Wednesday, March 15, 2017

എസ്ര - ജൂത പശ്ചാത്തലത്തിൽ ഒതുങ്ങുന്ന വ്യത്യസ്തത

ബഷീറിയൻ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുടെ സംവിധാനത്തിൽ 1964 ൽ റിലീസായ 'ഭാർഗ്ഗവീനിലയ'മായിരുന്നു മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ പ്രേത സിനിമ. മലയാളി പ്രേക്ഷകർക്ക് ഒട്ടും പരിചയമില്ലാത്ത ഒരു കഥാപശ്ചാത്തലത്തിലൂടെ കാഴ്ചയുടെയും കേൾവിയുടെയും പുത്തൻ ആസ്വാദനം തന്നെ സമ്മാനിക്കുകയുണ്ടായി ആ സിനിമ. പ്രേതം എന്നാൽ വെള്ള വസ്ത്രമുടുത്ത്‌ നിലം തൊടാതെ ഒഴുകി നടക്കുന്നവളും, രാത്രിയുടെ മറവിൽ ചിരിച്ചും പാട്ടു പാടിയും പാദസരം കിലുക്കിയും മറ്റുള്ളവരെ പേടിപ്പിക്കുന്നവളാണെന്നുമൊക്കെ തൊട്ടുള്ള ഒട്ടേറെ പുതിയ സങ്കൽപ്പങ്ങളെ മലയാളി മനസ്സിലേക്ക് എല്ലാക്കാലത്തേക്കുമായി വിഭാവനം ചെയ്തു കൊടുത്തതും ഭാർഗ്ഗവീ നിലയം തന്നെ. യക്ഷിയും, ലിസയും, കള്ളിയങ്കാട്ടു നീലിയുമൊക്കെ അഭിരമിച്ചു നടന്ന മലയാള സിനിമാ ലോകത്തേക്ക് ആദ്യമായൊരു ഒരു ആൺ പ്രേതം കടന്നു വരുന്നത് 1980 ലെ 'ശക്തി' യിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ ആൺ പ്രേതത്തെ അവതരിപ്പിക്കാനുള്ള അവസരം കിട്ടിയതാകട്ടെ ജയനും. ആയുഷ്‌ക്കാലത്തിലെ എബി മാത്യുവും, ദേവദൂതനിലെ മഹേശ്വറും, അപരിചിതനിലെ രഘുറാമുമൊക്കെയാണ് മലയാള സിനിമയിലെ പിന്നീടുണ്ടായ ആൺ പ്രേത സാമീപ്യങ്ങൾ. പത്തു പതിമൂന്നു കൊല്ലങ്ങൾക്ക് ശേഷം വീണ്ടും ഒരു ആൺ പ്രേതം മലയാള സിനിമയിലേക്കെത്തുന്ന സിനിമ എന്നതിനേക്കാളുപരി 'ഗ്രാമഫോണി'നുശേഷം ജൂത ജീവിതങ്ങൾ അവതരിപ്പിക്കപ്പെടുന്ന മലയാള സിനിമ എന്ന നിലയിലും ശ്രദ്ധേയമാണ് എസ്ര. 

ജൂതരുമായി ബന്ധപ്പെട്ടു കിടക്കുന്ന മിത്തുകൾ കലാ സാഹിത്യസൃഷ്ടികൾക്കു പശ്ചാത്തലമാകാൻ തുടങ്ങിയത് 1913 തൊട്ടുള്ള കാലങ്ങളിലാണ്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ടത് എസ്.ആൻസ്ക്കിയുടെ 'ഡിബുക്ക്' എന്ന നാടകമാണ്. ജൂത വിശ്വാസ പ്രകാരം, ജീവിച്ചിരിക്കുന്ന മനുഷ്യ ശരീരത്തിലേക്ക് കുടിയേറാൻ തക്കം പാർത്തിരിക്കുന്ന ദുരാത്മാവിനെയാണ് ഡിബുക്ക് എന്ന് പറയുന്നത്. റഷ്യൻ ഭാഷയിൽ എഴുതി തീർത്ത ഈ നാടകം ആൻസ്‌ക്കി യിദ്ദിഷ് ഭാഷയിലേക്ക് മാറ്റിയെഴുതിയ ശേഷം 1920 ലാണ് യിദ്ദീഷ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. തുടർന്ന് ഹീബ്രു ഭാഷയിലും 'ഡിബുക്ക്' അവതരിപ്പിക്കപ്പെട്ടു. ഇതേ നാടകത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് ഡിബുക്ക് 1937 ൽ അതേ പേരിൽ ആദ്യമായി ചലച്ചിത്രവത്ക്കരിക്കപ്പെടുന്നത്. The Dybbuk of the Holy Apple Field (1997), The Unborn (2009), A Serious Man (2009), The Possession (2012), Demon (2015), The Dybbuk - A Tale of Wandering Souls (2015) etc ..അങ്ങിനെ നിരവധി വിദേശ ഭാഷാ സിനിമകളിൽ ഡിബുക്ക് പ്രമേയവത്ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ സിനിമയിൽ ഈ പ്രമേയം ആദ്യമായി അവതരിപ്പിക്കപ്പെടുന്ന സിനിമ എസ്ര തന്നെയായിരിക്കാനേ വഴിയുള്ളൂ. ആ ഒരു പുതുമയെ തന്നെയാണ് സംവിധായകനും കൂട്ടരും സമർത്ഥമായി സിനിമയുടെ മാർക്കറ്റിങ്ങിനു ഉപയോഗിച്ചത്. എന്നാൽ മാർക്കറ്റിങ്ങിന് അപ്പുറമുള്ള എസ്രക്ക് പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. 

മലയാളം ഹൊറർ സിനിമകൾ കാലങ്ങളായി അനുഭവപ്പെടുത്തുന്ന ഒരു പ്രധാന മുഷിവ് എന്താണെന്ന് വച്ചാൽ പൂർണ്ണമായും ഒരു ഹൊറർ ജെനറിലേക്ക് താദാത്മ്യം പ്രാപിക്കാത്ത കഥാ സന്ദർഭങ്ങളിലൂടെയുള്ള അതിന്റെ അവതരണമാണ്. ഉദാഹരണത്തിന്, പറയേണ്ടത് പ്രേത/ഭൂത/പിശാച് കഥയെങ്കിലും സിനിമയിൽ കോമഡിക്കായി ഒരു ട്രാക്ക് കൂടി ഉണ്ടാകണം എന്ന നിർബന്ധിത്വം പല സംവിധായകർക്കും ഉണ്ടാകാറുണ്ട്. ഭയവും ഹാസ്യവും അപ്രകാരം ഒരു കോമ്പോ പാക്ക് ആയിട്ടാണ് പലപ്പോഴും മലയാള ഹൊറർ സിനിമകളിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ എസ്ര ആ തലത്തിൽ സിനിമയുടെ ജെനറിനോട് നീതി പുലർത്തിയിട്ടുണ്ട് എന്ന് പറയാം. അതേ സമയം ഭീതിയുടെ ഗൗരവം ചോരാതെ കഥ പറച്ചിൽ തുടരുമ്പോഴും കഥാപാത്രങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന ഭയമോ ആകാംക്ഷയോ പ്രേക്ഷകനെ അനുഭവപ്പെടുത്താൻ സാധിക്കാതെ പോകുന്നു എസ്രക്ക്. മുംബൈയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കുള്ള രഞ്ജന്റെയും പ്രിയയുടേയും വീട് മാറ്റം തൊട്ടുള്ള ഓരോ കാര്യങ്ങളും കൃത്യതയോടെ കൂട്ടി ചേർത്ത് അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. പ്രേതം മോചിപ്പിക്കപ്പെടേണ്ടത് മരത്തിൽ തറച്ച ആണി വലിച്ചൂരുക വഴിയോ, അടച്ച കുടമോ ബോക്സോ തുറക്കുക വഴിയോ ആകണം എന്ന ക്ളീഷേ പൊളിച്ചടുക്കാനൊന്നും എസ്രയും മെനക്കെടുന്നില്ല എന്ന് മാത്രമല്ല മുൻകാലങ്ങളിൽ അവതരിപ്പിച്ചു കണ്ടിട്ടുള്ള പ്രേതങ്ങളുടെ ശല്യ സ്വഭാവമൊക്കെ ഇവിടെയും അതേ പടി ആവർത്തിക്കുന്നു. ഇര കൊല്ലപ്പെടുന്നതിന് കുറഞ്ഞത് ഒരു കാരണമെങ്കിലും പ്രേതത്തിനു പറയാൻ ഉണ്ടായിരിക്കണം എന്നത് ഒരു മിനിമം മര്യാദയാണ്. ഡിബുക്ക് ബോക്സ് ആരെങ്കിലും തുറക്കാൻ ശ്രമിച്ചാൽ തന്നെ അത് പ്രേതത്തിനു സഹായം മാത്രമേ ആകൂ എന്നിരിക്കെ ആക്രിക്കടയിലെ സെബാട്ടി അത് തുറക്കാൻ ശ്രമിക്കുന്നതിനും മുൻപേ അയാളെ അട്ടം മുട്ടം പെരുമാറി ഭീകരമായി കൊലപ്പെടുത്തുകയാണ് പ്രേതം. എന്തിന് കൊന്നു എന്ന ചോദ്യം ഒഴിവാക്കിയാലും എങ്ങിനെ ആ പ്രേതത്തിനു പുറത്തു കടക്കാൻ പറ്റി എന്നത് ചോദ്യമായി തുടരുന്നു. കാരണം ആ പ്രേതം മോചിപ്പിക്കപ്പെടുന്നത് രഞ്ജന്റെ ഭാര്യ പ്രിയയുടെ കയ്യിൽ ബോക്സ് എത്തിപ്പെട്ട ശേഷമാണ്. പ്രേത സിനിമകളിലെ ലോജിക്ക് ചോദ്യം ചെയ്യപ്പെടണം എന്ന വാദമില്ല. പക്ഷേ അവിശ്വസനീയമായ ഒരു കഥ പറയുമ്പോഴും അതിൽ വിശ്വാസയോഗ്യമാം വിധമുള്ള ഒരു അവതരണരീതി ഉണ്ടാകേണ്ടതുണ്ട്. അല്ലാത്ത പക്ഷമുള്ള പൊരുത്തക്കേടുകൾ ആസ്വാദനത്തിലെ കല്ലുകടികൾ ആകുക തന്നെ ചെയ്യും. 

ഹോളിവുഡ് സിനിമകൾ കണ്ടു പഴകിയവരെ സംബന്ധിച്ച് ഈ സിനിമയുടെ ഹൊറർ അവതരണ രീതിയിൽ വലിയ ആസ്വാദനം കണ്ടു കിട്ടണമെന്നില്ല എങ്കിലും തട്ടിൻപുറത്തെ ഇരുട്ട് കാഴ്ചകളിലൂടെയുള്ള ക്യാമറാ സഞ്ചാരം മലയാള ഹൊറർ സിനിമാ ആസ്വാദനത്തിലെ ഒരു പുതുമയാണ്. രാം ഗോപാൽ വർമ്മ സിനിമകളിലൂടെ കണ്ടു പരിചയിച്ച വേലക്കാരിയുടെ ദുരൂഹ മുഖ സാന്നിധ്യവും, മലയാളമടക്കം പല ഭാഷാ ഹൊറർ സിനിമകളിലെ സ്ഥിരം പള്ളീലച്ചൻ കഥാപാത്രവുമൊക്കെ എസ്രയിലും പുനരവതരിപ്പിച്ചപ്പോഴും കൂട്ടത്തിൽ പ്രതീക്ഷയുണ്ടാക്കിയ കഥാപാത്ര സൃഷ്ടിയായിരുന്നു ടോവിനോ അവതരിപ്പിച്ച എ.സി.പി ഷഫീർ മുഹമ്മദിന്റേത്. പക്ഷേ അന്വേഷണാത്മകമായി എന്തെങ്കിലും കണ്ടെത്താനുള്ള നിയോഗങ്ങൾ പോലും തിരക്കഥയിൽ ആ കഥാപാത്രത്തിന് നൽകാൻ എഴുത്തുകാരൻ മെനക്കെട്ടിട്ടില്ല എന്ന് പറയാം. അക്കാരണത്താൽ നായകന്റെയും പള്ളീലച്ചന്റെയുമൊക്കെ വാക്യ വിവരണങ്ങളാൽ തന്നെ പ്രേത ബാധയെയും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയെയും ചരിത്രത്തെയുമൊക്കെ വിശ്വസിക്കേണ്ടി വരുന്ന ഒരു ദുർബ്ബല കഥാപാത്രമായി ഒതുങ്ങുന്നു ഷഫീർ മുഹമ്മദ്. എബ്രഹാം എസ്ര ആരായിരുന്നു എന്ന ചോദ്യത്തിനൊപ്പം ചരിത്രത്തിലേക്ക് കൂടി ഒരു അന്വേഷണം ആവശ്യമായി വരുന്ന കഥാസാഹചര്യങ്ങളുണ്ട് എസ്രയിൽ. പക്ഷേ ഈ അന്വേഷണാത്മകതയെ ഒന്നുമല്ലാതാക്കി കൊണ്ട് ഒറ്റയടിക്ക് ജൂത പുരോഹിതന് പറയാനായി മാത്രം മാറ്റി വച്ച ഡയലോഗുകൾ എന്ന കണക്കെയാണ് ഉത്തരങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. അതേ സമയം ഈ പോരായ്മകളെയൊക്കെ മറികടക്കുന്നതാണ് സുജിത് വാസുദേവിന്റെ ഛായാഗ്രഹണ മികവ് എന്ന് പറയാതെ വയ്യ. കണ്ടും കേട്ടും അറിവില്ലാത്ത കേരളത്തിലെ ജൂത ജീവിത പരിസരങ്ങളെ അത്രക്കും മനോഹരമായി തന്നെ അവതരിപ്പിച്ചു കാണാം സിനിമയിൽ. 

ആകെ മൊത്തം ടോട്ടൽ = കണ്ടു പരിചയമില്ലാത്ത ഒരു കാലത്തെ ഫോർട്ട് കൊച്ചിയിലെ ജൂതജീവിതങ്ങളെയും അവരുടെ താന്ത്രിക വിദ്യകളും ആചാര ആഭിചാര രീതികളെയുമൊക്കെ കേന്ദ്ര പ്രമേയത്തിലേക്ക് സമന്വയിപ്പിക്കാൻ സാധിക്കാതെ പോയ തിരക്കഥയാണ് എസ്രയുടെ പ്രധാന പോരായ്മ. ബാധയൊഴിപ്പിക്കൽ സീനുകളിൽ പോലും ജൂതന്റെ പ്രേതത്തിന് പ്രത്യേക പരിഗണനകളോ പുതുമകളോ കൊടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. അത് കൊണ്ടൊക്കെ തന്നെ ജൂതമിത്തുകളുടെ പശ്ചാത്തലമെന്ന പുതുമയിൽ മാത്രം ഒതുങ്ങുന്നു എസ്ര. വലിയ പ്രകടന സാധ്യതകളുള്ള ഒരു സിനിമയൊന്നുമല്ല എസ്രയെങ്കിലും കഥാപാത്രത്തോട് നീതി പുലർത്തുന്ന അഭിനയം കാഴ്ച വക്കുന്നതിൽ പൃഥ്വിരാജ് വിജയിച്ചിട്ടുണ്ട്. പ്രിയാ ആനന്ദും തരക്കേടില്ലായിരുന്നു. എന്നാൽ വേഷം കൊണ്ട് മാത്രം കിടിലൻ എന്ന് തോന്നിപ്പിച്ചു കൊണ്ട് സിനിമയിൽ കാര്യമായ ഉപയോഗങ്ങളില്ലാതെ പോയ ടൊവിനോയുടെ പോലീസ് വേഷം നിരാശപ്പെടുത്തി. അത് പോലെ തന്നെ സണ്ണി വെയ്‌നിന്റെ ശബ്ദ ഗാംഭീര്യത്തിൽ മാത്രം എടുപ്പ് തോന്നിച്ച ജൂത പുരോഹിത വേഷം സുജിത് ശങ്കറിനെ സംബന്ധിച്ച് ഒരു ഓവർ ലോഡ് ആയിരുന്നു. ഹൊറർ ത്രില്ലർ സിനിമകൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുക എന്നത് ഏതൊരു സംവിധായകന്റയും കരിയറിലെ വെല്ലുവിളിയാണ്. ഇവിടെ നവാഗതനായ ജെയ് കെയുടെ കരിയർ തന്നെ തുടങ്ങുന്നത് അത്തരമൊരു സിനിമയിലൂടെയാണ് എന്നതോർക്കണം. ആ ധൈര്യത്തിന് അഭിനന്ദനങ്ങൾ കൊടുക്കേണ്ടതുമുണ്ട്. പക്ഷേ ഖേദകരമെന്ന് പറയട്ടെ, സിനിമയുടെ സാമ്പത്തിക വിജയം ഉറപ്പാക്കാനുള്ള മാർക്കറ്റിങ്ങിൽ സിനിമ വിജയിക്കുമ്പോഴും ആസ്വാദനം അതിനു വിപരീതമാണ്. മാർക്കറ്റിങ്ങിനോളം മികവ് പുലർത്തുന്ന ഒരു സിനിമയല്ല എസ്രയെങ്കിലും മുൻ മലയാളം ഹൊറർ സിനിമകളുടെ ഫോർമാറ്റിൽ നിന്നും മാറി അവതരിപ്പിക്കപ്പെട്ട സിനിമ എന്ന നിലയിൽ എസ്ര ഒരു പുതു കാഴ്ചയാണ്. 

*വിധി മാർക്ക് = 6/10 

-pravin- 

2 comments:

  1. മലായാളത്തിലെ പ്രേത സിനിമകളിൽ
    കൂടിയെല്ലാം കണ്ണോടിച്ച് എസ്ര കാഴ്ച്ചയിൽ
    എത്തിനിൽക്കുന്ന വിശകലനം ...
    പ്രേതത്തിന്റെ പുതുക്കാഴ്ച്ചകളുമായി ഇറങ്ങിയ
    എസ്ര ഏയ് കണ്ടത് യു.എ .ഇ യിലെ അജ്മാനിൽ വെച്ചാണ്

    ReplyDelete
    Replies
    1. ആഹാ ..അത് കലക്കി ..UAE വിസിറ്റിനൊപ്പം ഒരു പ്രേത സിനിമ കാണൽ ..

      Delete