Wednesday, July 19, 2017

ചിരിയുടെയും കൂട്ടുകെട്ടിന്റെയും ശരാശരി 'റോൾ മോഡൽസ്'

ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങളെയൊക്കെ കണ്ടില്ലെന്നു നടിച്ചും ഒന്നിനോടും പ്രതികരിക്കാതെയും ഇടപെടാതെയും അവനവന്റെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവനെ സമൂഹം മിടുക്കൻ എന്ന് വിളിക്കുന്നു. പ്രശ്നങ്ങളിൽ ഇടപെടുകയും പ്രതികരിക്കുന്നതിന്റെ ഭാഗമായി പലരോടും കലഹിക്കേണ്ടിയും തല്ലുണ്ടാക്കേണ്ടിയും വരുന്നവരൊക്കെ തെമ്മാടികളായും മുദ്ര കുത്തപ്പെടുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ഈ ഒരു ട്രെൻഡ് വളരെ ഗൗരവത്തോടെ ചർച്ച ചെയ്യാൻ പാകപ്പെട്ട ഒരു വിഷയമാണെങ്കിലും അതിനെ കോമഡി പരിവേഷത്തോടെ അവതരിപ്പിക്കുകയാണ് റാഫി. ഫഹദ്, വിനായകൻ, ഷറഫുദ്ധീൻ, വിനയ് ഫോർട്ട് തുടങ്ങിയവരെ അതിനു വേണ്ടി എങ്ങിനെ ഉപയോഗിക്കണം എന്ന വ്യക്തമായ ധാരണയും പുള്ളിക്കുണ്ടായിരുന്നു. സിനിമയുടെ കഥയോ തിരക്കഥയോ അല്ല ഇപ്പറഞ്ഞ നടന്മാരുടെ ഹാസ്യ ഭാവങ്ങളും സംഭാഷണങ്ങളും മതി തന്റെ സിനിമക്ക് എന്ന നിർബന്ധ ബുദ്ധി സിനിമയിലുടനീളം കാണാം . അത് കൊണ്ട് തന്നെ ഈ സിനിമയിലെ കഥയെന്ത് എന്ന ചോദ്യത്തിന് യാതൊരു വിധ പ്രസക്തിയുമില്ല. സൗഹൃദങ്ങളുടെ കഥ പറഞ്ഞ മുൻകാല മലയാള സിനിമകളെ ആഖ്യാനത്തിലും അവതരണത്തിലുമൊക്കെ പിൻ പറ്റുന്നുണ്ട് റോൾ മോഡൽസ്. ഒരിക്കൽ കൂട്ടുകാരായി ജീവിച്ചവർ ഒരു പ്രത്യേക സാഹചര്യത്തിൽ പിരിയുകയും പിന്നീട് കാലങ്ങൾക്ക് ശേഷം മറ്റൊരു ലക്ഷ്യത്തിനായി ഒരുമിക്കുകയും ചെയ്യുന്ന സിദ്ധീഖിന്റെ 'ഫ്രണ്ട്സ്', വൈശാഖന്റെ 'സീനിയേഴ്സ്' തുടങ്ങിയ സിനിമകളുടെ കഥാ വഴിയാണ് റാഫി പ്രധാനമായും തന്റെ സിനിമക്ക് വേണ്ടി കടമെടുത്തിരിക്കുന്നത്. 

ഈ ലോകത്തിലെ ഏറ്റവും വലിയ മിസ്റ്ററി എന്താണെന്നറിയാമോ...അത് നമ്മുടെയൊക്കെജീവിതമാണ്..തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ ഓരോ പകലും രാത്രിയും നമ്മൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു എന്നൊക്കെ നായകനെ കൊണ്ട് പറയിപ്പിച്ചു കൊണ്ടുള്ള വളരെ സീരിയസായ ഒരു തുടക്കവും ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തിന്റെ കഥാ പിന്തുണയും സിനിമക്കുണ്ടായിരുന്നു. അവനവനിലേക്ക് ഒതുങ്ങി ജീവിക്കാനും ഏറ്റവും നല്ല പ്രൊഫഷണൽ ആകാനും മക്കളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സംസ്ക്കാരത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട് റോൾ മോഡൽസ്. കൂട്ട് കെട്ടുകൾ ആണ് ഒരാളെ നല്ലവനും ചീത്തവനും ആക്കുന്നത് എന്ന ഉപദേശക വാചകത്തെക്കാൾ കൂട്ട് കെട്ട് ഉണ്ടായാലേ വ്യക്തിത്വം സൃഷ്ടിക്കപ്പെടുകയുള്ളൂ എന്ന ആശയത്തോടാണ് സിനിമ സമരസപ്പെടുന്നത്. അത് കൊണ്ട് തന്നെ കൂട്ടുകെട്ടിലെ ശരി തെറ്റുകളെ കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധത്തെ ഗൗനിക്കേണ്ട ബാധ്യതയും സിനിമക്കില്ല. അപ്രകാരം ഗൗരവമുള്ള ഒരു വിഷയത്തെ ചൂണ്ടി കാണിക്കുന്ന ഒരു കഥാപാത്ര പശ്ചാത്തലം നായകന് ഉണ്ടാക്കി കാണിക്കുമ്പോഴും കാമ്പുള്ള കഥയിലേക്കോ അവതരണത്തിലേക്കോ സിനിമ പോകുന്നില്ല. പകരം മെക്കാർട്ടിനുമൊത്ത് സഹകരിച്ചിരുന്ന കാലത്ത് പല തവണ വിജയിച്ചു പരിചയമുള്ള ട്രീറ്റ്മെന്റിലൂടെ സിനിമയെ കോമഡി എന്റെർറ്റൈനെർ എന്ന സേഫ് സോണിൽ ഒതുക്കുകയാണ് റാഫി. തിരക്കഥയിലെ ഒന്നുമില്ലായ്മകൾക്കിടയിലും ഫഹദിനെയും വിനായകനെയും പോലുള്ള നടന്മാരെ മുൻ നിർത്തി കൊണ്ടുള്ള ഹാസ്യാവതരണ സാധ്യതകളെ ഉപയോഗപ്പെടുത്താൻ റാഫിക്ക് സാധിച്ചു എന്നുള്ളിടത്താണ് റോൾ മോഡൽസ് തരക്കേടില്ലാത്ത ഒരു എന്റർടൈനർ മൂവി പോലും ആകുന്നത്.

ഫഹദിനെ പോലുള്ള ഒരു നടന് ഈ സിനിമ തെരഞ്ഞെടുക്കേണ്ട കാര്യമുണ്ടോ എന്ന് വേണമെങ്കിൽ ചുമ്മാ ചോദിക്കാം. പക്ഷേ സിനിമ എങ്ങിനോ എന്തോ ആയിക്കോട്ടെ താൻ തിരഞ്ഞെടുത്ത കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുക എന്നതിനപ്പുറത്തേക്ക് ആ നടൻ മറ്റൊന്നും ഗൗനിക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സിനിമയിലെ ചില സീനുകൾ. അതിന് ഒരുപാട് ദൈർഘ്യമുള്ള സീനോ ഡയലോഗോ ഒന്നും വേണ്ടി വരുന്നില്ല പുള്ളിക്ക്. ഒരൊറ്റ നോട്ടം കൊണ്ടോ ഒരു മൂളൽ കൊണ്ടോ പോലും കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാനുള്ള ഫഹദിന്റെ കഴിവ് ഈ സിനിമയിലും മറച്ചു വക്കപ്പെടുന്നില്ല എന്ന് സാരം. അനിൽ രാധാകൃഷ്ണന്റെ '24 നോർത്ത് കാതത്തി'ൽ ഫഹദിന്റെ തന്നെ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെ ഓർത്തു പോകും വിധമാണ് ഗൗതം എന്ന ഫഹദ് കഥാപാത്രത്തെ സിനിമ പരിചയപ്പെടുത്തുന്നത്. ഹരികൃഷ്ണൻ സ്വഭാവപരമായി പണ്ടേക്ക് പണ്ടേ ഒരു ടൈം ടേബിൾ ജീവി ആയിരുന്നുവെങ്കിൽ ഇവിടെ ഗൗതമിന്റെ കാര്യത്തിൽ അങ്ങിനല്ല കാര്യം. അയാൾക്ക് നിലവിലെ ടൈം ടേബിൾ ജീവിതത്തിനു തീർത്തും വിപരീതമായ ഒരു ജീവിത കാലം ഒരിക്കൽ ഉണ്ടായിരുന്നു. നിലവിലെ സ്ഥിതിയിൽ ഗൗതം എത്താനുള്ള കാരണം എന്താണെന്ന് വിശദീകരിക്കുകയും  അയാളെ തങ്ങളുടെ പഴയ ഗൗതമായി തിരിച്ചു കൊണ്ട് വരാൻ  കൂട്ടുകാർ നടത്തുന്ന  ശ്രമങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന ഭാഗം. കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ യാതൊരു ബാധ്യതയുമില്ലാതെ അഭിനയിക്കുന്ന വിനായകൻ ഈ സിനിമയിലെ മറ്റൊരു ആശ്വാസമാണ്. അങ്ങിനെ പറഞ്ഞു വരുമ്പോൾ ഒരു ദുരന്തമാകേണ്ടിയിരുന്ന സിനിമയെ ഫഹദും വിനായകനുമൊക്കെ കൂടെയാണ് ഒരു തരത്തിൽ രക്ഷിച്ചെടുത്തത് എന്ന് തന്നെ പറയേണ്ടി വരുന്നു.അതിനപ്പുറം കാര്യമായൊന്നും പറയാനോ പങ്കു വെക്കാനോ ഇല്ല റോൾ മോഡൽസിന്‌ . 

ആകെ മൊത്തം ടോട്ടൽ = മെക്കാർട്ടിനൊപ്പമുണ്ടായിരുന്ന റാഫിയുടെ  പ്രതാപ കാലത്തെ കോമഡി എന്റർറ്റൈനെർ സിനിമകളുമായി തട്ടിച്ചു നോക്കാൻ പോലും പറ്റുന്ന സിനിമയല്ല റോൾ മോഡൽസ്. സംസ്ഥാന അവാർഡ് ജേതാക്കളായ ഫഹദും വിനായകനുമൊക്കെ ഒരു എന്റർടൈനർ സിനിമയുടെ ഭാഗമായി കാണുമ്പോൾ കിട്ടുന്ന ഒരു പ്രസരിപ്പ് മാത്രമാണ് ഏക ആശ്വാസം. ഒരു കാലത്തെ ലാലു അലക്സിന്റെ കുത്തകയായിരുന്ന അച്ഛൻ വേഷങ്ങളെയൊക്കെ ഈ കുറഞ്ഞ കാലം കൊണ്ട് ഓടി നടന്നു അവതരിപ്പിക്കുന്നതിൽ രഞ്ജി പണിക്കരും ലുക്ക് കൊണ്ട് മാത്രം നായികാ സ്ഥാനത്ത് കൊണ്ടിരുത്താൻ പറ്റിയ ഒരു നടി എന്ന നിലക്ക് നമിതയും ശോഭിച്ചിട്ടുണ്ട് സിനിമയിൽ. ഏറ്റവും അസഹനീയമായ ഒന്നായിരുന്നു സിനിമയിലെ തേപ്പ് പെട്ടി പാട്ടും അതിന്റെ വരികളും. കോമഡിയുടെ പുത്തൻ അവതരണ സാധ്യതകളൊന്നും തേടാതെ ഒരു എന്റർടൈനർ എന്ന നിലക്ക് റോൾ മോഡൽസിനെ തന്നാൽ കഴിയും വിധം സേഫാക്കാൻ ശ്രമിക്കുമ്പോഴും അതിനൊത്ത ഒരു ക്ലൈമാക്സ് തുന്നിക്കൂട്ടുന്നതിൽ റാഫി പരാജയപ്പെടുന്നുണ്ട്. പഞ്ചാബി ഹൌസിലെ രമണന് ഒരു റീ എൻട്രി ഒരുക്കി കൊടുക്കാൻ ശ്രമിച്ചു എന്നതിനപ്പുറം ആ കഥാപാത്രത്തിന്റെ പുനരവതരണത്തിലും ഒരു മികവ് എടുത്തു പറയാനില്ല. പിന്നെ ഫഹദിനും വിനായകനും വേണ്ടി ഒന്ന് കണ്ടു നോക്കാം. അത്ര മാത്രം. 

*വിധി മാർക്ക് = 5/10 

-pravin-

Wednesday, July 5, 2017

പേരിലൊതുങ്ങിയ 'ലക്ഷ്യം'

പീരുമേടിൽ നിന്ന് എറണാംകുളത്തേക്ക് രണ്ടു പ്രതികളുമായി പോയ്‌ക്കൊണ്ടിരുന്ന പോലീസ് ജീപ്പ് പൊടുന്നനെ ആക്സിഡന്റ് ആകുകയും റോഡിൽ നിന്ന് തെറിച്ച് സാമാന്യം ആഴമുള്ള കാട്ടിലേക്ക് മറഞ്ഞു വീഴുകയും ചെയ്യുന്നിടത്താണ് സിനിമയുടെ ടൈറ്റിലുകൾ തെളിയുന്നത്. ഒരേ സമയം ദുരൂഹതയും ആകാംക്ഷയും അനുഭവപ്പെടുത്തി കൊണ്ടുള്ള ഒരു തുടക്കം എന്ന് തന്നെ പറയാം. അപകടത്തിൽ പെട്ട പ്രതികൾക്ക് ബോധം വരുകയും പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സിനിമ അതിന്റെ ജെനർ വ്യക്തമാക്കുന്നത്. തീർത്തും അപരിചിതരായ രണ്ടു വ്യക്തികൾ. രണ്ടു പേരും രണ്ടു കുറ്റങ്ങളുടെ പേരിൽ ഒരേ വിലങ്ങിൽ പരസ്പ്പരം ബന്ധിക്കപ്പെട്ടവർ. പക്ഷെ കൂട്ടത്തിൽ പോലീസിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നതാകട്ടെ ഒരേ ഒരാളും. എന്നാൽ ഒരാളെ ഒഴിവാക്കി കൊണ്ട് മറ്റൊരാൾക്ക് സ്വന്തം തീരുമാനം നടപ്പിലാക്കാനും പറ്റാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് തന്നെ സഹായിച്ചാൽ അതിനു പ്രതിഫലമായി ഒരു തുക തരാമെന്ന് വിമൽ (ഇന്ദ്രജിത്ത്) മുസ്തഫയോട് (ബിജു മേനോൻ) പറയുന്നത്. മുസ്തഫ വിമലിനെ സഹായിക്കാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ദിക്കറിയാത്ത കാട്ടിൽ തങ്ങളെ പിന്തുടർന്ന് വരുന്ന പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സിനിമ ത്രില്ലിംഗ് ട്രാക്കിലേക്ക് കയറുന്നത്. 

നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന സിനിമ എന്നതിനേക്കാൾ ജിത്തു ജോസഫിന്റെ സ്ക്രിപ്റ്റിൽ വരുന്ന സിനിമ എന്ന നിലക്കായിരുന്നു 'ലക്ഷ്യം' പ്രതീക്ഷയുണർത്തിയത്. ആ പ്രതീക്ഷക്ക് നല്ല പിന്തുണ നൽകുന്നതായിരുന്നു സിനിമയുടെ ട്രെയ്‌ലറും. രണ്ടു കഥാപാത്രങ്ങളും കാടും നിറഞ്ഞു നിൽക്കുന്ന ഒരു തിരക്കഥയിൽ മുഴുനീള ത്രില്ലർ സിനിമക്കുള്ള എലമെൻറ്സ് കുറവാണ് എന്ന ബോധ്യം കൊണ്ട് തന്നെയായിരിക്കാം മുസ്തഫ-വിമൽ കഥാപാത്ര സംഭാഷണങ്ങളിൽ കോമഡിക്കുള്ള സ്‌പേസ് കൂടി ഉണ്ടാക്കി കൊടുത്തു കൊണ്ടുള്ള ഒരു കഥാവതരണമാണ് ആദ്യ പകുതിയിൽ. നായകൻറെ കഥാപശ്ചാത്തലവും ലക്ഷ്യവും വിവരിച്ചവസാനിപ്പിച്ച ശേഷം സിനിമ മുസ്തഫയിലേക്ക് തിരിയുന്നുണ്ടെങ്കിലും മുസ്തഫയുടെ കഥക്ക് കാര്യ കാരണങ്ങളോ വിശദീകരണങ്ങളോ ഒന്നും പറയാനില്ലാതെ വിധിയെ പഴിച്ചു കൊണ്ട് അവസാനിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. ഒരുപാട് ട്വിസ്റ്റുകൾക്ക് സാധ്യതയുണ്ടായിട്ടും അതൊന്നും പ്രയോഗിക്കാതെ അത് വരെ നിലനിർത്തിയ സസ്പെന്സിനെയും ത്രില്ലിനെയുമൊക്കെ തണുപ്പിക്കുന്ന അവതരണമാണ് രണ്ടാം പകുതിയിൽ. അത് കൊണ്ട് തന്നെ പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരു സിനിമയായി ഒതുങ്ങി പോകുന്നു പിന്നീടങ്ങോട്ടുള്ള സിനിമ. 

സാഹചര്യ തെളിവുകൾ കൊണ്ട് കൊലപാതകിയായി മുദ്ര കുത്തപ്പെട്ട നിരപരാധിയാണ് വിമലെങ്കിൽ ഇന്നേ വരെ ചെയ്ത മോഷണങ്ങൾക്കൊന്നും പിടിക്കപ്പെടാതിരിക്കുകയും പകരം താൻ ചെയ്യാത്ത ഏതോ ഒരു മോഷണക്കേസിൽ കുറ്റക്കാരനാകേണ്ടിയും വന്നവനാണ് മുസ്തഫ. എന്നിരുന്നാലും പോലീസിന്റെ മുന്നിൽ അവർ മോഷ്ടാവും കൊലയാളിയുമാണ്. ഇങ്ങിനെയുള്ള രണ്ടു പേർ പോലീസിൽ നിന്ന് രക്ഷപ്പെടുകയും ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി സഹയാത്രികരാകുകയും ചെയ്‌താൽ എന്ത് സംഭവിക്കും എന്ന ചിന്തയിൽ നിന്നു തന്നെയായിരിക്കാം സിനിമയുടെ കഥ ജനിച്ചിട്ടുണ്ടാകുക. Together to survive എന്നായിരുന്നു സിനിമയുടെ ടാഗ് ലൈൻ. അങ്ങിനെ ചേർത്ത് വച്ച് നോക്കുമ്പോൾ ഒരു നല്ല ത്രില്ലർ സിനിമക്ക് വേണ്ട പല ഘടകങ്ങളും അങ്ങിങ്ങായി ചിതറി കിടക്കുന്ന സാമാന്യം ഭേദപ്പെട്ട ഒരു സ്ക്രിപ്റ്റ് ഉണ്ട് സിനിമക്ക്. പക്ഷേ അതിന്റെ ദൃശ്യവത്ക്കരണത്തിൽ കൂട്ടി ചേർക്കേണ്ടതായ പലതും മിസ്സിംഗ് ആയിപ്പോയെന്നു മാത്രം. ഉദാഹരണത്തിന് കൊലയാളി ആര് എന്ന ചോദ്യവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന സിനിമയിൽ ഒന്നുകിൽ ശക്തനായ ഒരു വില്ലനെ അവതരിപ്പിക്കണം, അല്ലെങ്കിൽ കൊലയാളി ആരെന്നുള്ള സസ്പെൻസിന് പ്രാധാന്യം കൊടുക്കണം, അതുമല്ലെങ്കിൽ കൊലയാളി ആരെന്നു കാണികൾക്ക് മാത്രം ബോധ്യപ്പെടുത്തി കൊടുക്കുകയും അതോടൊപ്പം നായക കഥാപാത്രത്തിന്റെ അന്വേഷണാത്മകത പ്രേക്ഷകന് അതേ പടി അനുഭവപ്പെടുത്തണം. ഇവിടെ ഇപ്പറഞ്ഞതൊന്നും സംഭവിക്കുന്നില്ല എന്ന് മാത്രമല്ല ഒരു സാധാരണ പ്രേക്ഷകൻ പ്രതീക്ഷിച്ചു പോകുന്ന മിനിമം ട്വിസ്റ്റുകൾക്ക് പോലും സാധ്യത കൊടുക്കാതെ കൊലയാളിയെയും കൊലപാതക കാരണത്തെയും വിധിയുടെ വികൃതികളെന്ന മട്ടിൽ പറഞ്ഞവസാനിപ്പിക്കുകയാണ് സിനിമ. ലക്ഷ്യം എന്ന സിനിമയുടെ പേര് പോലും അപ്രസക്തമാകുന്ന ക്ലൈമാക്സ് കൂടിയാകുമ്പോൾ സിനിമ നിരാശയാകുന്നു. 

ആകെ മൊത്തം ടോട്ടൽ = ഒരു ത്രില്ലർ സിനിമയുടെ ചുറ്റുവട്ടം ഉണ്ടാക്കിയെടുക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ടെങ്കിലും ത്രില്ലിംഗ് ആയ ഒരു സിനിമാനുഭവം തരുന്നതിൽ സിനിമ പരാജയപ്പെടുന്നു. പ്രത്യേകിച്ച് രണ്ടാം പകുതി തൊട്ടുള്ള കഥാഗതിയും ക്ലൈമാക്‌സും. ബിജുമേനോൻ - ഇന്ദ്രജിത് ടീമിന്റെ ആദ്യ പകുതിയിലെ കോമഡി സീനുകൾ മാത്രമാണ് ഒരാശ്വാസമായി ഓർക്കാനുള്ളത്. കാടിന്റെ മനോഹാരിത ഏറെക്കുറെ നന്നായി പകർത്താൻ സിനു സിദ്ധാർത്ഥിന്റെ ഛായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. വിജയ് യേശുദാസ് പാടിയ 'കാറ്റ് വന്നുവോ .." എന്ന് തുടങ്ങുന്ന പാട്ടും മനോഹരമായിരുന്നു. 

*വിധി മാർക്ക് = 5.5 /10 

-pravin-