള സിനിമയിലെ ആദ്യ പ്രണയവും അവരുടേത് തന്നെ. 

പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും പ്രണയ കഥ പറഞ്ഞ 'ചെമ്മീൻ', സലിം രാജകുമാരന്റെയും അനാർക്കലിയുടെയും പ്രണയ കഥ പറഞ്ഞ 'അനാർക്കലി', രമണന്റെയും ചന്ദ്രികയുടെയും പ്രണയകഥ പറഞ്ഞ 'രമണൻ', മജീദിന്റെയും സുഹ്റയുടെയും പ്രണയകഥ പറഞ്ഞ 'ബാല്യകാലസഖി' etc .. ഒക്കെയായിരുന്നു 1960 കളിലെ ശ്രദ്ധേയമായ മലയാള പ്രണയ സിനിമകൾ. തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയും ചങ്ങമ്പുഴയുടെ രമണനുമൊക്കെ ഇന്നും വിഷാദ രൂപങ്ങളായി മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലുണ്ട്. ജീവന് തുല്യം സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ട ആ കാലത്തെ പല കാമുകന്മാരും പരീക്കുട്ടിയുടെയും രമണന്റെയും ഓർമ്മകളിൽ സ്വയം എരിഞ്ഞടങ്ങി. നസീർ-ഷീല ജോഡികളുടെ ശുഭപര്യവസാനമുള്ള പ്രണയ സിനിമകളുടെ നിർമ്മാണം ആരംഭിക്കുന്നതും ഇതേ കാലയളവിൽ തന്നെയായിരുന്നു.

നിത്യഹരിതനായകനായി പ്രേം നസീർ അരങ്ങു തകർക്കുമ്പോഴും റൊമാന്റിക് സിനിമാ സങ്കൽപ്പങ്ങൾക്ക് പുതുമ നൽകി കൊണ്ട് നവ സിനിമാ നിർമ്മാണങ്ങളും നടന്നിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. വേണുനാഗവള്ളി നായകനായി 1979 ൽ റിലീസ് ചെയ്ത 'ഉൾക്കടൽ' പ്രമേയപരമായും അവതരണ ശൈലിയിലും അന്നത്തെ പ്രണയ സിനിമകളെ കവച്ചു വക്കുന്നതായിരുന്നു. മൂന്നു കാലഘട്ടങ്ങളിലായി മൂന്നു സ്ത്രീകളോട് തോന്നിയ മൂന്നു പ്രണയങ്ങളിലൂടെ രാഹുലൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തെയും ചുറ്റുപാടുകളെയുമാണ് ആ സിനിമ അനാവരണം ചെയ്യുന്നത്. ഒരു വിഷാദ കാമുകന്റെ മുഖഛായയുള്ള കഥാപാത്രങ്ങൾ ഏറ്റവും കൂടുതൽ അക്കാലത്തു അവതരിപ്പിച്ച ഒരു നടനും കൂടിയായിരുന്നു വേണു നാഗവള്ളി. സ്ഥിരം ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് കൊണ്ടുള്ള ഒരു പ്രണയ കഥ പറഞ്ഞപ്പോഴും കമൽ ഹാസനും സറീന വഹാബും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മദനോത്സവം' അതിലെ ഗാനങ്ങൾ കൊണ്ടും താരങ്ങളുടെ പ്രകടനങ്ങൾ കൊണ്ടും മികച്ചു നിന്നു. രാജുവും എലിസബത്തും തമ്മിലുള്ള പ്രണയത്തെക്കാൾ കൂടുതൽ അവർക്കിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിത വിരഹത്തിന്റെ വേദനയായിരുന്നു ആ സിനിമ പ്രേക്ഷകന്റെ നെഞ്ചിലേക്ക് കനലായി ചൊരിഞ്ഞത്. 

1975 ലാണ് ഭരതനും പത്മരാജനുമൊക്കെ മലയാള സിനിമാ ലോകത്ത് അവതരിക്കുന്നത്. യാഥാസ്ഥിതികരായ മലയാളികളെ ഞെട്ടിച്ചു കൊണ്ടാണ് ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിൽ 1975 ൽ 'പ്രയാണം' കൈയ്യടി വാങ്ങിയത് എന്നോർക്കണം. അറുപതുകാരനായ ബ്രാഹ്മിണ പൂജാരി തന്റെ മകളേക്കാൾ ചെറുപ്പമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നതും അവൾ തൊട്ടടുത്തുള്ള മറ്റൊരു ചെറുപ്പക്കാരനുമായി അടുക്കുന്നതുമാണ് സിനിമയുടെ പ്രമേയം. പ്രണയവും ലൈംഗികതയുമൊക്കെ അശ്ലീലതയിലേക്ക് പോകാതെ കഥാപാത്രങ്ങളുടെ മാനസിക വ്യപാരങ്ങളെ കൈയടക്കത്തോടെ അവതരിപ്പിച്ചു കാണിക്കുകയാണ് ഭരതൻ എന്ന പ്രതിഭാധനനായ സംവിധായകൻ ആ സിനിമയിൽ ചെയ്തത്. പത്മരാജൻ-ഭരതൻ കൂട്ട് കെട്ടിലാണ് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുന്നത്. കൗമാര ലൈംഗിക സ്വപ്നങ്ങളെയും പ്രണയത്തെയും കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞ സിനിമയായിരുന്നു 1978 ലിറങ്ങിയ 'രതിനിർവ്വേദം'. ബുദ്ധി സ്ഥിരതയില്ലാത്ത ചെറുപ്പക്കാരന്റെ പ്രണയവും അയാളോടുള്ള സമൂഹത്തിന്റെ നിലപാടുകളുമെല്ലാം വരച്ചു കാണിക്കുന്നതായിരുന്നു 1980 ലിറങ്ങിയ 'തകര'. വിദ്യാർത്ഥിയും അദ്ധ്യാപികയും തമ്മിലുള്ള പ്രണയം പറഞ്ഞ 'ചാമരം', സ്ക്കൂൾ ഹെഡ് മാസ്റ്ററും വിവാഹിതയായ സംഗീത അധ്യാപികയും തമ്മിലുള്ള പ്രണയം പറഞ്ഞ 'മർമ്മരം' അങ്ങിനെ പോകുന്നു ആ കാലഘട്ടത്തിലെ മറ്റു ചില ഭരതൻ സിനിമകൾ. 

സർക്കസ് കൂടാരത്തിലെ ജീവിതങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ജി ജോർജ്ജ് സംവിധാനം ചെയ്ത 'മേള' മമ്മൂട്ടിയുടെ കരിയറിലെ മികച്ച തുടക്കമായി വിലയിരുത്തപ്പെടുന്ന അതേ വർഷത്തിൽ തന്നെയാണ് ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി' ലൂടെ മോഹൻ ലാൽ പ്രതിനായക വേഷത്തിൽ ശ്രദ്ധേയനാകുന്നത്. രണ്ടു സിനിമകളിലെ പ്രണയത്തിനും ചില സാദൃശ്യങ്ങൾ വേണമെങ്കിൽ പറഞ്ഞു വക്കാം. 'മേള' യിൽ സർക്കസിലെ കുള്ളന്റെ സുന്ദരിയായ ഭാര്യയെ മമ്മൂട്ടിയുടെ കഥാപാത്രം സ്നേഹിക്കുകയും ആ പ്രണയം അവരുടെ മൂന്നു പേരുടെയും ജീവിതത്തെയും ബാധിക്കുകയും ചെയ്യുന്നതിന് സമാനമായാണ് 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി' ൽ നരേന്ദ്രന്റെ ഭാര്യയായ പ്രഭയെ പ്രേം കൃഷ്ണൻ പ്രേമിക്കുക വഴിയുണ്ടാകുന്ന പ്രശ്നങ്ങളും. കഥാപാത്രങ്ങൾക്കിടയിൽ രൂപപ്പെടുന്ന പ്രണയത്തിന്റെ അവസ്ഥ ഒന്ന് തന്നെയെങ്കിലും കഥാപാശ്ചാത്തലവും അവതരണ രീതിയും കഥാപാത്ര നിർമ്മിതിയും കൊണ്ട് വ്യത്യാസപ്പെട്ടു തന്നെ കിടക്കുന്നു രണ്ടു സിനിമകളും. 1983 ൽ 'കൂടെവിടെ' യിലൂടെ അരങ്ങേറ്റം കുറിച്ച റഹ്മാൻ മമ്മൂട്ടിക്കും മോഹൻലാലിനും മുന്നേ താരപദവിയിലെത്തിയ ഒരു നടനായിരുന്നു. എൺപതു കാലങ്ങളിലെ സിനിമകളിലെല്ലാം ചെറുതും വലുതുമായ റൊമാന്റിക് വേഷങ്ങൾ ചെയ്തു കൊണ്ട് ശ്രദ്ധേയനായെങ്കിലും എടുത്തു പറയ തക്ക മികച്ച പ്രണയ സിനിമകളുടെ ഭാഗമാകാൻ റഹ്‌മാന്‌ സാധിച്ചില്ല എന്ന് വേണം കരുതാൻ. 

ത്രികോണ പ്രേമ സങ്കല്പങ്ങൾ താരതമ്യേന മലയാളത്തിൽ കണ്ടു തുടങ്ങിയില്ലാത്ത കാലത്ത് ഹരിഹരന്റെ സംവിധാന മികവ് കൊണ്ടും എം.ടിയുടെ തിരക്കഥാ രചനാ വൈഭവം കൊണ്ടും മലയാളിയുടെ മനസ്സിൽ കുടിയേറിയ ഒരു സിനിമയായിരുന്നു 1986 ലിറങ്ങിയ 'നഖക്ഷതങ്ങൾ'. ഗൗരിയുടെയും രാമുവിന്റെയും നിഷ്ക്കളങ്കമായ പ്രണയവും അതുടലെടുത്ത പശ്ചാത്തലവുമൊക്കെ എത്ര മനോഹരമായിരുന്നു എന്നോർത്ത് നോക്കൂ. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു എത്തിയ രണ്ടു പേർ പ്രണയത്തിലാകാൻ നിയോഗിക്കപ്പെടുന്നത് ആരുടെ തീരുമാനം കൊണ്ടാകും എന്ന സാങ്കൽപ്പിക ചോദ്യത്തിനു കൂടി പ്രസക്തി നൽകി കൊണ്ടാണ് 'നഖക്ഷതങ്ങ'ളുടെ ഓരോ രംഗവും പുരോഗമിക്കുന്നത്. ഇടക്ക് കയറി വരുന്ന ലക്ഷ്മിയുടെ കഥാപാത്രം അവരുടെ പ്രണയത്തിൽ തീർക്കുന്ന സങ്കീർണ്ണത ചെറുതല്ല. ഗുരുവായൂരും പ്രണയവും ഒക്കെ കേൾക്കുമ്പോൾ വർഷങ്ങൾക്കിപ്പുറം 2002 ൽ റിലീസായ രഞ്ജിത്തിന്റെ 'നന്ദന' ത്തെ കൂടി പരാമർശിക്കേണ്ടി വരുന്നു. ബാലാമണിയും മനുവും തമ്മിലുള്ള പ്രണയം നഖക്ഷതങ്ങളിൽ നിന്ന് കടം കൊണ്ടതാണെന്നു പറയുന്നില്ലെങ്കിലും 'നഖക്ഷതങ്ങളി' ൽ എം.ടി അപ്രത്യക്ഷനും നിസ്സഹായനുമായി നിലനിർത്തിയ ഗുരുവായൂരപ്പനെ / കൃഷ്ണനെ രഞ്ജിത്ത് 'നന്ദന'ത്തിൽ അതിനു വിപരീതമായി ഉപയോഗിച്ച് കാണാം. പ്രണയത്തോടും നന്മയോടുമൊക്കെയുള്ള ദൈവത്തിന്റെ നിലപാടിനെ എം.ടി വിധിയുടെ പരിമിതികളിൽ പെടുത്തി സങ്കീർണ്ണമാക്കിയപ്പോൾ രഞ്ജിത്ത് അവിടെ കുറച്ചു കൂടി വിശാലമായി ചിന്തിച്ചു എന്ന് പറയാം. എഴുത്തിന്റെ സാങ്കല്പികതകളിൽ പോലും ദൈവ സഹായം ഒരു കഥാപാത്രത്തിന് നിഷേധിക്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിനുള്ള രണ്ടു ജനറേഷനിലെ രണ്ടു തിരക്കഥാകൃത്തുക്കളുടെ രണ്ടു നിലപാടുകൾ മാത്രമായി തൽക്കാലം നമുക്കതിനെ കാണാം. 

1988 ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ വന്ന 'ഡെയ്‌സി' സംഗീത സാന്ദ്രമായ ഒരു ക്യാമ്പസ് പ്രണയ സിനിമയായിരുന്നു. കോളേജ് വിദ്യാർത്ഥികൾ നെഞ്ചിലേറ്റിയ ആ സിനിമക്ക് ശേഷം നീണ്ട ഒൻപതു വർഷങ്ങൾക്ക് ശേഷം ഒരു 'അനിയത്തിപ്രാവ്' വേണ്ടി വന്നു ക്യാമ്പസുകൾക്ക് ഒരു പ്രണയസിനിമയെ കൊണ്ടാഘോഷിക്കാൻ. കൗമാര പ്രണയ സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമായി പ്രണയത്തെ ആവിഷ്ക്കരിച്ചു കണ്ട മലയാള സിനിമകളും ആ കാലത്തു ജനശ്രദ്ധ നേടിയിരുന്നു.

ബഷീറിന്റെ 'മതിലുകളു'ടെ സിനിമാവിഷ്ക്കാരത്തിൽ ബഷീറിന്റെയും നാരായണിയുടെയും പ്രണയത്തെ മനോഹരമായി പടുത്തു വച്ചിരിക്കുന്നത് കാണാം. ജയിൽ മതിലുകൾക്കപ്പുറമിപ്പുറമുള്ള ബഷീറും നാരായണിയും പ്രണയബന്ധിതരാകുന്നതും ആ പ്രണയം പൂത്തു തളിർക്കുന്നതുമൊക്കെ രസകരമായി ചിത്രീകരിക്കുമ്പോഴും പ്രണയമാകുന്ന റോസാപ്പൂവിന്റെ മുള്ളു കൊണ്ടുണ്ടാകുന്ന മുറിവിന്റെ ആഴം വളരെ വലുതെന്ന മട്ടിൽ ചിലത് പറഞ്ഞവസാനിപ്പിക്കുന്നുണ്ട് ആ സിനിമ. നേരിട്ട് ഒരു വട്ടം പോലും കാണാത്ത നാരായണിയെ ബഷീർ പ്രേമിക്കുന്നത് ശബ്ദരേഖയിലൂടെയാണ്. ജയിലുകളും അതിനിടയിലെ മതിലുകളും ആ പ്രണയത്തിനു ഒരു തടസ്സമേ ആയിരുന്നില്ല. പക്ഷേ നാരായണിയുമായി നേരിട്ടുള്ള ഒരു കണ്ടുമുട്ടൽ നടക്കുന്നതിനും മുൻപേ അവിചാരിതമായി ബഷീർ ജയിൽ മോചിതനാകുകയാണ്. താങ്കൾ സ്വാതന്ത്രനായിരിക്കുന്നു എന്ന് പറയുന്ന ജയിലറോട് ബഷീർ തിരിച്ചു പറയുന്ന ചോദ്യത്തിലുണ്ട് എല്ലാം ; "who wants freedom ?? ". 

ശരീര സൗന്ദര്യമോ ശുദ്ധിയോ അല്ല പ്രണയത്തിന്റെ യഥാർത്ഥ ദിവ്യത എന്ന് തന്റെ സിനിമകളിലൂടെ പലപ്പോഴും വെളിപ്പെടുത്താൻ ശ്രമിച്ചിട്ടുള്ള ഒരാളായിരുന്നു പത്മരാജൻ. 'അരപ്പട്ട കെട്ടിയ ഗ്രാമത്തി'ലെ ഹിലാലും- ഗൗരിക്കുട്ടിയും തമ്മിലുള്ള പ്രണയം, 'തൂവാനത്തുമ്പികളി' ലെ ജയകൃഷ്ണൻ-ക്ലാര പ്രണയം ഇതൊക്കെ അതിന്റെ മകുടോദാഹരണങ്ങളാണ്. കൂട്ടത്തിൽ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ സോളമനും സോഫിയയും തമ്മിലുള്ള പ്രണയത്തെ എടുത്തു പറയേണ്ടതാണ്. ബൈബിളിലെ ഉത്തമഗീതത്തെ സിനിമയിൽ അവരുടെ പ്രണയസന്ദേശങ്ങളായി പങ്കിടുക വഴി തന്നെ അവരുടെ പ്രണയത്തെ ദൈവീകമാക്കി മാറ്റുന്നുണ്ട് അദ്ദേഹം. അതിന്റെ പൂർണ്ണ വായന സാധ്യമാകുന്നത് ക്ലൈമാക്സിലാണ്. രണ്ടാനച്ഛനാൽ നശിപ്പിക്കപ്പെട്ടിട്ടും സോഫിയയെ സ്വീകരിക്കാൻ തയ്യാറായി വരുന്ന സോളമൻ ഡയലോഗുകളിൽ കൂടിയല്ല തനിക്ക് സോഫിയയോടുണ്ടായിരുന്ന പ്രണയം എങ്ങിനെയുള്ളതായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. തൊണ്ണൂറുകളിൽ ഇടക്കെല്ലാം വീണു കിട്ടിയിരുന്ന ഇത്തരം ദിവ്യ പ്രണയ സിനിമകൾ പത്മരാജന്റെ 'ഞാൻ ഗന്ധർവ്വ' നോട് കൂടെ അവസാനിക്കുകയായിരുന്നു. മനുഷ്യരുമായുള്ള നിഷിദ്ധ പ്രണയത്തെ എത്ര മനോഹരമായി ആസ്വദിക്കുന്നുവോ അതിലേറെ വേദനകളോടെ അതിനുള്ള ശിക്ഷ അനുഭവിക്കാനും ബാധ്യസ്ഥരാണ് ഗന്ധർവ്വന്മാർ. തനിക്ക് കിട്ടിയ മുന്നറിയിപ്പുകളെയും ശാസനകളെയും മറി കടന്നു കൊണ്ട് മനുഷ്യ സ്ത്രീയെ പ്രണയിച്ച ഗന്ധർവ്വനും, തന്റെ കന്യാകത്വം നഷ്ടപ്പെടുത്തി കൊണ്ട് ഗന്ധർവ്വന് ശിക്ഷയിളവ് നേടിക്കൊടുക്കാൻ ഒരുങ്ങുന്ന ഭാമയും അനിവാര്യമായ വേർപാടിനെ ഒടുക്കം അംഗീകരിക്കുന്നുണ്ട്. പ്രണയത്തിന്റെ ഓർമ്മകളോളം വിലമതിക്കുന്ന ഒന്നുമില്ല ഈ ലോകത്ത് എന്ന ഭാമയുടെ ബോധ്യം ശരി വച്ച് കൊണ്ടാണ് വേദനാജനകമായ ഒരു വേർപാടിനെ പോലും പത്മരാജൻ സിനിമയിൽ മനോഹരമാക്കുന്നത്. 

2001 ൽ റിലീസായ കമലിന്റെ 'മേഘമൽഹാർ' പ്രണയത്തെ വേറിട്ട കോണിൽ ചർച്ച ചെയ്ത ഒരു സിനിമയായിരുന്നു. വിവാഹിതരുടെ പ്രണയബന്ധങ്ങളെ അവിഹിതബന്ധമെന്നോളം ചിത്രീകരിക്കാൻ വെമ്പുന്ന ഒരു സമൂഹത്തിൽ ഈ സിനിമ അർഹിക്കപ്പെട്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടോ എന്ന് സംശയമാണ്. രാജീവനും നന്ദിതയും രണ്ടു കുടുംബങ്ങളുടെ വക്താക്കൾ ആണ്. യാദൃശ്ചികമായുള്ള അവരുടെ കണ്ടുമുട്ടലും തടുർന്നുള്ള ആശയവിനിമയങ്ങളും പ്രണയം നുകരാൻ കൊതിക്കുന്നവരുടെ മാനസിക തലത്തിൽ നിന്ന് ഉണ്ടാകുന്നതല്ല. പക്ഷെ അവർക്കിടയിൽ ശക്തമായൊരു ബന്ധം രൂപപ്പെടുന്നതായി കാണിക്കുന്നുമുണ്ട് സിനിമയിൽ. ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ട കഥ പറയുമ്പോൾ മാത്രമാണ് നന്ദിത രാജീവനെ തിരിച്ചറിയുന്നത് . അവർക്കിടയിൽ രൂപപ്പെടുന്ന മാനസിക ബന്ധത്തെ പ്രണയമെന്നു വിളിക്കാമോ എന്ന് സംശയിപ്പിക്കുമ്പോൾ തന്നെ ആ ബന്ധത്തിന്റെ യഥാർത്ഥ തലത്തെ അന്വേഷിച്ചറിയാൻ കൂടി നിർബന്ധിതരാകുകയാണ് പ്രേക്ഷകർ. 2011 ലിറങ്ങിയ ബ്ലെസ്സിയുടെ 'പ്രണയ' മായിരുന്നു പ്രണയത്തെ വേറിട്ട തലത്തിൽ ചർച്ച ചെയ്ത മറ്റൊരു പ്രധാന സിനിമ. 

സമീപകാല മലയാള സിനിമകളിലെ പ്രണയം ചർച്ച ചെയ്യപ്പെടുമ്പോൾ ഓർമ്മകളിൽ ആദ്യം ഓടിയെത്തുന്ന സിനിമ RS വിമലിന്റെ സംവിധാനത്തിൽ 2015 ൽ റിലീസായ 'എന്ന് നിന്റെ മൊയ്തീ' നാണ്. കൽപ്പിത കഥകളിലെ കഥാപാത്രങ്ങളുടെ വിശുദ്ധ പ്രണയത്തെ ദൃശ്യവത്ക്കരിക്കുന്ന പോലെയല്ല ചരിത്രത്തിലെ ഒരു വ്യക്തിയുടെയോ ജീവിച്ചിരിക്കുന്ന ഒരാളുടെയോ സംഭവ ബഹുലമായ ജീവിതത്തെയോ പ്രണയത്തെയോ സിനിമയാക്കി പരിണാമപ്പെടുത്തുമ്പോഴുള്ള വെല്ലുവിളികൾ. കഥാപാത്രങ്ങൾ ജീവിച്ച പശ്ചാത്തലം, കാലഘട്ടം അന്നത്തെ ജീവിത രീതികൾ അവരുടെ സാമൂഹ്യ ഇടപെടലുകൾ എന്ന് തുടങ്ങീ കാര്യങ്ങൾ സത്യസന്ധമായും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം സിനിമകളിൽ കൂടുതലുമാണ്. ഒരു സാധാരണ ജീവിതത്തെ എത്ര മാത്രം സിനിമാറ്റിക് ആയി അവതരിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം സിനിമാറ്റിക് ആയി തന്നെ അവതരിപ്പിച്ചാലേ ആ സിനിമക്ക് ജീവനുണ്ടാകൂ എന്നാൽ മാത്രമേ ആ സിനിമക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ സാധിക്കൂ എന്നൊക്കെയുള്ള സിനിമാ ചിന്തകൾ കാത്തു സൂക്ഷിക്കുന്നവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് മൊയ്തീൻ - കാഞ്ചനമാല ജീവിതം. എന്തെന്നാൽ അവരുടെ ജീവിതമേ സിനിമാറ്റിക് ആണ്. അത്രമാത്രം സിനിമാറ്റിക് ആയ ഒരു ജീവിതത്തെ സിനിമയാക്കുമ്പോൾ സംവിധായകന് സിനിമയോടോ അവരുടെ ജീവിതത്തോടോ പൂർണ്ണമായും നീതി കാണിക്കാൻ സാധിക്കാതെ പോയേക്കാം. ഇവിടെ R.S വിമലിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയും പരാജയവും അത് തന്നെയായിരുന്നു. ഇതേ കാലത്തിറങ്ങിയ സച്ചിയുടെ 'അനാർക്കലി' യിൽ ശന്തനു- നാദിറ പ്രണയവും കാത്തിരിപ്പുമെല്ലാം മനോഹരമായി ചിത്രീകരിച്ചു കാണാം. പ്രണയ സിനിമകളിലെ സ്ഥിരം വില്ലനായി അച്ഛൻ വേഷം അനാർക്കലിയിലും കാണാമെങ്കിലും നാദിറയും ശന്തനുവും ആ എതിർപ്പുകളെയും തടസ്സങ്ങളെയും നേരിടുന്ന രീതി വ്യത്യസ്തമായിരുന്നു. ഒളിച്ചോട്ടമെന്ന ആശയം പിൻപറ്റാതെ തന്നെ പ്രണയ സാക്ഷാത്ക്കാരത്തിനായി കാത്തിരുപ്പ് തുടരുന്ന ചുരുക്കം സിനിമകളിൽ ഒന്ന് കൂടിയാണ് അനാർക്കലി. 

പ്രണയത്തെ പ്രമേയവത്ക്കരിക്കുന്ന സിനിമകളിൽ അവതരണത്തിലെ പുതുമക്കാണ് കൂടുതൽ പ്രസക്തി കൊടുക്കേണ്ടത് എന്ന് തോന്നുന്നു. റിയലിസ്റ്റിക് ആയുള്ള അവതരണ രീതികൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമക്ക് അത്തരം പുതുമയും പ്രസരിപ്പും നൽകി വരുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 2013 ലിറങ്ങിയ രാജീവ് രവിയുടെ അന്നയും റസൂലിലും പ്രേമത്തെ റിയലിസ്റ്റിക് ആയി കാണിക്കുമ്പോഴും പ്രേക്ഷകനെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ത്യാഗങ്ങളോ കാത്തിരിപ്പോ ഒന്നും ആ സിനിമയിൽ കണ്ടു കിട്ടുകയില്ല. രണ്ടു വ്യക്തികളുടെ മാനസിക വ്യാപാരങ്ങളും ചുറ്റുപാടുകളുടെ രാഷ്ട്രീയവുമൊക്കെ പ്രേമത്തിന്റെ നിഴലിൽ അവതരിപ്പിക്കുക മാത്രമാണ് ആ സിനിമ ചെയ്യുന്നത്. 2015 ലെ സൂപ്പർ ഹിറ്റ് പണം വാരി സിനിമയായ 'പ്രേമം' പേര് കൊണ്ടും പ്രമേയം കൊണ്ടും നായകൻറെ വിവിധ കാലഘട്ടങ്ങളിലെ പ്രണയത്തെ സൂചിപ്പിക്കുമ്പോഴും അടിസ്ഥാനപരമായി അതൊരു പ്രണയ സിനിമ അല്ലായിരുന്നു എന്നോർക്കണം. യുവാക്കളുടെ ജീവിതത്തിലെ മൂന്നു സുപ്രധാന കാലഘട്ടങ്ങളിലെ സൌഹൃദ ബന്ധങ്ങളെയും പ്രണയത്തെയും മറ്റു സംഭവങ്ങളെയുമെല്ലാം ഗൃഹാതുരതയുണർത്തും വിധം രസകരമായി അവതരിപ്പിക്കുന്നു എന്നതിനപ്പുറത്തേക്ക് ഹൃദ്യമായൊരു പ്രണയ സങ്കൽപ്പമൊന്നും സമ്മാനിക്കാൻ ആ സിനിമ ശ്രമിക്കുന്നുമില്ല.

പ്രണയത്തിന്റെയും കാത്തിരുപ്പിന്റെയുമൊക്കെ തീവ്രത ഏറ്റവും നന്നായി അവതരിപ്പിച്ച സിനിമകൾ ഒരു പക്ഷേ ബാലു മഹേന്ദ്രയുടെ 'യാത്ര' യും പ്രിയദർശന്റെ 'കാലാപനി'യും, സിബി മലയിലിന്റെ 'ദേവദൂത' നുമൊക്കെ തന്നെയായിരിക്കും. നിഖിൽ മഹേശ്വർ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നറിയാതെ വർഷങ്ങളോളം അലീന കാത്തിരുന്നതും, ആന്തമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളിലെ ജയിൽ ശിക്ഷ കഴിഞ്ഞ് എന്നെങ്കിലും ഗോവർദ്ധൻ തിരിച്ചുമായിരിക്കും എന്ന പ്രതീക്ഷയിൽ പാർവ്വതി കാത്തിരിക്കുന്നതും, ഉണ്ണിക്കൃഷ്ണന് വേണ്ടി കുന്നിൻ മുകളിൽ ആയിരം വിളക്കുകൾ കൊളുത്തി തുളസി കാത്തിരുന്നതുമൊക്കെ അവർക്കിടയിലുണ്ടായിരുന്ന പ്രണയത്തിന്റെ ആഴവും തീവ്രതയും അത്ര കണ്ടു ബോധ്യപ്പെടുത്തി തരുന്നതായിരുന്നു. ഇനിയും അത് പോലെ വേറിട്ട അവതരണങ്ങളിലൂടെയും പുതുമയുള്ള കഥകളിലൂടെയുമൊക്കെ പ്രണയത്തിന്റെ 'മുന്തിരിവള്ളികൾ' മലയാള സിനിമാ ലോകത്തു എന്നുമെന്നും തളിരിടുകയും പടർന്നു പന്തലിക്കുകയും ചെയ്യട്ടെ എന്ന ആശംസകളോടെ പ്രേക്ഷകർക്ക് കാത്തിരിക്കാം .

(  2017 ഫെബ്രുവരി ലക്കം ഇ മഷി യിൽ പ്രസിദ്ധീകരിച്ചത് )

-pravin-

12 comments:

  1. വിശദവും സുക്ഷ്മവുമായ എഴുത്ത്...
    ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അല്‍പ്പം ആയാസപ്പെട്ടു.
    യൂണിക് ഫോണ്ട് ഏതെങ്കിലും ഉപയോഗിച്ചാല്‍ നന്നാകും.

    ReplyDelete
    Replies
    1. ഈ ഫോണ്ട് ആണ് എല്ലാവർക്കും വായിക്കാൻ എളുപ്പമെന്നാണ് തോന്നിയിട്ടുള്ളത് .. ഫോണ്ട് സപ്പോർട് ചെയ്യാത്തത് സിസ്റ്റത്തിൽ ആണോ മൊബൈലിലാണോ ? അറിയിക്കുമല്ലോ ..തീർച്ചയായും വേണ്ട മാറ്റങ്ങൾ ചെയ്യാൻ ശ്രമിക്കാം .. ഹൃദയം നിറഞ്ഞ നന്ദി ..

      Delete
  2. പഴയ പ്രണയം പുതിയ പ്രണയം

    ReplyDelete
    Replies
    1. അങ്ങിനെ പഴയത് പുതിയത് എന്നതിനേക്കാൾ വിവിധ കാലങ്ങളിൽ അഭ്രപാളിയിൽ വന്നു പോയ പ്രണയങ്ങൾ എന്ന രീതിയിൽ നോക്കി കാണേണ്ടതാണ് ഇതെല്ലാം ..

      Delete
  3. അതിസൂക്ഷ്മമായ ഒരു ഗവേഷണം തന്നെ നടത്തിയല്ലോ....
    ഒപ്പം നിലവാരമുള്ള ശൈലിയിൽ എഴുതുകയും ചെയ്തു.....

    മാതൃകാപരം ഈ ബ്ലോഗെഴുത്ത്.....

    ReplyDelete
    Replies
    1. ഇ മഷിക്ക് വേണ്ടി എഴുതിയതാണ് ... ഇത് ഒരു ചുരുക്കിയെഴുത്ത് മാത്രമാണ് ..ഇതിന്റെ തടുർച്ചയെന്നോണം ഇനിയും ഒരുപാട് പ്രണയങ്ങൾ കുറിച്ച് പറയാൻ ഉണ്ട് മലയാള സിനിമയിൽ ...വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി പ്രദീപേട്ടാ ..

      Delete
  4. ആഴത്തിൽ ഉള്ള പഠനം...

    ReplyDelete
  5. സൂപ്പർ ...
    ഒട്ടുമിക്ക സിനിമകളിലും പ്രണയം വിഷയമാണെങ്കിലും
    ഇതുവരെ മലയാളത്തിൽ ഇറങ്ങിയ സമ്പൂർണ്ണ പ്രണയ ചിത്രങ്ങളെ
    കുറിച്ചുള്ള നന്നായി ഗൃഹപാഠം ചെയ്തുള്ള പഠനം ...

    ReplyDelete