Friday, December 21, 2018

ഒടിയൻ - ആസ്വാദനത്തെ ബാധിച്ച പ്രതീക്ഷകൾ

എഴുത്തുകാരന്റെയും സംവിധായകന്റെയുമൊക്കെ സൃഷ്ടി എന്നതിനേക്കാളുമുപരി ആസ്വാദനപരമായി പ്രേക്ഷകന്റെ മാത്രമാണ് സിനിമ. അത് കൊണ്ട് തന്നെ സംവിധായകനോ എഴുത്തുകാരനോ സംസാരിക്കാനുള്ളതിനേക്കാൾ അവരുടെ സിനിമയെ കുറിച്ച് കൂടുതൽ പറയാനുണ്ടാവുക പ്രേക്ഷകന് തന്നെ. കാർത്തിക് സുബ്ബരാജിന്റെ 'ഇരൈവി' സിനിമയിൽ സ്വന്തം സിനിമയെ കുറിച്ച് വാചാലനാകുകയും സ്വയമേ പ്രശംസിക്കുകയും ചെയ്യുന്ന സംവിധായകനോട് എസ്.ജെ സൂര്യയുടെ അരുൾ ദാസ് എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. നമ്മുടെ പടമാണ് സംസാരിക്കേണ്ടത്, നമ്മളല്ല. ഒടിയനെ ബാധിച്ച പ്രധാന പ്രശ്നവും അതാണ്. പരിധി വിട്ട ഹൈപ്പുകൾ നൽകി സംവിധായകൻ തന്നെ  സിനിമ കാണാൻ വരുന്നവരുടെ ആസ്വാദനത്തിനു ബാധ്യതയാകുന്ന വിധത്തിൽ പ്രതീക്ഷകളുടെ ഭാരമുണ്ടാക്കി. സംവിധായകൻ പറഞ്ഞത് മാത്രം പ്രതീക്ഷിച്ചു കൊണ്ട് തിയേറ്ററിൽ എത്തിയവർ സ്‌ക്രീനിൽ കാണുന്നതിനെ വില കുറച്ചു കാണുകയും ചെയ്തു. ഇവിടെ പരിപൂർണ്ണമായി പരാജയപ്പെട്ടത് സിനിമയോ സംവിധായകനോ അല്ല മറിച്ച് സ്വാഭാവികമായുള്ള ആസ്വാദനമാണ്. അതിന്റെ ഉത്തരവാദി എന്ന നിലക്ക് സംവിധായകനെ ചൂണ്ടി കാണിക്കാം എന്ന് മാത്രം. 

കുട്ടിക്കാലത്ത് കേട്ട് ശീലിച്ച ഒടിയന്റെ അമാനുഷിക കഥകളിൽ നിന്ന് വ്യത്യസ്തമായി മാനുഷികമായ അവതരണമായിരുന്നു സിനിമയിലേത്. ഒടി വിദ്യയെ തീർത്തും ഒരു ആഭിചാര കർമ്മമെന്ന നിലയിൽ അവതരിപ്പിക്കാതെ കൺകെട്ടും കായികാഭ്യാസവും കൂടിച്ചേർന്നുള്ള ഒരു ആയോധന കലയെന്ന രീതിയിൽ അവതരിപ്പിക്കാനുള്ള തീരുമാനം മികച്ചതായിരുന്നു. പഴങ്കഥകളെ അപ്പാടെ അന്ധവിശ്വാസവുമായി ചേർത്ത് വച്ച് കൊണ്ട് അവതരിപ്പിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഒടിയൻ എന്ന ആശയത്തിന്റെ മാനുഷികതലം നമുക്ക് കാണാൻ കിട്ടില്ലായിരുന്നു. മിത്തുകളിൽ നിറഞ്ഞു നിൽക്കുന്ന ഒടിയന് ഇഷ്ടമുള്ള രൂപങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള അമാനുഷികമായ കഴിവാണ് ഉണ്ടായിരുന്നതെങ്കിൽ സിനിമയിലെ ഒടിയൻ ഒടി മറയുന്നത് മൃഗരൂപങ്ങൾക്ക് ചേരുന്ന വേഷ ചമയങ്ങൾ കൊണ്ടാണ്. ഒടിയനെ തിന്മയുടെ പ്രതിരൂപമാക്കി അവർണ്ണനെ മോശക്കാരനാക്കി കാണിക്കാനുള്ള കുപ്രചാരണങ്ങൾ കൂടി നടന്ന നാടാണ് നമ്മുടെ എന്നിരിക്കെ ഒടിയനെ നന്മയുടെ പക്ഷത്തു നിർത്താനുള്ള ശ്രമം കൂടിയായി സിനിമയെ കാണാവുന്നതാണ്. അതേ സമയം, ഭാവനാ സമ്പുഷ്ടമായ കഥക്കും തിരക്കഥക്കും അതിലേറെ ഗംഭീരമായ അവതരണ സാധ്യതകൾക്കും വഴിയൊരുക്കുന്ന ഒരു പ്രമേയം എന്ന നിലക്ക് 'ഒടിയന്' അർഹിച്ച രീതിയിലുള്ള ഒരു സിനിമാവിഷ്ക്കാരം സംഭവിക്കാതെ പോയി എന്നത് നിരാശയുമാണ്. 

ഒടിയൻ എന്നാൽ ഒരു സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രമാകും എന്ന പ്രതീക്ഷകളിലാണ് പലരും സിനിമ കാണാനെത്തിയത് എന്നത് കൊണ്ട് തന്നെ സാധാരണക്കാരനായ മാണിക്യനെ ഉൾക്കൊള്ളാൻ പ്രേക്ഷകർ വിമുഖത പ്രകടിപ്പിച്ചു. തന്റെ ആദ്യ സിനിമ എന്ന നിലക്ക് ഒടിയൻ വിജയിക്കേണ്ടത് മറ്റാരേക്കാളും കൂടുതൽ ആവശ്യമായത് ശ്രീകുമാർ മേനോന് ആണെന്നുള്ളത് കൊണ്ട് തന്നെ സിനിമ എന്ന 'പ്രോഡക്റ്റ്' നന്നായി വിറ്റു പോകാനുള്ള സർവ്വ തന്ത്രങ്ങളും മാർക്കറ്റിങ്ങ് സാധ്യതകളും അദ്ദേഹം ഉപയോഗപ്പെടുത്തി. ഇതുണ്ടാക്കിയ ഹൈപ്പുകൾ ചെറുതല്ലായിരുന്നു. ഈ ഹൈപ്പുകൾ ഉണ്ടാക്കിയ പ്രതീക്ഷകൾ സിനിമാസ്വാദനത്തിനു ബാധ്യതയായി മാറിയതോടൊപ്പം തന്നെ സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള ശക്തമായ പ്രചാരണങ്ങളും നടന്നിട്ടുണ്ട് എന്ന് പറയാതെ വയ്യ. മാണിക്യനോട് കഞ്ഞിയെടുക്കട്ടെ എന്ന് ചോദിക്കുന്ന ഡയലോഗ് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന ചോദ്യം പലരും ചോദിക്കുകയുണ്ടായി. വർഷങ്ങൾക്ക് ശേഷം കാണുന്ന പ്രഭയും മാണിക്യനും കൂടി പഴയ തെറ്റിദ്ധാരണകൾ പറഞ്ഞവസാനിപ്പിക്കുന്ന സീനാണ് അത്. പഴയ കാലത്ത് മാണിക്യൻ വീട്ടിൽ വരുമ്പോൾ കഞ്ഞി കൊടുക്കാറുണ്ടായിരുന്ന പ്രഭ ആ കാലത്ത് മാണിക്യന് ഉണ്ടായിരുന്ന അതേ സ്വീകാര്യത ഇപ്പോഴുമുണ്ട് എന്ന് ബോധിപ്പിക്കാൻ തരത്തിൽ പറഞ്ഞ ഡയലോഗ് ആയിരുന്നു അത്. പക്ഷെ അസ്ഥാനത്തുള്ള കഞ്ഞി ഡയലോഗ് ട്രോളന്മാർക്ക് സുഭിക്ഷമായ സദ്യയായി മാറി എന്ന് മാത്രം. 

മാണിക്യൻ എന്ന കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ എന്ന നടൻ ശാരീരികവും മാനസികവുമായെടുത്ത തയ്യാറെടുപ്പുകളും പരിശ്രമങ്ങളും പത്ര മാധ്യങ്ങളിലൂടെ വായിച്ചറിഞ്ഞ ഒരു പ്രേക്ഷകന് സ്‌ക്രീനിൽ അത് കണ്ടനുഭവിക്കാൻ സാധിക്കാതെ പോകുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം നടനല്ല, സംവിധായകന് തന്നെയാണ്. കൊട്ടിഘോഷിച്ചു കൊണ്ട് പറഞ്ഞ പീറ്റർ ഹെയ്ൻറെ ആക്ഷന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ആക്ഷൻ സീനുകൾ മിക്കതും ഇരുട്ടിലും മാണിക്യന്റെ കറുത്ത പുതപ്പിലും കാണാതെ പോയി. എന്നാൽ സിനിമയുടെ ആത്മാവ് തൊട്ടറിയും വിധമായിരുന്നു ഷാജി കുമാറിന്റെ ഛായാഗ്രഹണവും എം ജയചന്ദ്രന്റെ സംഗീതവും. കരിമ്പനകളുടെ നാടിനെ അതി ഗംഭീരമായി തന്നെ സ്ക്രീനിലേക്ക് എത്തിച്ചിട്ടുണ്ട് ഷാജിയുടെ കാമറ. മാണിക്യൻ എന്ന ഒടിയനെക്കാൾ, ഒടിയൻ എന്ന പേര് ചൊല്ലി വിളിക്കപ്പെട്ടിരുന്ന, തെറ്റിദ്ധരിക്കപ്പെട്ടു പോയ മാണിക്യൻ എന്ന പാവം മനുഷ്യന്റെ കഥയെന്നോളം സിനിമക്ക് മറ്റൊരു ആസ്വാദന തലമുണ്ടാക്കുന്നതിൽ ജയചന്ദ്രന്റെ സംഗീതം  ഏറെ സഹായിച്ചിട്ടുണ്ട്. എടുത്തു പറയുകയാണെങ്കിൽ 'നെഞ്ചിലെ കാള കുളമ്പ്..' എന്ന് തുടങ്ങുന്ന പാട്ടും അതിന്റെ രംഗാവിഷ്ക്കാരവും. ലക്ഷ്മി ശ്രീകുമാറിന്റെ വരികളിൽ ശങ്കർ മഹാദേവൻ പാടിയ ആ പാട്ടിലുണ്ട് മാണിക്യനെന്ന മനുഷ്യന്റെ എല്ലാ വേദനകളും. സ്വന്തം നിഴലിനെ പോലും പേടിച്ചു ജീവിക്കേണ്ടി വരുന്ന ഒരു ഒടിയന്റെ മാനസിക വിചാരങ്ങൾ അത്രത്തോളം ഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. സിനിമയേക്കാൾ സിനിമയിലെ ഗാനങ്ങൾ ചിത്രീകരിക്കുന്നതിലാണോ  സംവിധായകന്റെ ശ്രദ്ധയും താൽപ്പര്യവും കൂടുതലുണ്ടായത് എന്ന് സംശയിച്ചു പോകും. 

ആകെ മൊത്തം ടോട്ടൽ = ശ്രീകുമാർ മേനോന്റെ പരിധിയില്ലാത്ത ഹൈപ്പുണ്ടാക്കലും ത്രില്ലിങ്ങായി തുടങ്ങിയ  സിനിമയുടെ ലാഗുമൊക്കെ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ടെങ്കിലും തേച്ചൊട്ടിക്കാൻ മാത്രം മോശമായൊരു സിനിമ അല്ല ഒടിയൻ. പാലക്കാടൻ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത കാമറയും പാട്ടുകളും മനോഹരം. പീറ്റർ ഹെയ്ൻറെ ആക്ഷൻ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. മുൻകാല സിനിമകളിൽ കണ്ടു മറന്ന പല കഥാപാത്രങ്ങളുടെയും വാർപ്പ് മാതൃകകൾ ഒടിയനിലുണ്ട് എന്നതൊഴിച്ചാൽ പ്രകടനം കൊണ്ട് ആരും മോശമാക്കിയില്ല.  ക്ലാസും മാസുമല്ലാത്ത കണ്ടിരിക്കാവുന്ന സാധാരണ സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തി. 

*വിധി മാർക്ക് =6.5/10 

-pravin- 

Saturday, December 8, 2018

2.0 - ചിട്ടിയുടെ രണ്ടാം വരവും ചില ശാസ്ത്ര വിചാരങ്ങളും



തമിഴ് സിനിമകളുടെ സാങ്കേതിക മികവിന്റെ വളർച്ചാ വഴിയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് എസ്. ശങ്കർ. ഏറ്റവും കൂടുതൽ ബിഗ് ബജറ്റ് സിനിമകൾ സംവിധാനം ചെയ്ത ഇന്ത്യൻ സംവിധായകൻ എന്ന വിശേഷണത്തേക്കാൾ സിനിമാ മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സംവിധായകൻ എന്ന നിലക്കാണ് ശങ്കർ കൂടുതലും ശ്രദ്ധേയനായിട്ടുള്ളത്. ആ തലത്തിൽ തെന്നിന്ത്യൻ സിനിമാ നിർമ്മാണങ്ങൾക്ക് അദ്ദേഹം നൽകിയിട്ടുള്ള പിന്തുണയും ഊർജ്ജവുമൊന്നും ചെറുതല്ല. 1993 ലെ 'ജെന്റിൽമാൻ' തൊട്ട് തുടങ്ങി 2018 ലെ '2.0' വരെയുള്ള സിനിമകൾക്കായി പ്രമേയപരമായും അവതരണപരമായും എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചിട്ടുള്ള ഒരു സംവിധായകൻ എന്ന നിലക്ക് അദ്ദേഹത്തിന്റെ സിംഹാസനത്തിന് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. ശങ്കർ സിനിമകൾ വിമർശിക്കപ്പെട്ടാലും ശങ്കർ എന്ന സംവിധായകനെ അംഗീകരിക്കാത്ത ഒരു ആസ്വാദന സമൂഹം ഇനിയുണ്ടാകുകയുമില്ല. 

ശങ്കർ സിനിമകൾ ഇന്ത്യൻ സിനിമാ ആസ്വാദകരിൽ ഉണ്ടാക്കുന്ന പ്രതീക്ഷകളുടെ ഭാരം വളരെ വലുതാണ് എന്നത് കൊണ്ട് തന്നെ രണ്ടു വിധത്തിലുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ കുറച്ചു കാലമായി ശങ്കർ സിനിമകൾക്ക് ലഭിക്കുന്നത്. പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് പറയുന്നവർ ശങ്കർ സിനിമയെ വെറും യുക്തി കൊണ്ടു അളന്നു കാണാൻ ശ്രമിക്കുന്നതാണ് അതിന്റെ പ്രധാന കാരണം. കെട്ടുറപ്പുള്ള തിരക്കഥകളുടെ പിൻബലമില്ലാതെ സാങ്കേതിക വിദ്യക്കായി കൂടുതൽ സമയവും പണവും ചിലവഴിക്കുന്ന പ്രവണതയും ഒരു പരിധി വരെ ശങ്കർ സിനിമകളെ ബാധിക്കുന്നു. വിക്രമിനെ നായകനാക്കി ചെയ്ത 'ഐ' യിലും അത് പ്രകടമായിരുന്നു. കോടികൾ മുടക്കുന്നത് ഗ്രാഫിക്സിനു വേണ്ടി മാത്രമാകുകയും ആ ഗ്രാഫിക്സിനു സിനിമയുടെ പ്രമേയത്തിലോ കഥയിലോ അവതരണത്തിലോ കാര്യമായ പ്രസക്തിയില്ലാതെ പോകുകയും ചെയ്ത അവസ്ഥയാണ് 'ഐ' സിനിമയുടെ കാര്യത്തിൽ സംഭവിച്ചതെങ്കിൽ '2.0' യിൽ സംഭവിക്കുന്നത് ഗ്രാഫിക്സിന് കാര്യമായ പ്രസക്തി ഉള്ള പ്രമേയത്തിന് അനുസരിച്ച ശക്തമായ ഒരു തിരക്കഥയുടെ കുറവാണ്. 

മൊബൈൽ ഫോൺ മനുഷ്യന്റെ സ്വാഭാവിക ജീവിതത്തെ എങ്ങിനെയൊക്കെ ബാധിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ പറയാൻ ഒരുപാടുണ്ട്. മൊബൈൽ ഫോണുകൾ ഇല്ലാത്ത ഒരു മനുഷ്യ ജീവിതം ഇക്കാലത്ത് സാധ്യവുമല്ല. ഈ ഒരു സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗവും അതുമായി ബന്ധപ്പെട്ട റേഡിയേഷൻ പ്രശ്നങ്ങളും പ്രകൃതിയെയും ജന്തുജാലങ്ങളെയും മനുഷ്യനെയുമൊക്കെ എങ്ങിനെയൊക്കെ ബാധിച്ചേക്കാം എന്ന ചിന്തക്ക് ഒരുപാട് പ്രസക്തിയുണ്ട്. മൊബൈൽ ഫോൺ റേഡിയേഷൻ കൊണ്ട് മനുഷ്യനോ പ്രകൃതിക്കോ യാതൊരു വിധ പ്രശ്നവും വരുന്നതായി ശാസ്ത്രീയമായ റിപ്പോർട്ടുകൾ ഇല്ല എന്ന വാദം ഉന്നയിച്ചു കൊണ്ട് സിനിമയുടെ പ്രമേയത്തെ തൊട്ട് സകലതിനെയും ഭള്ള് പറയുന്ന ഒരു വിഭാഗം പ്രേക്ഷകരോട് യോജിക്കാൻ സാധിക്കില്ല. 2011ൽ ലോകാരോഗ്യ സംഘടന തന്നെ മുൻകൈ എടുത്ത് നടത്തിയ ഗവേഷണത്തിൽ മൊബൈൽ ഫോൺ വികിരണങ്ങൾ മനുഷ്യരിൽ അർബുദം ഉണ്ടാക്കിയേക്കാമെന്നു വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും മൊബൈൽ വികിരണങ്ങൾ അർബുദങ്ങൾക്ക് കാരണമാകുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള പഠന റിപ്പോർട്ടുകൾക്കപ്പുറം ശാസ്ത്രീയമായൊരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേ സമയം മൊബൈൽ ഫോൺ വികിരണങ്ങൾ കുറക്കുന്നതിനായി പ്രായോഗിക നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കാത്ത ഈ ഒരു പ്രശ്ന വിഷയത്തെ ഫിക്ഷന്റെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ശങ്കർ 2.0 യിൽ അവതരിപ്പിക്കുന്നത്. 

ഒരു സുപ്രഭാതത്തിൽ മൊബൈൽ ഫോണുകൾ അപ്രത്യക്ഷമാകുന്നതിന്റെ രഹസ്യം തേടുന്ന ഡോക്ടർ വസീഗരൻ അഞ്ചാം ബലത്തെ കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞു പോകുന്നത് കാണാം സിനിമയിൽ. ഭൗതിക ശാസ്ത്ര പ്രകാരം അടിസ്ഥാന ബലങ്ങൾ നാലാണ്- ഗുരുത്വാകർഷണ ബലം, വൈദ്യുത കാന്തിക ബലം, അതിശക്ത ബലം, ദുർബല അണുകേന്ദ്ര ബലം. അഞ്ചാമതായി ഉണ്ടായിരിക്കാം എന്ന് വിശ്വസിക്കപ്പെടുന്ന ബലത്തെ കുറിച്ച് ആധികാരികമായ ഉറപ്പുകൾ ഒന്നുമില്ലെങ്കിലും അതേ കുറിച്ചും ശാസ്ത്രം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. മിത്തോളജിക്കൽ കോസ്മോളജിയിൽ മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും കൃതികളുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ സയൻസിനു അന്വേഷിച്ചു കണ്ടെത്താനാകുന്ന പലതും അക്കൂട്ടത്തിലും ഉണ്ട് എന്ന് നിരീക്ഷിക്കാം. പ്രപഞ്ചത്തിൽ കാണാനും തൊടാനും കഴിയാത്ത വിധമുള്ള ദ്രവ്യത്തെ തമോദ്രവ്യം അഥവാ Dark Matter എന്നാണ് സയൻസ് വിശേഷിപ്പിക്കുന്നത്. തമോ ഊർജ്ജങ്ങളെ പോലെ നമുക്ക് കാണാൻ സാധിക്കാത്ത ഊർജ്ജ ഉറവിടങ്ങൾ നമുക്ക് ചുറ്റും നില നിൽക്കുകയും അവ മറ്റു വസ്തുക്കളിൽ ഗുരുത്വാകർഷണ സ്വാധീനം ചെലുത്തുകയും ചെയ്യുന്നതായുള്ള ഒരു ചിന്തയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സിനിമയിലെ പക്ഷിരാജൻ എന്ന കഥാപാത്രത്തെ ഒരുക്കാൻ സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ സിനിമക്ക് കുറച്ചു കൂടി ശാസ്ത്രീയമായ അടിത്തറ ഉണ്ടാകുമായിരുന്നു എന്ന് കരുതുന്നു. ഇവിടെ പോസിറ്റിവ് എനർജിയെന്നും നെഗറ്റിവ് എനർജിയെന്നും പറഞ്ഞു ഡോക്ടർ വസീഗരനും പുള്ളിയുടെ ചീഫും കൂടെ വളരെ നിസ്സാരമായി അത്ഭുത പ്രതിഭാസത്തെ വിലയിരുത്തുന്നത് ഒരു പക്ഷേ സയൻസ് വിശദീകരിച്ചു കൊണ്ട് സിനിമാസ്വാദനം സങ്കീർണ്ണമാക്കേണ്ട എന്ന് കരുതിയുമാകാം.

'യെന്തിരൻ' പറഞ്ഞു വച്ച കഥയുടെ തടുർച്ചയല്ലെങ്കിലും ഡോക്ടർ വസീഗരനും ചിട്ടിയും രണ്ടാമതും സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നത് കാണാൻ ഒരു കൗതുകമുണ്ടായിരുന്നു. ചിട്ടിയുടെ രണ്ടാം വരവിനായുണ്ടാക്കിയ മിഷൻ എന്നതിനേക്കാൾ മുഴുനീള സിനിമയിൽ ശക്തനായ എതിരാളിയായി തിളങ്ങുകയാണ് അക്ഷയ് കുമാറിന്റെ പക്ഷി രാജൻ എന്ന കഥാപാത്രം. ഒരർത്ഥത്തിൽ 2.0 യിലെ ഏറ്റവും നീതി പുലർത്തിയ കഥാപാത്ര സൃഷ്ടി എന്ന് പറയാവുന്നത് പക്ഷിരാജൻ തന്നെയാണ്. പക്ഷി രാജന്റെ ഫ്ലാഷ് ബാക്ക് കഥ അത്ര മാത്രം മനസ്സിൽ തൊടുന്നതു കൊണ്ടാകാം നെഗറ്റിവ് വേഷമായിട്ട് പോലും പക്ഷിരാജനോട് സഹതാപം തോന്നിപ്പോകും. ആമി ജാക്സന്റെ റോബോട്ട് കഥാപാത്രത്തിനു ഒരുപാടൊന്നും ചെയ്യാനില്ലായിരുന്നെങ്കിലും റോബോട്ട് ഏതാണ് ആമി ജാക്സൺ ഏതാണ് എന്ന് മനസ്സിലാകാത്ത വിധം എന്നത്തേയും പോലെ 'ഭാവ വ്യത്യാസങ്ങളി'ല്ലാതെ അവർ അഭിനയിച്ചിട്ടുണ്ട്. ചെറുതെങ്കിലും കലാഭവൻ ഷാജോൺ തനിക്ക് കിട്ടിയ കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. ഒരു പക്ഷേ കലാഭവൻ മണിയോ കൊച്ചിൻ ഹനീഫയോ ജീവിച്ചിരുന്നിരുന്നെങ്കിൽ അവരിലാരെങ്കിലും   ചെയ്യുമായിരുന്ന  ഒരു കഥാപാത്രമായിരുന്നിരിക്കാം അത്. 

മൊബൈൽ കമ്പനികളും ടവറുകളും ഫോണുകളും അതിന്റെ ഉപഭോക്താക്കളായ നമ്മളുമടക്കം പ്രതിക്കൂട്ടിലായി പോകുന്ന കാര്യ കാരണങ്ങളാണ് പക്ഷി രാജൻ പറയുന്നത് എന്നതിനാലാകാം പ്രമേയത്തിലെ യുക്തിയെ ചോദ്യം ചെയ്യാൻ പല പ്രേക്ഷകർക്കും താൽപ്പര്യം കൂടിയത്. ഡോക്ടർ വസീഗരന്റെ തന്നെ ഡയലോഗ് കടമെടുത്ത് പറഞ്ഞാൽ പക്ഷിരാജന്റെ ചെയ്തികളെ മാത്രമേ നമ്മൾ എതിർക്കേണ്ടതുള്ളൂ പക്ഷിരാജൻ പറഞ്ഞതും ചോദിച്ചതുമായ കാര്യങ്ങളെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല. ആ നിലക്ക് 2.0 യിലെ പക്ഷി രാജന്റെ ആശങ്കകളെയും ചോദ്യങ്ങളെയുമൊക്കെ ഒന്നുകിൽ സിനിമാപരമായി മാത്രം കാണുക അതുമല്ലെങ്കിൽ അത്തരം ചോദ്യങ്ങൾക്ക് ശാസ്ത്രീയമായി ഉത്തരങ്ങളുണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്താൻ ശ്രമിക്കുക. ഈ ലോകം മനുഷ്യന് വേണ്ടി മാത്രമുള്ളതല്ല എന്ന സിനിമയുടെ ഓർമ്മപ്പെടുത്തൽ അപ്പോഴും പ്രസക്തമാണ്. 

ആകെ മൊത്തം ടോട്ടൽ = തലച്ചോറ് കൊണ്ട് സിനിമ കണ്ടു ശീലിച്ചവർക്ക് അതുമല്ലെങ്കിൽ യുക്തിയും ശാസ്ത്രീയതയുമൊക്കെ കുറിച്ചെടുത്ത് അളന്ന് കാണുന്നവർക്കൊന്നും പറഞ്ഞിട്ടുള്ള സിനിമയല്ല 2.0. പ്രമേയത്തിന് പിന്തുണ നൽകുന്ന ശക്തമായ തിരക്കഥ ഇല്ലാതെ പോയി എന്നതൊഴിച്ചാൽ ഇന്ത്യൻ സിനിമാ സാങ്കേതിക വിദ്യകളുടെ പരിമിതികൾക്കിടയിലും അഭ്രപാളിയിൽ വിസ്മയം തീർക്കാൻ ശങ്കറിന് സാധിച്ചിട്ടുണ്ട്. 3D ഇഫക്ട്സിന്റെ മികവ് അക്കൂട്ടത്തിൽ എടുത്തു പറയാവുന്നതാണ്. സാങ്കേതികമായി യെന്തിരനെ വെല്ലുമ്പോഴും പിരിമുറുക്കം നൽകുന്ന കഥയോ അവതരണമോ 2.0 ക്കുള്ളതായി അവകാശപ്പെടാനില്ല എന്ന് മാത്രം. എന്തായാലും ചിട്ടിക്ക് ശേഷം ഇനി കുട്ടി - വേർഷൻ 3.0 ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കാം. 

വിധി മാർക്ക് = 7/10 

-pravin-

Saturday, November 10, 2018

തമിഴ് രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കുന്ന 'സർക്കാർ'

ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന്റേയുമൊക്കെ അനാസ്ഥകൾക്കെതിരെ തന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ പലപ്പോഴായി കലഹിച്ചിട്ടുള്ള ഒരു സംവിധായകനാണ് മുരുഗദോസ്. 2002 ൽ വിജയ്‌കാന്തിനെ നായകനാക്കി ചെയ്ത 'രമണ' യും 2014 ൽ വിജയിനെ നായകനാക്കി ചെയ്ത 'കത്തി' യുമാണ് അക്കൂട്ടത്തിൽ ശ്രദ്ധേയമെന്നു പറയാവുന്നത്. കഴിഞ്ഞ വർഷം ആറ്റ്ലിയുടെ സംവിധാനത്തിൽ വന്ന 'മെർസ'ലിലെ വിജയുടെ കഥാപാത്രം കറൻസി നിരോധനത്തെയും ഡിജിറ്റൽ ഇന്ത്യയെയും പരമർശിച്ചു കൊണ്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ചു എന്ന പേരിലാണ് വിവാദങ്ങൾ ഉണ്ടാക്കിയതും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതുമെങ്കിൽ ഇക്കുറി മുരുഗദോസിനൊപ്പം വിജയ് ചേരുന്നത് ദ്രാവിഡ രാഷ്ട്രീയത്തിലെ ജീർണ്ണിച്ച രാഷ്ട്രീയ വ്യവസ്ഥതികളെ അടപടലം വിമർശിക്കാനും ബദൽ രാഷ്ട്രീയ വ്യവസ്ഥകൾ നിർദ്ദേശിക്കാനുമാണ്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള സിനിമയായി പോലും 'സർക്കാരി'നെ വിലയിരുത്തുന്നവർ ഭരണ - പ്രതിപക്ഷത്തു തന്നെയുണ്ട് എന്നത് മറ്റൊരു കാര്യം. ഒരു ടിപ്പിക്കൽ വിജയ് സിനിമയായി ഒതുങ്ങുമ്പോഴും പ്രമേയം കൊണ്ടും രാഷ്ട്രീയപരമായ ചൂണ്ടി കാണിക്കലുകൾ കൊണ്ടും തമിഴ് രാഷ്ട്രീയത്തിൽ ഒരു മക്കൾ പോരാട്ടത്തിന്റെ സാധ്യതകൾ എടുത്തു പറഞ്ഞു കൊണ്ട് ശ്രദ്ധേയമാകുകയാണ് 'സർക്കാർ'. 

ബി.സി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആണ് ഡെമോക്രാറ്റിയ എന്ന വാക്ക് ആദ്യമായി പ്രയോഗിക്കുന്നത്. ഡെമോസ് അഥവാ ജനങ്ങൾ എന്നും ക്രറ്റോസ് അഥവാ ഭരണമെന്നും അർത്ഥം വരുന്ന രണ്ടു പദങ്ങൾ കൂടി ചേർന്നപ്പോഴുണ്ടായ ഡെമോക്രാറ്റിയ ഇംഗ്ലീഷിൽ ഡെമോക്രസിയായും മാറി. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ ഭരിക്കുന്ന ജനാധിപത്യ വ്യവസ്ഥയുടെ ആരംഭവും വികാസവും വളർച്ചയുമൊക്കെ ടൈറ്റിൽ എഴുതി കാണിക്കുമ്പോൾ വിവിധ കാലഘട്ടങ്ങളുടെ സ്കെച്ചിലൂടെ അവതരിപ്പിച്ചു കാണാം. പറയാൻ പോകുന്ന വിഷയത്തിന്റെ രാഷ്ട്രീയ ഗൗരവം വെളിപ്പെടുത്തുമ്പോഴും സ്ഥിരം മാസ്സ് തമിഴ് സിനിമകളിലെ നായക സങ്കൽപ്പങ്ങൾ കൊണ്ടും പരിചയപ്പെടുത്തലുകൾ കൊണ്ടും സിനിമ ആദ്യമേ വിരസതയിലേക്ക് നീങ്ങുന്നു. സുന്ദർ രാമസ്വാമി ഒരു കോർപ്പറേറ്റ് മോൺസ്റ്ററാണ്, ഒരു സംഭവമാണ്, മഹാ പ്രതിഭാസമാണ് എന്നൊക്കെയുള്ള ഹൈപ്പുകൾ കൊണ്ട് പരിചയപ്പെടുത്തുന്ന കഥാപാത്രത്തെ ഓവർ ആക്ടിങ് കൊണ്ടും സഹിക്കാൻ പറ്റാത്ത വിധമുള്ള സംസാര ചേഷ്ടകൾ കൊണ്ടുമൊക്കെ കാണുന്നവന് മനം മടുപ്പിക്കുന്ന കാഴ്ചയായി മാറ്റുന്നു വിജയ്. തന്റെ വോട്ടവകാശം വിനിയോഗിക്കാൻ വേണ്ടി മാത്രം അമേരിക്കയിൽ നിന്നും തമിഴ് നാട്ടിലെത്തുന്ന കോർപ്പറേറ്റ് മോൺസ്റ്ററിന്റെ പേരിൽ മറ്റാരോ അതിനു മുന്നേ കള്ള വോട്ട് ചെയ്തു പോയിരിക്കുന്നു എന്ന സാഹചര്യത്തിൽ നിന്നാണ്  കഥ ഒന്ന് മാറി മറയുന്നത്. കള്ള വോട്ടിന്റെ രാഷ്ട്രീയ അണിയറകളിലേക്കുള്ള നായകൻറെ അന്വേഷണവും തന്റെ നഷ്ടപ്പെട്ട ഒരു വോട്ടിനു വേണ്ടിയുള്ള നായകൻറെ നിയമ പോരാട്ടവുമൊക്കെയാണ് സിനിമക്ക് പിന്നീട് ഒരു ദിശാബോധം നൽകുന്നത് എന്ന് പറയാം. 

സെക്ഷൻ 49 P യെ കുറിച്ച് വോട്ടർമാർക്ക് വലിയ തോതിൽ ഒരു ബോധവത്ക്കരണം തന്നെ നൽകാൻ സിനിമക്ക് സാധിക്കുന്നു. ഒരു പക്ഷേ ഈ സിനിമ കണ്ടു കഴിഞ്ഞവർ ഏറ്റവും കൂടുതൽ അന്വേഷിച്ചറിയാൻ ശ്രമിച്ചതും ആ സെക്ഷനെ കുറിച്ച് തന്നെയായിരിക്കും. ഏതെങ്കിലും വിധേന നമ്മുടെ വോട്ട് കള്ള വോട്ടായി പോയിരിക്കുന്നുവെന്നു സംശയിക്കുകയോ അതുമല്ലെങ്കിൽ കള്ളവോട്ട് ചെയ്തത് കാരണം നമുക്ക് വോട്ട് ചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ഇലക്ഷൻ കമ്മീഷനിൽ നമുക്ക് പരാതിപ്പെടാനുള്ള അവകാശം ഉറപ്പാക്കുന്ന സെക്ഷൻ 49 P നിയമമുണ്ടായത് 1961 ലാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് ഭരണം നടത്തുന്നത് എന്നൊക്കെയുള്ള വാഴ്ത്തിപ്പാടലുകൾ ഉണ്ടെങ്കിലും  ജനങ്ങൾക്ക് ഇപ്പറഞ്ഞ ഭരണ കാര്യത്തിൽ എത്രത്തോളം അധികാരമുണ്ട് എന്നത് ചോദ്യം തന്നെയാണ്. ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാരുകൾ ഭരണത്തിലേറുന്നതെങ്കിൽ നമ്മുടെ നാട് എന്നോ സ്വർഗ്ഗഭൂമിയായേനെ. രാഷ്ട്രീയം എന്നത് പാർട്ടികൾക്ക് അധികാരം പങ്കിടാനും സമ്പാദിക്കാനും മാത്രമുള്ള ഒരു ഉപാധിയായി മാറപ്പെട്ടു എന്നതാണ് സത്യം. അഞ്ചു വർഷം ഭരിക്കാൻ ഭരണത്തിലേറ്റി വിടുന്ന ഒരു സർക്കാരിന് അഞ്ചു വർഷത്തെ അധികാരമുണ്ടെങ്കിൽ വോട്ടു ചെയ്യുന്നവന് വോട്ടെടുപ്പിന്റെ ആ ഒരു ദിവസം മാത്രമേ അവന്റെ കൈയ്യിൽ അധികാരമുള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട് നായക കഥാപാത്രം. ഒരൊറ്റ വോട്ട് കൊണ്ട് ജനാധിപത്യ സമ്പ്രദായത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം നൽകുക എന്നതോടൊപ്പം കക്ഷി രാഷ്ട്രീയം കൊണ്ട് സ്വന്തം പാർട്ടിയെ വളർത്താനും കീശ വീർപ്പിക്കാനും മാത്രം ശ്രമിക്കുന്ന രാഷ്ട്രീയ ജീർണ്ണതക്ക് ഒരു ബദൽ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കേണ്ട വിധം എങ്ങനെയെന്നും സിനിമ വിശദീകരിക്കുന്നു. 

എതിർ ശബ്ദം ഇല്ലാത്തതാണ് ജനാധിപത്യത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്ന് ആവർത്തിച്ചു പറയുകയും ഏത് ഭരണകൂടം വന്നാലും എതിർശബ്ദം നിലനിൽക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ മഹിമ ഉയരുന്നത് എന്ന് പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട് സിനിമ. മുരുഗദോസിന്റെ തിരക്കഥയെക്കാൾ ശ്രദ്ധേയമാകും വിധം പല സീനുകളിലും അർത്ഥവത്തായ രാഷ്ട്രീയ സംഭാഷണങ്ങൾ കൊണ്ടും ചോദ്യങ്ങൾ കൊണ്ടുമൊക്കെ തമിഴ് കക്ഷി രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ് ജയമോഹൻ ചെയ്യുന്നത്. വോട്ടിന്റെ ശക്തിയും മൂല്യവും ഒരു ജനതക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതോടൊപ്പം നാടിനും പൊതുജനത്തിനും വേണ്ടി മക്കൾ രാഷ്ട്രീയത്തെയും പോരാട്ടത്തെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു വ്യക്തമായ ഒരു ധാരണ നൽകാനും സിനിമക്ക് സാധിക്കുന്നുണ്ട് എന്നതിനാൽ സിനിമയിൽ വലിയ തോതിൽ തന്നെ മുഴച്ചു നിൽക്കുന്ന ക്ളീഷേകളെയും നായകന്റെ വൺ മാൻ ഷോയേയും മനഃപൂർവ്വം സഹിച്ചു മറക്കാൻ നിർബന്ധിതരാകുന്നു പ്രേക്ഷകർ. 

വിജയുടെ ഓവർ ആക്റ്റിംഗും വൺ മാൻ ഷോയും മുൻകാല സിനിമകളിലെ പോലെ തന്നെയുള്ള ക്ളീഷേ സീനുകളുമൊക്കെയാണ്  പ്രമേയം കൊണ്ട് പ്രസക്തമായ 'സർക്കാരി'നെ പിന്നോട്ടു വലിക്കുന്നത്. നായികാ പദവി മാത്രമുള്ള കഥാപാത്രം കൊണ്ട് കീർത്തി സുരേഷ് ഒതുങ്ങി പോയപ്പോൾ മുഴുനീള സിനിമയിൽ നെഗറ്റിവ് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പല. കറുപ്പയ്യയും, രാധാ രവിയും, വര ലക്ഷ്മിയുമൊക്കെ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച വച്ചു. സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലത്തിനു അനുയോജ്യമായ BGM സൃഷ്ടിക്കാൻ AR റഹ്മാന് സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായി അനുഭവപ്പെട്ടത് വര ലക്ഷ്മിയുടെ നെഗറ്റിവ് കഥാപത്രത്തിനു എല്ലാ തന്ത്രി വാദ്യങ്ങളുടെയും മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വീണയുടെ സ്വരം കൊണ്ട് ഒരുക്കിയ ബിജിഎം ആണ്. പശ്ചാത്തല സംഗീതം മികച്ചു നിന്നെങ്കിലും ഓർത്തെടുത്തു പറയാൻ മാത്രമുള്ള  പാട്ടുകൾ  സമ്മാനിക്കാൻ റഹ്‌മാന്‌ സാധിച്ചില്ല എന്നത് നിരാശയേകി. റഹ്‌മാൻ  പാടിയ 'ഒരു വിരൽ പുരട്ചി..'  മുൻകാല റഹ്‌മാൻ പാട്ടുകളിൽ പലതിനെയും ഓർമ്മിപ്പിച്ചുവെങ്കിലും  വിവേകിന്റെ അർത്ഥഗംഭീരമായ  വരികൾ ആ പാട്ടിനെ  ശ്രദ്ധേയമാക്കുന്നുണ്ട്. 

ആകെ മൊത്തം ടോട്ടൽ = ടിപ്പിക്കൽ വിജയ് സിനിമകകളുടെ കഥാ ഘടകങ്ങൾ ഒത്തു ചേരുമ്പോഴും തമിഴ് രഷ്ട്രീയത്തെ പശ്ചാത്തലമാക്കിയുള്ള  കഥ പറച്ചിലും രാഷ്ട്രീയ വിമർശനങ്ങളും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറായി തന്നെ മാറുന്നു 'സർക്കാർ'. 'മെർസലി'ൽ കേന്ദ്ര സർക്കാരിനെതിരെ ചുരുങ്ങിയ  സീനുകളിൽ മാത്രമാണ്   രാഷ്ട്രീയ വിമർശനങ്ങൾ  ഉണ്ടായിട്ടുള്ളതെങ്കിൽ  'സർക്കാരി'ൽ അത് നിലവിലെ തമിഴ് രാഷ്ട്രീയത്തെ മൊത്തത്തിൽ  വിമർശിക്കും  വിധം തുടക്കം മുതൽ ഒടുക്കം വരേക്കുമുണ്ട് എന്നതാണ്  വ്യത്യസ്തത. 

*വിധി മാർക്ക് = 6/10 

-pravin-

Friday, November 2, 2018

Badhaai Ho- ചിരിയിൽ അൽപ്പം കാര്യം

ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ 1994 ൽ റിലീസായ 'പവിത്രം' സിനിമയിലെ ഈശ്വര പിള്ള - ദേവകിയമ്മ ദമ്പതികളെ ഓർത്തു പോകുകയാണ്. വിവാഹം കഴിഞ്ഞതും കഴിക്കാനിരിക്കുന്നതുമായ മുതിർന്ന രണ്ടു മക്കളുടെ അച്ഛനമ്മമാരായിരുന്നു അവർ. അതേ അച്ഛനമ്മമാർ വയസ്സാം കാലത്ത് വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയും ആകാൻ പോകുകയാണ് എന്ന വാർത്ത കുടുംബത്തിലും സമൂഹത്തിലും എങ്ങിനെ സ്വീകരിക്കപ്പെടുന്നു എന്നത് കുറഞ്ഞ സീനുകളിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട് സിനിമയിൽ. അമ്മയുടെ ഗർഭ വാർത്ത ആദ്യം ജാള്യതയോടെയും പിന്നീട് സന്തോഷത്തോടെയും സ്വീകരിക്കുന്ന മക്കളും, വിവാഹം കഴിഞ്ഞിട്ടും കുട്ടികളാകാത്ത മൂത്ത മകൻ രാമകൃഷ്‌ണന്റെയും ഭാര്യയുടെയും മുഖത്തേക്ക് എങ്ങിനെ ഇനി നോക്കും എന്ന് വേവലാതിപ്പെടുന്ന ദേവകിയമ്മയും, മക്കളുടെ മുഖത്തു നോക്കാതെ സംസാരിക്കേണ്ടി വരുന്ന ഈശ്വര പിള്ളയും, അമ്മയുടെ ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെടുന്ന രാമകൃഷ്ണന്റെ ഭാര്യയുമടക്കം ഒട്ടനവധി കഥാപാത്രങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ട് ടിപി രാജീവ് കുമാർ പറയാൻ ശ്രമിച്ച അതേ വിഷയത്തിന്റെ  ഒരു മുഴുനീള  സിനിമാ അവതരണമാണ് അമിത് രവീന്ദ്രനാഥ്‌ ശർമ്മയുടെ Badhaai Ho എന്ന് വേണമെങ്കിൽ പറയാം.

സരസവും ഹൃദ്യവുമായ അവതരണം കൊണ്ടാണ് Badhaai Ho പ്രേക്ഷക മനസ്സിലേക്ക് ചേക്കേറുന്നത്. കഥാപാത്രങ്ങളെ സംബന്ധിച്ച് അവർക്ക് സങ്കീർണ്ണമായി അനുഭവപ്പെടുന്ന സിനിമയിലെ സാഹചര്യങ്ങൾ പ്രേക്ഷകനെ സംബന്ധിച്ച് കോമഡി സീനുകളായി മാറുന്ന വിധമാണ് അവതരണം. ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ ചുറ്റുപാടും പെരുമാറ്റ ശൈലിയുമൊക്കെ വളരെ കൃത്യമായി അടയാളപ്പെടുത്തി കൊണ്ടാണ് സിനിമ കടന്നു പോകുന്നത്. അച്ഛനും അമ്മയും പുതിയൊരു കുഞ്ഞിന്റെ കൂടി അച്ഛനമ്മമാരാകാൻ പോകുകയാണ് എന്നറിയുമ്പോഴുള്ള മക്കളുടെ റിയാക്ഷനും, ഇതേ വാർത്ത മക്കളോട് പറയാൻ ശ്രമിക്കുന്ന അച്ഛനമ്മമാരുടെ മാനസികാവസ്ഥയുമൊക്കെ സിനിമയിൽ ചിരി പടർത്തുന്ന രംഗങ്ങളാണ്. ഓരോ കഥാപാത്രങ്ങളും അവരവരുടെ സാഹചര്യത്തിനും മാനസികാവസ്ഥക്കും അനുസരിച്ചുള്ള ചിന്തകളും നിലപാടുകളുമാണ് പറയുന്നത് എന്നത് കൊണ്ട് തന്നെ സിനിമ ആരെയും പ്രതിക്കൂട്ടിൽ നിർത്താതെ തന്നെ കാര്യങ്ങളെ അവതരിപ്പിക്കുകയാണ്. സാന്ദർഭിക ഹാസ്യത്തിന്റെ എല്ലാ വിധ സാധ്യതകളും മുതലെടുത്തു കൊണ്ടുള്ള അവതരണ ശൈലിക്കൊപ്പം തന്നെ പറയാനുള്ള  കാര്യങ്ങളെ സമൂഹത്തോട് തുറന്നു പറയാനും സിനിമ മടിക്കുന്നില്ല. 

പുറമേക്ക് എത്ര തന്നെ പുരോഗമനം പറഞ്ഞാലും സമൂഹത്തിന്റെ പൊതുബോധങ്ങളെയും വിമർശനങ്ങളെയും പേടിക്കുന്നവരാണ് മിക്കവരും. മധ്യവയസ്‌ക്കരുടെ പ്രണയവും ലൈംഗികതയുമൊക്കെ അപ്രകാരമുള്ള പൊതുബോധങ്ങൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഒരവസ്ഥയാണ് ഇന്ത്യയിലുള്ളത്. നാൽപ്പത് വയസ്സ് കഴിഞ്ഞാൽ മക്കൾക്ക് വേണ്ടി ത്യജിക്കേണ്ടതാണോ ഭാര്യാഭർത്താക്കന്മാരുടെ പ്രണയവും ലൈംഗികതയും എന്ന് നകുലിനോട് കാമുകിയായ റെനി ചോദിക്കുന്ന ചോദ്യം പ്രസക്തമാണ്. സ്വന്തം അച്ഛനും അമ്മയും തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധങ്ങളെ  ഉൾക്കൊളളാൻ സാധിക്കാതെ പോകുന്ന മക്കളെക്കാളുപരി സമൂഹം എന്ത് ചിന്തിക്കുമെന്ന് പറഞ്ഞു ഭയപ്പെടുത്തുന്ന കുടുംബക്കാരാണ് മേൽപ്പറഞ്ഞ പൊതുബോധത്തിന്റെ ശക്തരായ കാവലാളുകൾ. പ്രണയത്തിനും വികാരങ്ങൾക്കും പ്രായവുമായി ഒരു ബന്ധവുമില്ല എന്നും ഭാര്യാ ഭർതൃ ബന്ധത്തിൽ അത് നിലനിർത്തുന്നത് പാപമായി കാണുന്നതാണ് ടിപ്പിക്കൽ ഇന്ത്യക്കാന്റെ രീതി എന്ന് സൂചിപ്പിക്കുന്ന സിനിമ പ്രണയത്തെയും കാമത്തെയും ലൈംഗികതയെയും കുറിച്ചുമൊക്കെ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട അതേ നാട്ടിൽ എങ്ങിനെയായിരിക്കും ഇത്തരം പൊതുബോധങ്ങൾ ഉടലെടുത്തത് എന്ന് സംശയപൂർവ്വം ചിന്തിപ്പിക്കുന്നുമുണ്ട്. 

ഒരു വലിയ കഥ പറയാനില്ലാതിരുന്നിട്ടും ഉള്ള കഥയെ രസകരമായ കഥാ സന്ദർഭങ്ങളുടെ പിന്തുണയോടെ മികച്ച രീതിയില്‍ അവതരിപ്പിക്കാനും അത് വഴി പ്രേക്ഷകനെ പിടിച്ചിരുത്താനും സംവിധായകന്  സാധിക്കുന്നു. അമിത് രവീന്ദ്ര നാഥ്‌ ശർമ്മ എന്ന സംവിധായകന്റെ എന്നതോടൊപ്പം ശന്തനു ശ്രീവാസ്തവ-അക്ഷത് ഖിൽദിയാൽ- ജ്യോതി കപൂർ കൂട്ടുകെട്ടിന്റെ സ്ക്രിപ്റ്റിന്റെ  കൂടെ വിജയമാണത്. ഒരു കൊച്ചു സിനിമയെ ഒരു മികച്ച ഫാമിലി എന്റർടൈനർ ആക്കി മാറ്റുന്നതിൽ സിനിമയിലെ കാസ്റ്റിങ്ങിനും പ്രധാന പങ്കുണ്ട്. ആയുഷ്മാൻ ഖുരാന-സാന്യ മൽഹോത്ര യുടെ നായികാ നായക പദവിയെക്കാൾ സിനിമയിൽ ശ്രദ്ധേയമാകുന്നത് സീനിയർ നടീനടന്മാരുടെ പ്രകടന മികവാണ്. ആ അർത്ഥത്തിൽ അച്ഛനമ്മമാരുടെ വേഷം ഗംഭീരമാക്കിയ ഗജ്‌രാജ് റാവോയും നീനാ ഗുപ്തയുമാണ് ഈ സിനിമയിലെ നായികാ നായകന്മാര്‍.  തുടക്കം മുതൽ ഒടുക്കം വരേയ്ക്കും സിനിമയിൽ നിറഞ്ഞാടിയ അവര്‍ പ്രത്യേക അഭിന്ദനങ്ങൾ അർഹിക്കുന്നു. മുത്തശ്ശിയായി അഭിനയിച്ച സുരേഖ സിക്രിയുടെ പ്രകടനത്തെ കൂടി കൂട്ടത്തിൽ പരാമർശിച്ചില്ലെങ്കിൽ അതൊരു നീതികേടാകും. അങ്ങിനെ പറഞ്ഞു പോകുമ്പോൾ ഈ സിനിമ തീർത്തും സീനിയേഴ്സ് നടീനടന്മാരുടെ പ്രകടനത്തിനാണ് കൂടുതൽ സ്‌പേസ് കൊടുത്തിരിക്കുന്നത് എന്ന് പറയേണ്ടി വരും. 

ആകെ മൊത്തം ടോട്ടൽ = സാന്ദർഭിക ഹാസ്യ രംഗങ്ങൾ കൊണ്ട് ചിരിയുണർത്തുകയും വൈകാരിക രംഗങ്ങൾ കൊണ്ട് മനസ്സ് നിറക്കുകയും ചെയ്ത ഒരു മികച്ച ഫാമിലി എന്റർടൈനറാണ് ബധായ് ഹോ. 


വിധി മാർക്ക് = 8.5/10 
-pravin-

Friday, October 26, 2018

വട ചെന്നൈ - ഗ്യാങ്‌സ്റ്റർ സിനിമകളുടെ തിരുത്തിയെഴുത്ത്

ഇതിനു മുന്നേ നമ്മൾ കണ്ടു മറന്ന ഗ്യാങ്‌സ്റ്റർ സിനിമകളിലെ പല കഥാ  ഘടകങ്ങളും 'വട ചെന്നൈ' യിലും ആവർത്തിക്കുന്നുവെങ്കിലും ഹീറോ പരിവേഷമില്ലാതെ  ഗ്യാങ്സ്റ്റർ ജീവിതങ്ങളെ കലർപ്പില്ലാതെ അവതരിപ്പിച്ചു കാണിക്കുന്നത് കൊണ്ടാണ് ഈ  സിനിമ ക്ലാസ് ആകുന്നത്. അതും വലിയൊരു കാലയളവിൽ സംഭവ ബഹുലമായ ഒരുപാട് ജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട്. കൊട്ടേഷൻ പണിക്ക് പോകുന്ന ഗുണ്ട എന്നതിൽ നിന്നും വ്യത്യസ്തമായി പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ രക്ഷകനായാണ് രാജൻ എന്ന ഗ്യാങ്സ്റ്ററെ അവതരിപ്പിക്കുന്നത്. എന്ന് കരുതി അത്  'കാല' യുടെ ഒരു തനിയാവർത്തനവുമാകുന്നില്ല. രാജന്റെ നിലപാടുകളും   ജനകീയതയും  രാഷ്ട്രീയക്കാരന്റെ കുടില ബുദ്ധികൾക്ക് തടസ്സം  നിൽക്കുന്നതോട് കൂടെ സീൻ മാറുകയാണ്. രാജന്റെ മരണ ശേഷം ആരംഭിക്കുന്ന കഥ പറിച്ചിലിനിടയിൽ ഒരുപാട് കഥാപാത്രങ്ങൾ ചിതറി കിടക്കുന്നത് കാണാം.  ശരിയും തെറ്റുമൊന്നും നോക്കാതെ പല കാരണങ്ങൾ കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും  കൊല്ലിന്റെയും കൊലയുടെയും വഴിയിലൂടെ പോകാൻ വിധിക്കപ്പെട്ടവരും സ്വയമേ ആ വഴി തിരഞ്ഞെടുത്തവരുമായി ഒരുപാട് പേർ. ഇതിനിടയിൽ തന്നെയാണ് അത്രയും പേരുടെ ജീവിതവും നിലപാടുകളുമൊക്കെ ഒളിഞ്ഞു കിടക്കുന്നതും   ചർച്ച ചെയ്യപ്പെടുന്നതും.  അരും കൊലക്ക് ശേഷം   ചാരായ ഷോപ്പിലെ മേശ മുകളിലേക്ക്  വക്കുന്ന  ചോര പുരണ്ട കൊടുവാളിനെ കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ കൊല്ലപ്പെട്ടവനാര് എന്നതിലേക്ക് പോകാതെ   കൊല ചെയ്തവരെ പിൻപറ്റിയാണ് കഥ പറഞ്ഞു തുടങ്ങുന്നത്. വെട്രി മാരൻ എന്ന സംവിധായകന്റെ  കൈയ്യൊപ്പ് പതിഞ്ഞ   തുടക്കം എന്ന് തന്നെ  വിശേഷിപ്പിക്കാം അതിനെ. 

സിനിമ തുടങ്ങുമ്പോൾ കഥയിൽ ഒട്ടും പ്രസക്തമല്ലെന്നു തോന്നിച്ചവർ അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ പ്രസക്തിയാർജ്ജിക്കുന്ന കഥാപാത്രങ്ങളായി  മാറുന്ന പോലെ തന്നെ അശക്തരും ധൈര്യമില്ലാത്തവരുമായിരുന്നവർ സാഹചര്യങ്ങൾ കൊണ്ട്  പതിയെ  അതിനു വിപരീതമായി പരിണമിച്ചു കൊണ്ടിരിക്കുന്നതും കാണാം പ്രേക്ഷകന്. ഈ ഒരു മാറ്റം സിനിമാറ്റിക് ആയി കാണിക്കാൻ എളുപ്പമാണ് പക്ഷെ അനുഭവപ്പെടുത്താൻ ബുദ്ധിമുട്ടുമാണ്. ഇവിടെ  കഥാപാത്രങ്ങളുടെ മാനറിസത്തിലുണ്ടാകുന്ന  ആ ഒരു മാറ്റം  ഗംഭീരമായി ബോധ്യപ്പെടുത്തി തരുന്നുണ്ട് സംവിധായകൻ. കാരംസ് കളിച്ചു നടന്നിരുന്ന ഒരു സാധാരണ അപ്പാവി  പയ്യന്റെ രൂപത്തിൽ നിന്നും തുടങ്ങി അൻപ് എന്ന കഥാപാത്രത്തിന്റെ ശരീര ഭാഷയിലും രൂപത്തിലും നോട്ടത്തിലുമുള്ള  പകർന്നാട്ടങ്ങളെ മികവുറ്റതാക്കി മാറ്റാൻ ധനുഷിന് സാധിച്ചിട്ടുണ്ട്. ഒരു വേള അൻപ് ചിന്തിക്കുന്നത് പോലെ ആരുടെ പക്ഷമാണ് ശരി ആരുടെ പക്ഷമാണ് തെറ്റ് എന്നറിയാതെ സിനിമ കാണുന്ന പ്രേക്ഷകനും ആശയ കുഴപ്പത്തിലായി പോകുന്നുണ്ട്. കഥ പറയുന്ന ആ ഒരു  ശൈലി കൊണ്ട് തന്നെ സ്‌ക്രീനിൽ കാണുന്ന ഓരോ കഥാപാത്രങ്ങളുടെയും കൂടെ കഥയറിയാതെ അവരുടെ  പക്ഷം പിടിച്ചു കാണാൻ നിർബന്ധിതരാകുകയാണ്  കാണുന്നവർ. നെല്ലും പതിരും വേർ തിരിഞ്ഞു  ശരിയുടെ പക്ഷമെന്തെന്നു ബോധ്യമാകും വരെ കാഴ്ചക്കാരെ ഈ ഒരു അവസ്ഥയിലൂടെ കൊണ്ട് നടത്തുകയാണ് സംവിധായകൻ. കഥയറിയാതെ സ്‌ക്രീൻ കാഴ്ച കൊണ്ട് മാത്രം  അനുകൂലിച്ചു പോയ  കഥാപാത്രങ്ങളെ ഒടുക്കം പ്രേക്ഷകന് തന്നെ തള്ളിക്കളയേണ്ടി വരുന്നു. ഇത്തരത്തിൽ ദയയും സഹതാപവും വിശ്വാസവും പിടിച്ചു പറ്റുകയും  മറ്റൊരു ഘട്ടത്തിൽ അധികാരത്തിന് വേണ്ടി സ്വാർത്ഥതയുടെയും വിശ്വാസ വഞ്ചനയുടെയും ചതിയുടെയുമെല്ലാം  ആൾരൂപമായി മാറുകയും ചെയ്യുന്ന കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമ കൂടിയാണ് വട ചെന്നൈ. 

1987 തൊട്ട് 2003 വരെയുള്ള കാലയളവിൽ  വടക്കൻ ചെന്നൈയിൽ രൂപപ്പെടുന്ന ഗ്യാങ്ങുകളും അവർക്കിടയിൽ നടക്കുന്ന ശണ്ഠകളും വിഭാഗീയതകളും അധികാര തർക്കങ്ങളും കാലത്തിനൊപ്പം കൃത്യമായി അടയാളയപ്പെടുത്താൻ സംവിധായകന് സാധിക്കുന്നുണ്ട്. സിനിമ കടന്നു പോകുന്ന ഓരോ കാലഘട്ടത്തിന്റെയും ഓർമ്മപ്പെടുത്തൽ എന്ന നിലക്ക് MGR ന്റെയും രാജീവ് ഗാന്ധിയുടേയുമൊക്കെ മരണ വാർത്തകൾ കടന്നു വരുന്നത് കാണാം. 'വട ചെന്നൈ' യുടെ സ്ക്രിപ്റ്റ്  എന്ന് പറയുന്നത് ഒരു വിഷയത്തിലെ വിവിധ അധ്യായങ്ങൾ എന്ന കണക്കെയാണ്. ചോരക്കറയുള്ള  ഓരോ അധ്യായങ്ങളും അവസാനിക്കുന്നത് പകയുടെയും പ്രതികാരത്തിന്റെയും പുതിയൊരു അധ്യായത്തിലേക്കുള്ള സൂചന തന്നു കൊണ്ടാണ്. ധനുഷിന്റെ കഥാപാത്രം അൻപ്  പറയുന്ന പോലെ ഒരാൾ മരിച്ചത് കൊണ്ട് മാത്രം തീരുന്ന ശണ്ഠയല്ല ഇത്. ജയിക്കാനാണെങ്കിലും തോൽക്കാനാണെങ്കിലും ശണ്ഠ ചെയ്തേ പറ്റൂ. "' കുടിസിയോ കുപ്പമേടോ ഇത് നമ്മ ഊരു താ ..നമ്മ താ അത് പാത്തുക്കണോ ..നമ്മ താ അതുക്കാകെ സണ്ട സെയ്യണൊ" എന്ന് പറയുന്ന തലത്തിലേക്ക് അൻപ് എന്ന കഥാപാത്രം ശക്തപ്പെടുന്നിടത്തു നിന്നാണ് രാജൻ അവസാനിച്ചിടത്ത് നിന്ന് അതേ നിലപാടുകൾ കൊണ്ട് അൻപിൻറെ കാലം ആരംഭിക്കാൻ പോകുന്നത്.  'വട ചെന്നൈ' യിലെ ശണ്ഠ അവസാനിക്കാനുള്ളതല്ല  പൂർവ്വാധികം രക്തകലുഷിതമായി തുടരാനുള്ളതാണ് എന്ന് വ്യക്തം. 

ആകെ മൊത്തം ടോട്ടൽ = ഗ്യാങ്‌സ്റ്റർ സിനിമകളുടെ ഒരു തിരുത്തിയെഴുത്താണ് 'വട ചെന്നൈ'. പതിഞ്ഞ താളത്തിൽ തുടങ്ങി മെല്ലെ മെല്ലെ മുറുകുന്ന സിനിമ. വയലൻസിന്റെയും പ്രതികാരത്തിന്റെയുമൊക്കെ  ഒരു ക്ലാസ്സിക് സിനിമാവിഷ്ക്കാരം എന്ന് വേണമെങ്കിൽ പറയാം. അനുരാഗ് കശ്യപിന്റെ Gangs of Wasseypur ന്റെ ഒരു തമിഴ് പതിപ്പ് എന്ന് തോന്നിപ്പോയാലും തെറ്റില്ല. സന്തോഷ് നാരായണന്റെ സംഗീതവും വേൽ രാജിന്റെ ഛായാഗ്രഹണവും സിനിമയുടെ കണ്ണും കരളുമാണ്. ധനുഷ്-വെട്രിമാരൻ കോമ്പോയുടെ മികവ് എന്നതിനപ്പുറം ഈ സിനിമയിൽ അണി നിരന്ന ഓരോ നടീനടന്മാരുടെയും  പ്രകടന മികവിന്റെ  ആകെത്തുകയാണ് വട ചെന്നൈയുടെ ഭംഗി ഇരട്ടിപ്പിക്കുന്നത്. ഐശ്വര്യ രാജേഷിന്റെ നായികാ സ്ഥാനത്തേക്കാൾ പ്രകടനം കൊണ്ട് ശക്തമായ സ്ത്രീ കഥാപാത്രമായി മാറുന്നു ആൻഡ്രിയ. ആദ്യ പകുതി ഒരൽപ്പം ലാഗ് തോന്നുമെങ്കിലും അത് സിനിമയുടെ അവതരണ ശൈലിയുടെ ഭാഗമായി ഉൾക്കൊള്ളാവുന്നതാണ്. എന്തായാലും വരാനിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ഒരു ഉശിരൻ തുടക്കം മാത്രമാണ് ഈ സിനിമ. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. 

*വിധി മാർക്ക് = 8.5/10 

-pravin- 

Friday, October 12, 2018

പ്രണയ പരിശുദ്ധിയുടെ '96'

ഇഷ്ടപ്പെട്ട പ്രണയ സിനിമകൾ പലതുണ്ടെങ്കിലും '96' മനസ്സ് കവരുന്നത് അതിലെ പ്രണയത്തിന്റെ നിഷ്കളങ്കതയും പരിശുദ്ധിയും കൊണ്ടാണ്. ആത്മാർത്ഥമായ പ്രണയങ്ങൾ തന്നെയെങ്കിലും പല കാരണങ്ങളാൽ പിരിയേണ്ടി വന്നവരും, തേച്ചിട്ടു പോയവരും, ഒരിക്കലും ഒന്നിക്കാനാകില്ലെന്നു കണ്ട് പ്രണയ സാക്ഷാത്ക്കാരത്തിനായി വീട് വിട്ടിറങ്ങി പോയവരുമടക്കം എത്രയെത്ര വിധം പ്രണയിതാക്കളുടെ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നോർക്കണം. ഉൾക്കൊണ്ടില്ലെങ്കിലും പ്രണയത്തെ നിഷേധിക്കാനാകില്ല ഒരു സ്വാഭാവിക മനുഷ്യന് എന്നത് കൊണ്ട് തന്നെ പ്രണയം രുചിക്കാത്ത മനുഷ്യ മനസ്സുകൾ ഇല്ലെന്നു വേണം കരുതാൻ.  പ്രണയം തുറന്നു പറയാതെ മനസ്സിൽ കൊണ്ട് നടന്ന് ആരുമറിയാതെ ഒളിപ്പിച്ചു വച്ച് ജീവിച്ചവരായിരിക്കാം ഒരു പക്ഷേ പ്രണയിതാക്കളിലെ ഏറ്റവും വലിയ വിഭാഗം.  ഒരു പ്രണയ സിനിമ എന്നതോടൊപ്പം തന്നെ സൗഹൃദത്തിന്റെയും രണ്ടു വ്യക്തികൾ തമ്മിലുള്ള പരസ്പ്പര ധാരണകളുടെയും വിശ്വാസങ്ങളുടെയുമൊക്കെ തീവ്രത ബോധ്യപ്പെടുത്തി  തരുന്ന സിനിമ എന്ന നിലക്കും ശ്രദ്ധേയമാണ് സി പ്രേം കുമാറിന്റെ '96'. അത് കൊണ്ടെല്ലാം തന്നെ എല്ലാ വിധ  പ്രേക്ഷകർക്കും ഉൾക്കൊള്ളാനും ആസ്വദിക്കാനും അതിലേറെ അനുഭവിക്കാനും സാധിക്കുന്ന മനോഹരമായ ഒരു സിനിമാവിഷ്ക്കാരം കൂടിയാണ് '96'. 


റാം-ജാനു പ്രണയത്തെ ഫോക്കസ് ചെയ്യുമ്പോഴും സിനിമയിൽ റാമിനു ജാനുവിനോടുള്ള പ്രണയവും ജാനുവിന് റാമിനോടുള്ള പ്രണയവും രണ്ടും രണ്ടായി തന്നെ വരച്ചിടാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ജാനുവിന്റെ മുഖത്തേക്ക് ഒന്ന് നേരെ നോക്കാനുള്ള ധൈര്യം പോലും ഇല്ലാതെയാണ് റാം ജാനുവിനെ പ്രണയിക്കുന്നതെങ്കിൽ ജാനു അതിന് നേരെ വിപരീതമാണ്. തന്നെ  കാണുമ്പോൾ ഹൃദയ മിടിപ്പുകൾ കൂടിക്കൂടി  ബോധ രഹിതനാകുന്ന റാമിന്റെ പ്രണയത്തിന്റെ തീവ്രത ജാനുവിന് അറിയാൻ സാധിക്കുന്നെങ്കിലും ജാനുവിന് തന്നെ എത്രത്തോളം ഇഷ്ടമാണ് അല്ലെങ്കിൽ തന്നോട് സത്യത്തിൽ പ്രണയമുണ്ടോ എന്ന് പോലും സംശയിച്ചു നിക്കുകയാണ്  റാം. ഒരു പരിധി വരെ  റാം എന്നത് അപകർഷതാ ബോധത്തിന്റെ ആൾരൂപമാണെങ്കിൽ മറു ഭാഗത്ത് അത് അത്രയും നിഷ്ക്കളങ്കതയുടെ കൂടി രൂപമാണ്.  റാമെന്ന  കഥാപാത്രത്തിന്റെ നിഷ്ക്കളങ്കത അപ്പാടെ റാമിന്റെ പ്രണയത്തിലും കാണാൻ സാധിക്കും. ആ നിഷ്ക്കളങ്കത കൊണ്ട് തന്നെയാണ് നഷ്ടപ്രണയത്തെ ഇത്രമേൽ ജീവിതത്തിലുടനീളം കൊണ്ട് നടക്കാൻ റാമിന് സാധിക്കുന്നതും. ഒരു വേള ജാനുവിനെ പ്രണയിച്ചതിനേക്കാൾ കൂടുതൽ ആ  നഷ്ട പ്രണയത്തെയും ഓർമ്മകളേയുമാണോ റാം പ്രണയിക്കുന്നത് എന്ന് പോലും തോന്നിപ്പോകുന്നു. 

96 ബാച്ചിലെ പഴയ സ്ക്കൂൾ സഹപാഠികൾ ഒരുമിച്ച് ഒരു ദിവസം ഒത്തു കൂടാൻ തീരുമാനിക്കുന്നിടത്തു നിന്നും തുടങ്ങുന്ന ആവേശം അവർ ഒത്തു ചേർന്നു പിരിയുന്ന നേരം വരെ കാണാൻ സാധിക്കും. ഫോണും വാട്സാപ്പും സ്‌കൈപ്പും തുടങ്ങി പരസ്പ്പരം ആശയ വിനിമയത്തിനുള്ള എല്ലാ സാങ്കേതിക വിദ്യകളും ഉണ്ടായിട്ട് പോലും പഴയ സഹപാഠികൾക്ക് ഒരുമിച്ചൊരു ദിവസം കൂടണമെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന്  ബോധ്യപ്പെടുത്തി തരുന്ന സീനും കൂടിയാണത്.   ഇരുപത് കൊല്ലങ്ങൾ കഴിഞ്ഞു എന്ന് വിശ്വസിക്കാനാകാതെ നിന്നു പോകുന്ന കൂട്ടുകാരനും, പഴയ സ്ക്കൂൾ പ്രായത്തിന്റെ ഓർമ്മയിൽ പെരുമാറി പോകുന്നവരും, ഒത്തു കൂടാൻ സാധിക്കാതെ പോയവരുടെ വീഡിയോ കാളുകളുമൊക്കെ അത്തരമൊരു ഒത്തു കൂടലിലെ സ്വാഭാവിക കാഴ്ചകളാണ്.  റാം-ജാനു പ്രണയത്തെ കാലങ്ങൾ കഴിഞ്ഞിട്ടും ഗൗരവത്തോടെ  ഓർക്കുന്ന കൂട്ടുകാർ അവരുടെ കൂടി കാഴ്ചയെ ഒരേ സമയം ആശങ്കയോടെയും കൗതുകത്തോടെയും ദൂരെ നിന്ന് നോക്കി കാണുന്നുണ്ട്. എത്ര മുതിർന്നാലും പഴയ പ്രണയത്തിന്റെ ഓർമ്മകളിൽ ഏതൊരു മനുഷ്യരും  ചെറുപ്പമാകുന്നു. പ്രായ പരിധികളില്ലാതെ  ഒരു മനുഷ്യനെ അവ്വിധം സ്വാധീനിക്കാനും മാറ്റാനുമൊക്കെ  ഒരു പക്ഷേ പ്രണയമെന്ന വികാരത്തിന് മാത്രം സാധിക്കുന്ന ഒന്നാകാം.  

വർഷങ്ങൾക്ക് ശേഷമുള്ള റാം-ജാനു കൂടിക്കാഴ്ച അതി ഗംഭീരമായിട്ടു തന്നെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. റാമിന്റെ ഹൃദയമിടിപ്പുകളും  ജാനുവിന്റെ കണ്ണുകളും  ആ കൂടിക്കാഴ്ചയുടെ തീവ്രത നമുക്ക് ബോധ്യപ്പെടുത്തി തരുന്നു. വിജയ് സേതുപതി ഈ സിനിമയിൽ  മനോഹരമായി കൈകാര്യം ചെയ്ത കുറേ  സീനുകളിൽ വച്ച്   ഏറ്റവും ഗംഭീരമെന്നു തോന്നിപ്പിച്ച ഒരു സീൻ കൂടിയാണത്.   തൃഷയെ സംബന്ധിച്ചിടത്തോളം ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരിയുടെ പ്രകടന മികവ് കൊണ്ട്  തന്നെ ആ കഥാപാത്രം പൂർണ്ണതയിലെത്തി എന്നതിനാൽ നിർഭാഗ്യവശാൽ  ഗൗരിയെ മറി കടക്കും വിധമൊരു പ്രകടന സാധ്യത ഇല്ലാതെ പോകുന്നുണ്ട്. എന്നിട്ടും തൃഷയുടെ ജാനു പ്രേക്ഷക മനസ്സിലേക്ക് കേറിപ്പോകുന്നത് ഗോവിന്ദ് മേനോന്റെ സംഗീത പിന്തുണ കൊണ്ടാണ്. പ്രണയ സാക്ഷാത്ക്കാരമല്ല നഷ്ട പ്രണയങ്ങളാണ് യഥാർത്ഥത്തിൽ  പ്രണയത്തെ അനശ്വരമാക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളുണ്ട് സിനിമയിൽ. ഇരുപത് വർഷങ്ങൾക്ക് മുന്നേ കണ്ടു പിരിഞ്ഞവർ വർഷങ്ങൾക്കിപ്പുറം കിട്ടിയ ഒരൊറ്റ രാത്രി കൊണ്ട് എന്തെല്ലാം പറഞ്ഞു തീർക്കാൻ ശ്രമിക്കുന്നു, എന്തെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തുന്നു. പരസ്പ്പരം അറിയാതെ പോയ കാര്യങ്ങൾ, തെറ്റിദ്ധാരണകൾ, വർത്തമാനകാല ജീവിത വിശേഷങ്ങൾ  അങ്ങിനെ എന്തെല്ലാം വിഷയങ്ങൾ. ആ രാത്രി അവസാനിച്ചു പോകരുതേ എന്ന് റാമും ജാനുവും ആഗ്രഹിക്കുന്ന പോലെ കാണുന്നവരും ആഗ്രഹിച്ചു പോകുകയാണ്. 


രാത്രി മുഴുവൻ ഒരൊറ്റ  റൂമിൽ  അവിവാഹിതാനായ  റാമും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ  ജാനുവും തങ്ങളുടെ പ്രണയ ഓർമ്മകളും ചിന്തകളും  പങ്കിടുമ്പോൾ അവിടെയൊന്നും പ്രണയത്തിന്റെ ബൈ പ്രോഡക്റ്റ് എന്ന നിലക്ക് ഒരു ചുംബനത്തെ പോലും കൊണ്ട് വരാതെ ആ രംഗങ്ങളെയെല്ലാം തീർത്തും രണ്ടു വ്യക്തികളുടെ  നഷ്ട പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അതിലേറെ പരസ്പ്പര വിശ്വാസത്തിന്റെതുമാക്കി മാറ്റുന്ന സംവിധായകന്റെ നിലപാടാണ്  ഈ സിനിമയിലെ പ്രണയത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത് എന്ന് പറയേണ്ടി വരും. നഷ്ടപ്രണയത്തെയോർത്ത് വിങ്ങുമ്പോഴും ഭൂതകാലത്തെ പ്രണയ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാതെ  യാഥാർഥ്യ ബോധത്തോടെ പെരുമാറാനും വർത്തമാന കാല ജീവിതവുമായി പൊരുത്തപ്പെട്ടു മുന്നോട്ട് പോകാനുമുള്ള പക്വതയുണ്ടാകുന്നു  കഥാപാത്രങ്ങൾക്ക്.  നഷ്ട പ്രണയത്തിൽ അഭിരമിച്ചു ജീവിച്ചു കൊണ്ടിരിക്കുന്ന  റാമാണ് ഏറ്റവുമൊടുക്കം ഇക്കാര്യത്തിൽ ഏറെ പക്വമായി പെരുമാറുന്നത് എന്നതും ശ്രദ്ധേയമാണ്. ഉറങ്ങുന്ന ജാനുവിനെ നോക്കി അവളുടെ കഴുത്തിലെ  താലിയെ ബഹുമാനത്തോടെയും പ്രാർത്ഥനകളോടെയും വണങ്ങുമ്പോഴുള്ള റാമിന്റെ മുഖത്തെ സന്തോഷം തന്റെ നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ പെട്ടിയിൽ അടുക്കി വക്കുന്ന നേരത്തും അത് പോലെ തന്നെ കാണാം. എത്ര മനോഹരമായ അവതരണത്തിലൂടെയാണ് സംവിധായകൻ ആ പ്രണയ സങ്കൽപ്പത്തെ പറഞ്ഞവസാനിപ്പിക്കുന്നത് എന്ന്  നോക്കൂ. 

ആകെ മൊത്തം ടോട്ടൽ =പ്രണയിച്ച് ഒരുമിച്ചവർക്ക് ഒരായിരം പ്രണയോർമ്മകൾ സമ്മാനിക്കുന്ന സിനിമ. പ്രണയിക്കാത്തവർക്ക് പ്രണയം അനുഭവപ്പെടുത്തുന്ന സിനിമ. പ്രണയിച്ചു വേർപിരിഞ്ഞു പോയവർക്ക് നഷ്ട പ്രണയത്തിന്റെ നോവു  തരുന്ന സിനിമ. അങ്ങിനെ പറഞ്ഞു പോകുമ്പോൾ ഇത് എല്ലാവർക്കും കാണാവുന്ന സിനിമയാണ്. ഹൃദയം കൊണ്ട് കണ്ട് അനുഭവിച്ചറിയേണ്ട സിനിമയാണ്. പ്രണയത്തെ ഇത്ര പരിശുദ്ധമായും നിഷ്ക്കളങ്കമായും അവതരിപ്പിച്ചു കണ്ട മറ്റൊരു സിനിമ വേറെയുണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു. 

* വിധി മാർക്ക് = 9/10 

-pravin-

Friday, August 10, 2018

ജോഷ്വായുടെയും ജെന്നിയുടെയും 'കൂടെ'..

കഥകളുടെ ദൃശ്യാവിഷ്ക്കാരം എന്നതിലുപരി നമുക്കറിയുന്നതും അറിയാത്തതുമായ പലരുടെയും ജീവിതങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും അനുഭവപ്പെടുത്തലുകളുമാകാറുണ്ട് ചില സിനിമകൾ. അഞ്ജലി മേനോൻ തിരക്കഥകളിലും സിനിമകളിലും അത്തരം അനുഭവപ്പെടുത്തലുകളാണ് എന്നും ഉണ്ടായിട്ടുള്ളത്. മഞ്ചാടിക്കുരുവിലെ വിക്കിയും റോജയും, ഉസ്താദ് ഹോട്ടലിലെ ഫൈസിയും കരീംക്കയും, ബാംഗ്ലൂർ ഡെയ്സിലെ ദിവ്യ-അജു-കൃഷ്‌ണൻ കൂട്ടുകെട്ടുമൊക്കെ അപ്രകാരം സിനിമക്കപ്പുറം കാണുന്നവന്റെ മനസ്സിൽ ചിലത് ഓർമ്മപ്പെടുത്തുകയും അടയാളപ്പെടുത്തുകയുമൊക്കെ ചെയ്തത് കൊണ്ടാണ് ആ സിനിമകളുടെയൊക്കെ 'കൂടെ' ഇന്നും പ്രേക്ഷകരുള്ളത്. അഞ്ചു മിനുട്ടിൽ പറഞ്ഞു തീർക്കാവുന്ന കൊച്ചു കഥയെ അതിനൊത്ത തിരക്കഥയിലേക്കു പടർത്തി എഴുതുകയും ദൃശ്യാവിഷ്ക്കാരം കൊണ്ട് കാണുന്നവന്റെ ഉള്ളു തൊടുകയും ചെയ്യുന്ന സിനിമാ നിർമ്മിതികളാണ് ഇക്കാലയളവിൽ അഞ്ജലിയുടേതായി നമുക്ക് മുന്നിലെത്തിയത്. അക്കൂട്ടത്തിൽ മഞ്ചാടിക്കുരു കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് എത്തി നിൽക്കുന്ന സിനിമയാണ് കൂടെ എന്ന് പറയാം. 2014 ൽ റിലീസായ സച്ചിൻ കുണ്ഡൽക്കറിന്റെ മറാത്തി സിനിമ 'ഹാപ്പി ജേർണി' യുടെ പുനരാവിഷ്ക്കരണമാണ് എങ്കിലും ദൃശ്യപരിചരണം കൊണ്ടും അവതരണം കൊണ്ടും മലയാളി പ്രേക്ഷകന് പുതുമ സമ്മാനിക്കുന്നു 'കൂടെ'. 

മരിച്ചു പോയവരെ പിന്നീട് കാണാൻ സാധിക്കുമോ എന്ന ചോദ്യം യുക്തിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഇതേ ചോദ്യത്തിന് ഫാന്റസിയിൽ ഒരുപാട് ഉത്തരങ്ങളുണ്ട്. ഈ ഉത്തരങ്ങളും  അതുമായി ബന്ധപ്പെട്ട ഭാവനകളുമൊക്കെ മലയാളമടക്കമുള്ള ഭാഷാ സിനിമകളിൽ അവതരിപ്പിക്കപ്പെട്ടതുമാണ്. ആയുഷ്ക്കാലം സിനിമയിൽ ഹൃദയം മാറ്റി വെക്കപ്പെട്ട ബാലകൃഷ്ണനു മാത്രം കാണാൻ സാധിക്കുന്ന എബിയുടെ ആത്മാവിനെ ഓർത്തു പോകുകയാണ് ഈ സമയം. തീർത്തും അപരിചിതരായിരുന്ന അവർ രണ്ടു പേർക്കും ഇടയിൽ ഒരു 'ഹൃദയ ബന്ധം' രൂപപ്പെട്ടത് മുതലാണ് ബാലകൃഷ്ണന് മാത്രം കാണാൻ സാധിക്കുന്ന ആത്മാവായി എബി എത്തുന്നത്. 'ആയുഷ്ക്കാല'ത്തിലെ എബിക്കും 'കൂടെ' യിലെ ജെന്നിക്കും പ്രത്യക്ഷത്തിൽ സാമ്യതകൾ ഇല്ലെങ്കിലും അടിസ്ഥാനപരമായി രണ്ട് പേർക്കും ചില സാമ്യതകൾ ഉണ്ട് എന്ന് കണ്ടെത്താൻ സാധിക്കും. നിത്യരോഗിയായ അനിയത്തിയുടെ ചികിത്സക്കും സ്വന്തം കുടുംബത്തിനും വേണ്ടി ചെറു പ്രായത്തിൽ കടല് കടക്കേണ്ടി വന്ന ജോഷ്വക്ക് അനിയത്തിയെ ഒരുപാട് ഇഷ്ടമായിരുന്നെങ്കിലും പല കാരണങ്ങളാൽ അവളുമായി ആത്മബന്ധം പുലർത്താൻ സാധിക്കാതെ പോയി. എന്നിട്ടും അതേ അനിയത്തി മരണ ശേഷം ജോഷ്വക്ക് മുന്നിൽ മാത്രം പ്രത്യക്ഷപ്പെടുന്നു എന്നതിലാണ് ജെന്നി - ജോഷ്വ ആത്മ ബന്ധത്തിന്റെ തീവ്രത നമുക്ക് ബോധ്യമാവുക. ആയുഷ്‌ക്കാലത്തിലെ എബി ബാലകൃഷ്ണന് മുന്നിൽ നിന്നും മാഞ്ഞു പോകുന്നത് ഒരുപാട് വേദന സമ്മാനിച്ചാണെങ്കിൽ ജെന്നി ഒരു വേദനയായി എവിടെയും അവശേഷിക്കുന്നില്ല. ജീവിച്ചിരിക്കുമ്പോൾ അവൾക്ക് കിട്ടാതെ പോയ സന്തോഷങ്ങളെയും സാധിക്കാതെ പോയ ആഗ്രഹങ്ങളെയും നഷ്ടപ്പെട്ടു പോയ നല്ല മുഹൂർത്തങ്ങളെയുമൊക്കെ അവൾ തിരിച്ചു പിടിക്കുന്നത് മരണ ശേഷമാണ്. മരണാസന്നയായി കിടന്ന മുറിയിൽ ആകാശത്തിലേക്ക് തുറന്നിട്ട ജനാലകളെയും പറക്കുന്ന പക്ഷികളെയും വരച്ചു കൊണ്ട് പുതിയൊരു ലോകവും സ്വാതന്ത്ര്യ ബോധവുമൊക്കെ അവൾ ആദ്യമേ ഒരുക്കിയിട്ടിരുന്നു എന്ന് വേണം കരുതാൻ. 

ഒരു കുടുംബ കഥ എന്ന സ്ഥിരം ചട്ടക്കൂട്ടിൽ നിന്ന് പറയാമായിരുന്ന ഒരു കഥയിൽ ജെന്നിയുടെയും ജോഷ്വയുടെയും മാത്രമായ ഒരു മനോരാജ്യം ഉണ്ടാക്കിയെടുക്കുക വഴി അവതരണ സാധ്യതകൾക്കൊപ്പം അതെല്ലാം അവതരിപ്പിച്ചു ഫലിപ്പിക്കുക എന്ന റിസ്‌ക്കും കൂടിയുള്ള സിനിമയായിരുന്നു 'കൂടെ'. 'ഹാപ്പി ജേർണി'ക്ക് വേണ്ടി സച്ചിൻ കുണ്ഡൽക്കർ വെട്ടിയ വഴി മുന്നിലുണ്ടായിരുന്നത് കൊണ്ട് താരതമ്യേന അഞ്ജലി മേനോന് അധികം റിസ്ക്ക് എടുക്കേണ്ടി വന്നിട്ടില്ല എന്ന് മാത്രം. അതേ സമയം മലയാളത്തിലധികം കണ്ടു പരിചയിച്ചിട്ടില്ലാത്ത വഴിയിലൂടെ ഇത്തരമൊരു സിനിമ അവതരിപ്പിക്കപ്പെടുമ്പോൾ പ്രേക്ഷക സ്വീകാര്യതയെ സംബന്ധിച്ച് ഉണ്ടായേക്കാവുന്ന റിസ്കിനെ അഞ്ജലി മേനോൻ മേക്കിങ്ങിലെ മികവ് കൊണ്ട് അനായേസേന മറി കടക്കുന്നു. മറ്റാരേക്കാളും ജോഷ്വയെ അഗാധമായി സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്ത ജെന്നിക്ക് മരണാനന്തരം ജോഷ്വക്ക് മുന്നിൽ പ്രത്യക്ഷപ്പെടാനും കൂടെ നടക്കാനും സാധിക്കാതെ പോയെങ്കിലാണ് ഒരു പക്ഷേ 'കൂടെ' എന്ന സിനിമയിലെ യുക്തി ചോദ്യം ചെയ്യപ്പെടുക എന്ന് തോന്നുന്നു. രാജസേനന്റെ 'മേഘ സന്ദേശം' സിനിമയിലാണ് വെള്ള സാരിക്കു പകരം കളർ സാരികളിൽ പ്രത്യക്ഷപ്പെടുകയും, വിശപ്പും ദാഹവുമൊക്കെ തങ്ങൾക്കുമുണ്ടെന്നു പറഞ്ഞു ഇഡ്ഡലി കഴിക്കുകയുമൊക്കെ  ചെയ്യുന്ന ഒരു പ്രേതത്തെ കാണുന്നത്. ഇവിടെ ജെന്നിയും അത്തരം ക്ളീഷേകളെ ട്രോളുകയും ഇഷ്ട ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കുന്നുമൊക്കെ ഉണ്ട്. താനും കൂടി സംസാരിച്ചില്ലെങ്കിൽ ഇതൊരു അവാർഡ് സിനിമ പോലെയാകുമെന്ന് ജെന്നിയെ കൊണ്ട് പറയിപ്പിക്കുക വഴി സംവിധായിക സെൽഫ് ട്രോളിലൂടെ സിനിമയുടെ അത് വരെയുള്ള ഇമോഷണൽ മൂഡിനെ ഒറ്റയടിക്ക് മാറ്റിയെടുക്കുന്നു. 

പണ്ടേ അന്തർമുഖനെന്നു തോന്നിച്ച ജോഷ്വ എങ്ങിനെയായിരിക്കും ഒറ്റപ്പെടലുകളെയും മാനസിക പീഡനങ്ങളെയും അതിജീവിച്ചത് എന്ന് തോന്നിപ്പിച്ചു കളയുന്ന ചില ക്ളോസപ്പ് ഷോട്ടുകളുണ്ട് സിനിമയിൽ. ജോഷ്വയെ ഗൾഫിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ബന്ധുവിന്റെ കൈകൾ അവനെ അശ്ലീലമായി തൊടുകയും തലോടുകയും ചെയ്യുന്നത്  കാണുമ്പോൾ  പ്രേക്ഷകന്റെ  ശരീരത്തിൽ പാമ്പിഴഞ്ഞു പോകും. അത്ര കണ്ട് ഭീകരമായി അങ്ങിനെയൊരു സീൻ ഒരുക്കാൻ ഒരുപാട് ഷോട്ടുകളൊന്നും വേണ്ടി വന്നില്ല സംവിധായികക്ക്. രഘു ദീക്ഷിതിന്റെ പശ്ചാത്തല സംഗീതം സിനിമയിലെ ഓരോ സീനുകൾക്കും കൊടുക്കുന്ന പിന്തുണയും കേട്ടറിയേണ്ടത് തന്നെയാണ്. അഞ്ജലി മേനോനൊപ്പം തന്നെ ഈ സിനിമയുടെ ക്രെഡിറ്റ് വലിയ തോതിൽ അവകാശപ്പെടാവുന്ന മറ്റൊരാളാണ് ലിറ്റിൽ സ്വയമ്പ്‌. എഴുതി വച്ചിരിക്കുന്നതിനപ്പുറമുള്ള കാര്യങ്ങൾ കാമറ കാഴ്ച കൊണ്ട് അനുഭവഭേദ്യമാക്കും വിധം ഗംഭീരമായിരുന്നു ലിറ്റിൽ സ്വയമ്പിന്റെ ഛായാഗ്രഹണം. ഗൾഫിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജോഷ്വക്ക് പുറകെയുള്ള കാമറയുടെ സഞ്ചാരം മരുഭൂമിയിലൂടെയുള്ള നീണ്ട റോഡും റൌണ്ട്അബൗട്ടും കറങ്ങി തിരിഞ്ഞു വരുമ്പോൾ എഴുതി കാണിക്കുന്ന ടൈറ്റിൽ തൊട്ട് വയനാട് ചുരം കയറിയിറങ്ങി ഗൂഡല്ലൂരിലെ പള്ളി സെമിത്തേരിയിൽ എത്തും വരെയുള്ള   ഹെലികാം ഷോട്ടുകൾ സ്‌ക്രീനിൽ കാഴ്ചയുടെ വിസ്മയം തീർക്കുന്നു.  

ആകെ മൊത്തം ടോട്ടൽ = ദൃശ്യ ഭാഷ കൊണ്ട് വേറിട്ട ആസ്വാദനാനുഭവം സമ്മാനിക്കുന്ന സിനിമയാണ് കൂടെ. അവതരണ ശൈലി കൊണ്ടും പൃഥ്വിരാജ് നസ്രിയ പാർവ്വതി എന്നിവരുടെ പ്രകടനം കൊണ്ടും സിനിമ മികച്ചു നിൽക്കുന്നു. നസ്രിയ തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയപ്പോൾ 'മൈ സ്റ്റോറി' യിൽ ഫ്ലോപ്പായ താരജോഡിയുടെ ക്ഷീണം  'കൂടെ'യിലൂടെ തീര്‍ക്കാന്‍ പൃഥ്വരാജിനും  പാര്‍വ്വതിക്കും സാധിച്ചു. ലോജിക്കില്ലായ്മകളും സമയ ദൈർഘ്യവും അനാവശ്യ ലാഗും കണക്കിലെടുക്കാതിരുന്നാൽ നിരാശപ്പെടുത്താത്ത സിനിമ. രണ്ടാം പകുതിക്ക് ശേഷം ജെന്നി എന്ന കഥാപാത്രം സിനിമയുടെ മൊത്തത്തിലുള്ള അവതരണത്തിലും ജോഷ്വ- സോഫി കഥാപാത്രങ്ങൾക്കിടയിലും ഒരുപോലെ ഒരു ബാധ്യതയായി മാറുന്ന ഘട്ടത്തിൽ സംവിധായിക എന്ന നിലക്ക് പുറകോട്ട് പോകുന്നുണ്ടെങ്കിലും ഒടുക്കം തന്റെ കൈയ്യൊപ്പ് പതിയും വിധം ഗംഭീരമായി തന്നെ പറഞ്ഞവസാനിക്കാൻ സാധിക്കുന്നു അഞ്ജലി മേനോന്. 

*വിധി മാർക്ക് = 7/10 

-pravin-

Friday, July 13, 2018

കുട്ടൻപിള്ളയുടെ ശിവരാത്രി ഓർമ്മപ്പെടുത്തലുകളുടെതാകുമ്പോൾ ..

മലയാള സിനിമ ഏറ്റവുമധികം ഉപയോഗിച്ച് മടുത്ത ഒരു കഥാപാത്രമാണ് കോൺസ്റ്റബിൾ കുട്ടൻപിള്ള. ശരിക്കും ആരാണ്  കുട്ടൻ പിള്ള എന്ന് ചോദിച്ചാൽ മലയാള സിനിമയിൽ ഒരുപാട് കേട്ടിട്ടും കണ്ടിട്ടും ഉള്ള ഒരു പോലീസ് കോൺസ്റ്റബിൾ കഥാപാത്രം എന്നതിനപ്പുറം വ്യാഖ്യാനിക്കാൻ ഒന്നുമില്ല. എന്നാൽ അതേ കുട്ടൻപിള്ളക്ക് പറയാൻ ഒരു കഥയും മേൽവിലാസവും ഉണ്ടാക്കി കൊടുക്കുകയാണ് ജോണിന്റെ 'കുട്ടൻ പിള്ളയുടെ ശിവരാത്രി'. പ്ലാച്ചോട്ടിൽ കുട്ടൻ പിള്ളക്ക് പ്ലാവിനോടും ചക്കയോടും മറ്റാരേക്കാളും കൂടുതൽ പ്രിയം വന്നത് യാദൃച്ഛികമാകാമെങ്കിലും ആ പ്രിയം എത്രത്തോളം ഗാഢമാണ് എന്ന് വ്യക്തമാക്കി തരുന്നുണ്ട് സിനിമയുടെ ക്ലൈമാക്സ്.  കോമഡി വേഷങ്ങളിൽ നിന്ന് സീരിയസ് വേഷങ്ങളിലേക്ക് കൂടുമാറുമ്പോൾ സുരാജ് എന്ന നടനിൽ പ്രകടമാകുന്ന പ്രതിഭാത്വം പല കുറി കണ്ടതെങ്കിലും കുട്ടൻപിള്ള എന്ന കഥാപാത്രം സുരാജിന്റെ കരിയറിലെ  വ്യത്യസ്തമായ ഒരു കഥാപാത്രമായി അടയാളപ്പെടുക  പ്രകടനത്തിലെ കയറ്റ ഇറക്കങ്ങളെ വളരെ അനായാസമായും ഭംഗിയായും തീവ്രമായുമൊക്കെ അതാത് സീനുകളിൽ  കൈകാര്യം ചെയ്തു എന്നതിലാണ്. 

കുട്ടൻ പിള്ളയുടെ ചക്ക പ്രിയം കാണുമ്പോൾ ഓർമ്മ വരുന്നത് സൂരജ് ടോമിന്റെ  പാ.വ സിനിമയിലെ വർക്കിയെയാണ്. കുട്ടൻ പിള്ളയോട് വർക്കി സമാനത പുലർത്തുന്നത് ചക്ക പ്രിയം കൊണ്ട് മാത്രമല്ല മരണം കൊണ്ടും കൂടിയാണ്. ചക്കയും ചക്ക വിഭവങ്ങളും  ഏറെ ഇഷ്ടപ്പെടുന്ന കുട്ടൻ പിള്ളയേയും വർക്കിയേയും മരണം കവരുന്നത് ഒരു പ്ലാവിന്റെ ചുവട്ടിൽ നിൽക്കുമ്പോഴാണ്. മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് വ്യക്തമാക്കി കൊണ്ട് തലയിൽ ചക്ക വീണു മരിക്കേണ്ടി വരുന്ന രണ്ടു കഥാപാത്രങ്ങൾ എന്നതോടെ കഴിയുന്നുണ്ട് കുട്ടൻ പിള്ളയും വർക്കിയും തമ്മിലുള്ള സമാനതകൾ.  അതിനപ്പുറം കഥാപാത്രപരമായും കഥാപരമായും ഈ പറഞ്ഞ രണ്ടു സിനിമകളും രണ്ടായി തന്നെ വേറിട്ട് നിൽക്കുന്നു. ശിവരാത്രി ആഘോഷത്തെ കുറിച്ചുള്ള  അജ്ഞതകൾ ആണോ അതോ മന:പൂർവ്വം  അങ്ങിനെ ചെയ്‌താൽ മതി എന്ന് തീരുമാനിച്ചതാണോ എന്താണെന്ന് അറിയില്ല വെടിക്കെട്ടും ശിങ്കാരി മേളവും കാളവേലയുമൊക്കെ സിനിമയിലെ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടു കാണിക്കുന്നുണ്ട്. കേരളത്തിലെ ശിവരാത്രി ദിനങ്ങളിൽ  പൊതുവേ  കണ്ടു പരിചയമില്ലാത്ത ആചാരങ്ങളും ആഘോഷ രീതികളുമൊക്കെ സിനിമക്ക് വേണ്ടി തുന്നിച്ചേർത്തതാണ് എന്ന് തന്നെ നിരീക്ഷിക്കേണ്ടി വരുന്നു.  

കേന്ദ്ര കഥാപാത്രമായ കുട്ടൻ പിള്ളയെയും കുട്ടൻ പിള്ളയുടെ കുടുംബത്തെയും ഫോക്കസ് ചെയ്തു കൊണ്ട് മുന്നേറുന്ന സിനിമ  ഒരേ  സമയം അപരിചിതരായ ഒരു കൂട്ടം ആളുകളുടെ കഥയിലേക്കും നമ്മളെ കൊണ്ട് പോകുന്നുണ്ട്.  ഒരു KSRTC  ബസിലെ അപരിചിതരായ  യാത്രക്കാർ എന്ന മട്ടിൽ പരിചയപ്പെടുത്തുന്ന ഓരോ കഥാപാത്രങ്ങളും പറഞ്ഞു മുഴുമിക്കാത്ത കഥകളെ പോലെയാണ്. മറ്റൊരു തരത്തിൽ നോക്കിയാൽ  ആ ബസ് നിറയെ പ്രണയം കൊണ്ട് നടക്കുന്ന കുറെ യാത്രക്കാരാണ് എന്ന് പറയേണ്ടി വരും.  പങ്കു വക്കാതെ പോകുന്ന പള്ളീലച്ചന്റെയും വേശ്യയുടേയും പ്രണയം, ഭാഷയും ദേശവും മറന്നുള്ള  അറബ് നാട്ടുകാരിയുടെയും  മലയാളിയുടെയും പ്രണയം, ഫോട്ടോഗ്രഫിയോടും  നൃത്തത്തോടുമുള്ള പ്രണയം മനസ്സിലേറ്റി  യാത്ര ചെയ്യുന്ന മറ്റു രണ്ട്  കൂട്ടർ. അങ്ങിനെ പേരറിയാത്ത ഒരു കൂട്ടം പ്രണയങ്ങളുടെ ബസ് യാത്ര. ഒരുപാട് ആഗ്രഹങ്ങളും  നിരാശകളും പ്രതീക്ഷകളും കൊണ്ട് ജീവിതത്തിന്റെ ഏതോ കോണിലേക്ക്  ബസ് കേറിയ  യാത്രക്കാർ എന്നതിൽ നിന്നും ഒരേ വിധി പങ്കിടാൻ എത്തിയ ആത്മാക്കൾ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയില്ലായിരുന്നെങ്കിൽ അവരുടെ  കഥകളും സിനിമയുടെ ഭാഗമാകുമായിരുന്നില്ലേ എന്ന് ചിന്തിച്ചു പോകുന്നുണ്ട് ഒരു ഘട്ടത്തിൽ.   

പ്ലാവ് മുറിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടൻ പിള്ളയുടെ വീട്ടിൽ  നടക്കുന്ന തർക്കങ്ങളും അനുബന്ധ ചർച്ചകളുമൊക്കെ ഒരു പരിധിക്കപ്പുറം ചെറിയ ലാഗ് ആയി മാറുന്നുണ്ടെങ്കിലും ഒരു കൂട്ടം പുതുമുഖങ്ങളുടെ റിയലിസ്റ്റിക് ഹാസ്യ പ്രകടനം കൊണ്ട് ശ്രദ്ധേയമായി മാറുന്നുണ്ട് പല സീനുകളും. എടുത്തു പറയാവുന്നത് ബിജു സോപാനത്തിന്റെ സുനീഷ് എന്ന കഥാപാത്രവും സുശീലനായി എത്തുന്ന കുമാറിന്റെയുമൊക്കെ പ്രകടനങ്ങൾ തന്നെ. ഊൺ മേശയിലെ സംഭാഷണങ്ങളും തർക്കങ്ങളുമൊക്കെ കഥാപാത്രങ്ങളുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഗൗരവത്തോടെയായെങ്കിലും കാണുന്ന പ്രേക്ഷകന് കോമഡിയായി അനുഭവപ്പെടുത്തുന്ന വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. സമാനമായി തന്നെ സെന്റിമെൻസ് വിട്ട് കോമഡിയിലൂടെയാണ്  മരണ വീടിനെ കാണിച്ചു തരുന്നത്. ഒരു മരണ വീട്ടിലെ സ്ഥിരം കാഴ്ചകളിൽ നിന്നും മാറി വേറിട്ട അവതരണം കൊണ്ട് രസകരമാക്കുന്നുണ്ട് അത്തരം പല സീനുകളും. 

ഏതെങ്കിലും ഒരു പ്രത്യേക ജെനറിൽ ഉൾപ്പെടുത്താവുന്ന  സിനിമയല്ല കുട്ടൻപിള്ളയുടെ ശിവരാത്രി. ഹൊററും കോമഡിയും ഫിക്ഷനുമൊക്കെ കൂടി കുഴഞ്ഞു കൊണ്ടാണ് ജോണും  ജോസ്‌ലെറ്റും സിനിമയുടെ തിരക്കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുട്ടൻപിള്ള എന്ന കഥാപാത്രത്തിന്റെ മാനറിസം തന്നെ ഒരുപാട് പ്രത്യേകത കൽപ്പിക്കാവുന്നതാണ്. സിനിമയിൽ ഒരിടത്തും ഒട്ടും ചിരിക്കാതെ ഗൗരവ മുഖഭാവവുമായാണ് സുരാജിന്റെ കുട്ടൻ പിള്ളയെ കാണാൻ സാധിക്കുന്നതെങ്കിലും  അയാളുടെ സംസാരങ്ങൾ പലപ്പോഴും കാണികളെ ചിരിപ്പിക്കുന്നു. തുടക്കം മുതൽ ചിരിക്കാത്ത മുഖവുമായി നടക്കുന്ന അതേ കുട്ടൻ പിള്ള ഒടുക്കം ചിരിക്കുമ്പോഴാകട്ടെ കാണികളുടെ കണ്ണ് നനയിക്കുകയുമാണ് ചെയ്യുന്നത്. കുട്ടൻ പിള്ള എന്തായിരുന്നു എന്ന്   അത്രത്തോളം തീവ്രമായി അടയാളപ്പെടുത്തുന്നുണ്ട്  ക്ലൈമാക്സിലെ ആ കണ്ണീർ നനവുള്ള ചിരി. 

വീട്ടു മുറ്റത്തേയും പറമ്പിലേയും മരങ്ങളെ കുടുംബത്തിലെ ഒരു അംഗം എന്ന കണക്കെ സ്‌നേഹിച്ചിരുന്ന പഴയ കാല തലമുറയെ അറിയാനും പഠിക്കാനും കുട്ടൻപിള്ള പറയാതെ ആവശ്യപ്പെടുന്ന ചില  സീനുകളുണ്ട് സിനിമയിൽ. കുട്ടൻപിള്ളയെ പോലെ തന്നെ മറക്കാനാകാത്ത ഒരു കഥാപാത്രമായി പ്ലാവ് സിനിമയിൽ തുടക്കം മുതൽ ഒടുക്കം വരെ  നിറഞ്ഞു നിന്നു എന്ന് പറയാം. കുട്ടൻ പിള്ളയുടെ കുടുംബ വിശേഷങ്ങൾക്ക്   വേണ്ടി തിരക്കഥയിലെ  അധിക സമയം ചിലവാക്കി എന്നത് കൊണ്ടാകാം  പറയാൻ ഉദ്ദേശിച്ച പ്രധാന വിഷയത്തിലേക്ക് എത്തിപ്പെടാൻ സിനിമ സമയമെടുക്കുന്നുണ്ട്. ഉപകഥകളിലേക്ക് പൂർണ്ണമായും കടന്നു ചെല്ലാനും സിനിമക്ക് സാധിച്ചില്ല. സമീപ കാലത്ത് കേരളത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ ഓർമ്മകളിലേക്ക് പ്രേക്ഷകനെ  കൊണ്ട് പോകുന്നിടത്താണ് കുട്ടൻ പിള്ള അത് വരെ കണ്ട കുട്ടൻ പിള്ളയല്ലാതാകുകയും  ഒരു  ഓർമ്മപ്പെടുത്തലായി മാറുന്നതും

ആകെ മൊത്തം ടോട്ടൽ = സുരാജിന്റെ മികച്ച പ്രകടനവും അവതരണത്തിലെ ഗ്രാമീണത കൊണ്ടുമൊക്കെയാണ്  കുട്ടൻ പിള്ളയുടെ ശിവരാത്രി  ശ്രദ്ധേയമാകുന്നത്. സയനോരയുടെ സംഗീതം സിനിമയുടെ കഥ പറച്ചിലിനോട് ചേർന്നു നിൽക്കും വിധമായിരുന്നു. അവസാന രംഗങ്ങളിലെ visual effects മലയാള സിനിമയെ സംബന്ധിച്ച് കുറ്റം പറയാനില്ലാത്ത വിധം ചിത്രീകരിച്ചു കാണാം. visual effect നൊപ്പം തന്നെ  മികച്ചു നിന്ന sound effect ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കാഴ്ചക്കും അപ്പുറം ഒരു വെടിക്കെട്ടിനെ ശബ്ദ വിസ്മയം കൊണ്ട് മനോഹരമാക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. മുൻനിര താരങ്ങൾ അല്ല ഒരു സിനിമയെ ആസ്വദനീയമാക്കുന്നത് എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അമിത പ്രതീക്ഷകൾ ഇല്ലാതെ  കണ്ടാൽ നിരാശപ്പെടുത്തില്ല ഈ കൊച്ചു സിനിമ. 

*വിധി മാർക്ക് = 5.5/10 

-pravin-

Wednesday, May 30, 2018

ചരിത്രത്തിൽ നുഴഞ്ഞു കയറുന്ന കമ്മാരന്മാർ


അതാത് കാലങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് പിൽക്കാലത്ത് ചരിത്രമായിട്ടുള്ളത് എന്നാണ്‌ പൊതു ധാരണയെങ്കിലും പലപ്പോഴും ചരിത്രം അപ്രകാരം ഉണ്ടാകുന്നതല്ല ചിലരൊക്കെ ചേർന്ന്  ഉണ്ടാക്കുന്നതാണ്  എന്ന് പറയാനാണ് കമ്മാര സംഭവം ശ്രമിക്കുന്നത്. ചരിത്ര പുസ്തകങ്ങളിൽ നിന്നും ചരിത്രകാരന്മാരിൽ നിന്നും നമ്മൾ അറിഞ്ഞിട്ടുള്ള എല്ലാ ചരിത്രവും സത്യം തന്നെയോ അതോ കെട്ടിച്ചമച്ച കഥകൾ മാത്രമോ എന്ന് സംശയിപ്പിക്കുന്ന വിധമാണ് കമ്മാര സംഭവം  വിവരിക്കപ്പെടുന്നത്. ഈ സിനിമക്ക് ചരിത്രപരമായ റഫറൻസുകൾ ഉണ്ടെങ്കിലും അതിന്റെ അവതരണത്തിൽ  ഒരു  തരത്തിലും  ആധികാരികതയോ സത്യസന്ധതയോ ഇല്ല. പറയാൻ ഉദ്ദേശിക്കുന്ന ആശയത്തെ പറഞ്ഞു ബോധ്യമാക്കാൻ വേണ്ടിയുള്ള  കഥാപാത്രപരമായ  ഉപകരണങ്ങൾ എന്ന കണക്കെയാണ് ഗാന്ധിജിയും നെഹ്രുവും സുഭാഷ് ചന്ദ്രബോസും ഹിറ്റ്ലറും അടക്കമുള്ള ചരിത്രത്തിലെ നേതാക്കളെ സിനിമയിൽ ഉപയോഗിച്ച് കാണുക. കമ്മാരന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്തോ അതിനു നേരെ വിപരീതമാണ് ചരിത്രമെന്നു പിന്നീട് വിശേഷിപ്പിക്കപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ ചരിത്രത്തിൽ ഇപ്രകാരം നുഴഞ്ഞ് കയറി പ്രശസ്തരായ കള്ള നാണയങ്ങളുടെ ജീവിത കഥയാണ് കമ്മാര സംഭവത്തിലൂടെ  അനാവരണം ചെയ്യുന്നത്. 

രാഷ്ട്രീയക്കാരെ അടപടലം ആക്ഷേപിക്കുന്ന ശൈലിയിലാണ് സിനിമ എന്നത് കൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടി അനുകൂലികൾക്ക് വളരെ നിരാശ സമ്മാനിക്കുന്ന ഒരുപാട് ഘടകങ്ങൾ സിനിമയിലുണ്ട്. കമ്മാരനും കേളുവും ഒതേനനും ഭാനുമതിയും തിലകനും അടക്കമുള്ള പ്രധാന കഥാപാത്രങ്ങളുടെ യഥാർത്ഥ കഥ പറയുന്ന ആദ്യ പകുതി അവതരണം കൊണ്ടും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടും മികച്ചു നിന്നപ്പോൾ രണ്ടാം പകുതി ആവർത്തന വിരസമായി. ആദ്യം പറഞ്ഞ അതേ കഥയുടെ വിപരീത അവതരണവും വളച്ചൊടിക്കപ്പെട്ട ചരിത്രവും  അവതരണത്തിലെ പാളിച്ചകളും ദൈർഘ്യ കൂടുതലും എല്ലാം കൂടെ രണ്ടാം പകുതി വീർപ്പ് മുട്ടിക്കലായി മാറുന്നുണ്ട്. പ്രമേയം കൊണ്ട് വളരെ പ്രസക്തമെന്നു തോന്നിച്ച സിനിമ നശിച്ചു പോകുന്നത് രണ്ടാം പകുതിയിലെ കഥയെ സ്പൂഫ് ആക്കാൻ ശ്രമിക്കുന്നിടത്താണ് എന്ന് പറയാം. ILP എന്ന രാഷ്ട്രീയ സംഘടനക്ക് വേണ്ടി കമ്മാരനെ മുൻനിർത്തി അയാളുടെ  ഇല്ലാത്ത ചരിത്രം സിനിമ എന്ന ജനകീയ മാധ്യമത്തെ ഉപയോഗിച്ച്  പറയുകയും ജനങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച്  കമ്മാരനെ അധികാരത്തിന്റെ  ശ്രേഷ്ഠ പദവിയിലെത്തിക്കുകയും ചെയ്യുമ്പോൾ മലയാളികളുടെ സൊ കാൾഡ്  രാഷ്ട്രീയ പ്രബുദ്ധതയെ കണക്കറ്റ് പരിഹസിക്കുകയാണ്  തിരക്കഥാകൃത്ത്. അപ്രകാരം സിനിമയിൽ കാണിക്കുന്നതൊക്കെയാണ് ചരിത്രം എന്ന് വിശ്വസിച്ചു പോകുന്നവരാണോ കേരളത്തിലെ വോട്ടർമാർ എന്ന് ചിന്തിച്ചു പോകും. ആ അർത്ഥത്തിൽ മലയാളികൾ ഒന്നടങ്കം വിഡ്ഢികളെന്നു സമർത്ഥിക്കുന്നു പോലുമുണ്ട് സിനിമ.  വന്ന വഴി മറക്കുക എന്നതാണ് രാഷ്ട്രീയ അധികാര കസേരയിൽ ഏറുന്നവരെല്ലാം ആദ്യം നടപ്പാക്കുന്ന കാര്യം എന്ന പൊതുവത്ക്കരണവും പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയ പ്രേക്ഷകർക്ക് സ്വീകരിക്കാൻ പാടാണ്. ഇങ്ങിനെ പറഞ്ഞു പോകുമ്പോൾ രാഷ്ട്രീയപരമായി വിയോജിക്കാൻ ഒരുപാട് കാര്യകാരണങ്ങൾ ഉള്ള സംഗതികളാണ് രണ്ടാം പകുതിയിൽ ചേർക്കപ്പെട്ടിരിക്കുന്നത് എന്ന് പറയാം. 

ഗാന്ധിജിയേയും  നെഹ്രുവിനെയും നേതാജിയേയുമൊക്കെ കൂടുതലും പരാമർശിക്കുന്നത് രണ്ടാം പകുതിയിലെ സ്പൂഫ് കഥയിലാണ് എന്നത് കൊണ്ട് പലർക്കും ചരിത്രമെന്ത് സ്പൂഫ് എന്ത് എന്നറിയാതെ അന്തം വിട്ടിരിക്കേണ്ടി വരും. ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്തു അല്ലെങ്കിൽ വികലമായി അവതരിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണങ്ങൾക്ക് ഒരു പരിധി വരെയേ പ്രസക്തിയുള്ളൂ. കാരണം ഈ സിനിമ തന്നെ അത്തരത്തിൽ ചരിത്രം വികലമാക്കാൻ ഉദ്ദേശിക്കുന്നവരെ കുറിച്ചാണ്.  ചരിത്രപരമായ ആശയക്കുഴപ്പങ്ങൾ  ഉണ്ടാക്കുക എന്നതിലുപരി ആദ്യം സംഭവിച്ച യഥാർത്ഥ കമ്മാര കഥയെ നേരെ തിരിച്ചു മറിച്ചിട്ട് സിനിമക്കുള്ളിലെ സിനിമയായി മാറ്റുമ്പോഴുള്ള  അവതരണപ്പിഴവുകളും  വ്യാഖ്യാന വൈകല്യങ്ങളുമാണ് കമ്മാര സംഭവത്തെ വിരസമാക്കുന്നത്. അത് കൊണ്ട് തന്നെ സിനിമയുടെ പ്രധാന ആശയത്തെയും  ആദ്യ പകുതിയെയും  ഇഷ്ടപ്പെടുമ്പോഴും  രണ്ടാം പകുതിയിലെ പുറം തിരിച്ചിട്ട കഥയുടെ അവതരണത്തിൽ നിരാശപ്പെടേണ്ടി വരുകയാണ്. ഗാന്ധിജിയെ ശത്രുവായി കാണുന്നതും കൊല്ലാൻ തീരുമാനിക്കുന്നതുമൊക്കെ ജന്മികളാണെന്നും അവരുടെ  വധ ശ്രമത്തിൽ നിന്നും കമ്മാരൻ  ഗാന്ധിജിയെ രക്ഷപ്പെടുത്തുകയുമാണ് ചെയ്യുന്നത് എന്നൊക്കെയുള്ള ഇല്ലാക്കഥകളുടെ ചരിത്രവത്ക്കരണം  സിനിമയിൽ  കമ്മാരന് നായക പരിവേഷം സമ്മാനിക്കുമ്പോഴും ഗോഡ്സേ ഭക്തർക്ക് നെറ്റി ചുളിക്കേണ്ടി വരുന്ന ഒരു ചെറിയ പരാമർശം പോലും സിനിമക്കിടയിൽ കടന്നു വരേണ്ടതില്ല എന്ന് തിരക്കഥാകൃത്തിനു നിർബന്ധം ഉണ്ടായിരുന്നതായി തോന്നിപ്പോകുന്നത് യാദൃശ്ചികമായിരിക്കാം. 

ആകെ മൊത്തം ടോട്ടൽ = ദിലീപിന്റെ കരിയറിലെ ഒരു വ്യത്യസ്ത വേഷം തന്നെയായിരുന്നു കമ്മാരൻ നമ്പ്യാർ. ആദ്യ പകുതിയിലെ നെഗറ്റിവ് പരിവേഷമുള്ള കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിക്കാൻ ദിലീപിന് സാധിച്ചു. സിദ്ധാർഥ് അത് പോലെ തന്നെ മികച്ച പ്രകടനമായിരുന്നു. ഒതേനന്റെ രണ്ടു വക ഭേദങ്ങളും അനായാസമായി അവതരിപ്പിക്കാൻ സിദ്ധാർഥിനും സാധിച്ചു കാണാം. പക്ഷെ മേൽപ്പറഞ്ഞ കഥാപാത്ര  പ്രകടനങ്ങൾക്കും കഥക്കുമൊക്കെ  ബാധ്യതയായി മാറുന്ന രണ്ടാം പകുതിയാണ് സിനിമയെ ചതിച്ചത്. History is a set of lies agreed upon എന്ന നെപ്പോളിയൻ വാചകത്തിന്റെ ദൃശ്യാവിഷ്‌കാരം എന്ന നിലക്ക് കമ്മാര സംഭവം ശ്രദ്ധേയമാണെങ്കിലും പറയാൻ ഉദ്ദേശിച്ച വിഷയം വേണ്ട പോലെ ഗംഭീരമാക്കാൻ സിനിമക്ക് സാധിക്കാതെ പോയി. സുനിലിന്റെ ക്യാമറയും ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും  സിനിമക്ക് നൽകിയ പിന്തുണ ചെറുതല്ല.  പുതുമുഖ സംവിധായകനെന്ന നിലയിൽ രതീഷ് അമ്പാട്ട് അഭിനന്ദനമർഹിക്കുന്നു. 

*വിധി മാർക്ക് = 6/10 

-pravin-

Friday, April 20, 2018

മെർക്കുറി - നിശബ്ദ സിനിമയുടെ തിരിച്ചു വരവ്

1913 ലെ  രാജ ഹരിശ്ചന്ദ്ര തൊട്ട് 1987 ൽ ഇറങ്ങിയ പുഷ്പക വിമാന വരെയുള്ള ഇന്ത്യൻ നിശബ്ദ സിനിമകളുടെ  കൂട്ടത്തിലേക്കാണ് കാർത്തിക് സുബ്ബ രാജിന്റെ 'മെർക്കുറി' കടന്നു വരുന്നത്.   ആദ്യ കാലങ്ങളിൽ സാങ്കേതിക വിദ്യയുടെ പരിമിതികൾ കൊണ്ട് ഡബ്ബിങ്ങും പശ്ചാത്തല സംഗീതവും അടക്കം പല ചേരുവകളും ഇല്ലാതെയുള്ള സിനിമാ നിർമ്മാണങ്ങൾ മാത്രമേ സാധ്യമായിരുന്നുള്ളൂ.  ശബ്ദ ഘോഷങ്ങളും പശ്ചാത്തല സംഗീതവുമൊക്കെയായി സിനിമാ നിർമ്മാണ മേഖല  പുതുക്കപ്പെട്ടപ്പോൾ മാത്രമാണ് പഴയ സിനിമകളെ നിശബ്ദ സിനിമകൾ എന്ന് വിളിക്കാൻ തുടങ്ങിയത് പോലും. ചാർളി ചാപ്ലിൻ സിനിമകൾക്കൊക്കെ ആഗോള തലത്തിൽ ഇപ്പോഴുമുള്ള സ്വീകാര്യത കണക്കിലെടുക്കുമ്പോൾ ഈ  സാങ്കേതിക കാലത്തെ  നിശബ്ദ സിനിമകൾക്ക് ആസ്വാദനത്തിന്റെ പുത്തൻ മാനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നിരുന്നിട്ടും ആ ഒരു ജനറിൽ  കാര്യമാത്രമായ സിനിമാ നിർമ്മാണങ്ങൾ ഇക്കാലയളവിൽ  ഉണ്ടായിട്ടില്ല എന്നത് ആശ്ചര്യമാണ്.  ഈ ഒരു  സാധ്യതയെ പ്രയോജനപ്പെടുത്തി കൊണ്ട്  നിശബ്ദ സിനിമാ നിർമ്മാണങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിക്കുക കൂടിയാണ് 'മെർക്കുറി' യിലൂടെ  കാർത്തിക് സുബ്ബരാജ്  ലക്‌ഷ്യം വക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. 

നിശബ്ദ സിനിമക്ക് വേണ്ടി ഒരു നിശബ്ദ സിനിമ ഉണ്ടാക്കുക എന്ന പഴയ ആശയത്തെ പാടെ തള്ളിക്കളഞ്ഞു കൊണ്ടാണ് മെർക്കുറിയുടെ സ്ക്രിപ്റ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ സംസാര ശേഷിയുള്ള കുറെ കഥാപാത്രങ്ങൾ നടത്തുന്ന മൈം ഷോയുടെ ഒരു സിനിമാറ്റിക്ക് വേർഷനല്ല മെർക്കുറി. ഇവിടെ പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ ബധിരരും മൂകരും ആണ് എന്നത് കൊണ്ട് തന്നെ സിനിമയിൽ നിശബ്ദതക്ക് കൃത്രിമത്വം ചമക്കേണ്ടി വരുന്നില്ല. കഥാപാത്രങ്ങൾ സംസാരിക്കാതിരിക്കാൻ  വ്യക്തമായ കാരണങ്ങൾ ഉള്ളത് കൊണ്ട്  മാത്രമാണ് ഈ സിനിമക്ക് ഭാഷ ഇല്ലാതാകുന്നത് എന്ന് സാരം . അതേ സമയം  സംസാര ശേഷിയുള്ള കഥാപാത്രങ്ങൾ എന്ന നിലക്ക് വന്നു പോകുന്ന പോലീസും വീട്ടു വേലക്കാരനുമൊക്കെ  ദൂരെ മാറി നിന്ന് കൊണ്ട് സംസാരിക്കുന്നതായി കാണുകയും ചെയ്യാം. അതൊന്നും പക്ഷെ സിനിമയുടെ നിശബ്ദമായ ആശയ വിനിമയങ്ങളെ  ബാധിക്കുന്നില്ല എന്ന് മാത്രം.  കഥയിൽ  ഇടയ്ക്കു കേറി വരുന്ന മറ്റൊരു പ്രധാന  കഥാപാത്രം അന്ധനാണ്. അയാളുടെ അപാരമായ കേൾവി ശക്തി പ്രേക്ഷകന്റെ കൂടി കേൾവിയായി  അനുഭവപ്പെടുത്തുന്ന വിധമാണ് സിനിമയിലെ സൗണ്ട് ട്രാക്കുകൾ എന്ന് പറയേണ്ടി വരും. സംസാര ശേഷിയും കേൾവിയും കാഴ്ചയുമില്ലാത്ത ഒരു പറ്റം കഥാപാത്രങ്ങൾക്കൊപ്പം ശബ്ദ വൈവിധ്യങ്ങളുടെ പിന്തുണയോടെ സിനിമയെ കഥക്കുമപ്പുറം അനുഭവഭേദ്യമാക്കുന്നതിൽ സംവിധായകൻ വിജയിച്ചു കാണാം. 

മറ്റൊരു പ്രധാന പൊളിച്ചെഴുത്ത് പ്രേതമെന്ന ആശയത്തിന്റെ അവതരണത്തിലാണ്. ഒരാൾ ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത കഴിവുകളോ  ശക്തികളോ ഒന്നും  മരിച്ചു പ്രേതമാകുമ്പോൾ ഉണ്ടാകില്ല എന്ന് കാണിച്ചു തരുന്നുണ്ട്  സിനിമ. ഉദാഹരണത്തിന് പറയുകയാണെങ്കിൽ ശാരീരിക വൈകല്യമുള്ള ഒരാളുടെ പ്രേതം അമാനുഷികനായി മാറില്ലെന്നും അയാൾ ജീവിച്ചിരിക്കുമ്പോൾ എങ്ങിനെയായിരുന്നോ അതേ ശാരീരിക ഘടനയുടെ പ്രതിരൂപം തന്നെയാണ് അയാളുടെ പ്രേതത്തിനും ഉണ്ടാകുക എന്ന നിലപാടാണ് 'മെർക്കുറി'ക്കുള്ളത്. മിസ്‌ക്കിന്റെ 'പിസാസ്' സിനിമയിൽ പ്രേതമെന്ന ആശയത്തെ വളരെ ഇമോഷണലാക്കി ചിത്രീകരിച്ചതിന്റെ മറ്റൊരു വേർഷനാണ്‌ മെർക്കുറിയിലുള്ളത് എന്ന് പറഞ്ഞാലും തെറ്റില്ല. 'പിസാസി'ൽ താൻ എങ്ങിനെ കൊല്ലപ്പെട്ടെന്നും ആര് കാരണം മരിച്ചെന്നുമൊക്കെയുള്ള തിരിച്ചറിവ് പ്രേതത്തിനുണ്ട് എന്ന് മാത്രമല്ല പ്രതികാര ലക്ഷ്യമില്ലായിരുന്നു അതിന്. കാരണം അതൊരു കൊലപാതകമായിരുന്നില്ല അപകടമായിരുന്നു എന്ന ധാരണ പ്രേതത്തിന് ഉണ്ടായിരുന്നു. എന്നാൽ 'മെർക്കുറി' യിൽ പ്രേതത്തെ സംബന്ധിച്ച് പ്രതികാരം അവിടെ നിർബന്ധമായി മാറുന്നുണ്ട്.  തന്നെ കൊന്നവരെ കണ്ടെത്തി കൊല്ലാനുള്ള  പ്രേതത്തിന്റെ പരിമിതികളാണ് വ്യത്യസ്തത സമ്മാനിക്കുന്നത് എന്ന് മാത്രം. 

കഥയുടെ ബാഹ്യമായ അവതരണത്തിനപ്പുറം  പലതും ബിംബാത്മകമായി അവതരിപ്പിക്കാൻ കൂടി സംവിധായകൻ ശ്രമിച്ചു കാണാം. 'കോർപ്പറേറ്റ് എർത്ത്' എന്ന പേരുള്ള അടഞ്ഞു കിടക്കുന്ന ആ പഴയ കെമിക്കൽ ഫാക്ടറിയും അന്ധ-ബധിര-മൂക കഥാപാത്രങ്ങളുമൊക്കെ പ്രതീകവത്ക്കരിക്കപ്പെടുന്നുണ്ട് പല സീനുകളിലും. പരസ്പ്പരം തിരിച്ചറിയാത്ത വ്യക്തിത്വങ്ങളായി നിലനിൽക്കുകയും  നമ്മുടേതായ ശരികളുടെ  ഭാഗമായി നിന്നു കൊണ്ട് ഒരേ സമയം പല കാരണങ്ങളാൽ നമ്മൾ വേട്ടക്കാരും ഇരയുമാകുന്നു. അപ്രകാരം ബധിരരും മൂകരും അന്ധരുമായ നമ്മുടെ പരസ്പ്പര  യുദ്ധങ്ങൾ  എത്ര അർത്ഥ ശൂന്യമാണെന്ന് പറഞ്ഞു വെക്കുന്നുണ്ട് കാർത്തിക് സുബ്ബരാജ്.   

ആകെ മൊത്തം ടോട്ടൽ = പിസ്സയും, ജിഗർതാണ്ടയും, ഇരൈവിയുമൊക്കെ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെ പ്രതിഭാത്വം ബോധ്യപ്പെടുത്തി തന്ന സിനിമകളാണ്.  ഈ സിനിമകൾ ഒന്നും തന്നെ  പ്രമേയം കൊണ്ടോ  അവതരണം കൊണ്ടോ  പരസ്പ്പരം സാമ്യത പുലർത്തിയിട്ടില്ല എന്ന പോലെ തന്നെ  'മെർക്കുറി' യും വേറിട്ടൊരു സിനിമാ സൃഷ്ടിയായി അനുഭവപ്പെടുത്തുന്നുണ്ട് .   ആദ്യ പകുതിയിൽ  കഥാപാത്രങ്ങളുടെ ആംഗ്യ ഭാഷയും ചലനങ്ങളും ഒരു ഘട്ടത്തിൽ മൈം ഷോയെ അനുസ്മരിപ്പിക്കുമെങ്കിലും പ്രഭു ദേവയുടെ കഥാപാത്രത്തിന്റെ കടന്നു വരവിനു ശേഷം സിനിമ ത്രില്ലിങ്ങാകുന്നുണ്ട്. ലോജിക്കില്ലാത്ത ചില കഥാ സന്ദർഭങ്ങളും ചില ചോദ്യങ്ങളുമൊക്കെ ഒഴിവാക്കി നിർത്തിയാൽ അവതരണം കൊണ്ടും പ്രഭുദേവയുടെ പ്രകടനം കൊണ്ടും സന്തോഷ് നാരായണന്റെ സംഗീതം കൊണ്ടുമൊക്കെ മെർക്കുറി തിയേറ്ററിൽ നല്ലൊരു ആസ്വാദന അനുഭവമായി മാറുന്നുണ്ട്. എന്നാൽ   ഒരു പരീക്ഷണ സിനിമ എന്ന നിലക്ക് കാണേണ്ട ഈ സിനിമയെ കാർത്തികിന്റെ മുൻകാല സിനിമകളിൽ നിന്ന് കിട്ടിയ  ആസ്വാദനം പ്രതീക്ഷിച്ചു  കാണുമ്പോൾ ഒരു പക്ഷെ പലരും  നിരാശപ്പെട്ടേക്കാം. 

*വിധി മാർക്ക് =6.5/10  

-pravin-

Friday, March 16, 2018

കാർബൺ - മനസ്സിനെ കാട് കയറ്റുന്ന സിനിമ

മനുഷ്യ മനസ്സിനോളം നിഗൂഢമായ മറ്റൊന്ന്  വേറെയുണ്ടോ എന്നറിയില്ല. ഒരിക്കലും അടങ്ങാത്ത അവന്റെ ആഗ്രഹങ്ങൾ തന്നെയായിരിക്കാം മനസ്സിനെ ഇത്രത്തോളം നിഗൂഢമാക്കുന്നത്. എല്ലാ കാലത്തെയും ഏതൊരു സാധാരണ മനുഷ്യന്റെയും സർവ്വ സാധാരണമായ ഒരു ആഗ്രഹമായിരുന്നു സമ്പാദിച്ചു സമ്പാദിച്ചു പണക്കാരനാകുക എന്നത്. കാലത്തിന്റെ വേഗത്തിനൊപ്പം മനുഷ്യന്റെ ആ ആഗ്രഹത്തിനും ഭാവഭേദം വന്നു. സമ്പാദിക്കാൻ വേണ്ടി ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ കളയാൻ അവനൊരുക്കമല്ലാതായി. ഏതു വഴിക്കും പെട്ടെന്ന് പണക്കാരനാകണം എന്ന ചിന്തക്കാരുടെ എണ്ണം ദിനം പ്രതി കൂടി വന്നു. നമുക്ക് ചുറ്റുമുള്ള ഒരു പക്ഷേ  നമ്മളടക്കമുള്ള പലരുടെയും അങ്ങിനെയൊരു പ്രതിനിധി തന്നെയാണ് സിബി സെബാസ്റ്റ്യൻ. മരതക കല്ലും ആനയും വെള്ളിമൂങ്ങയുമടക്കം പലതിന്റെയും കച്ചവട സാധ്യതകളും ലാഭങ്ങളുമൊക്കെ അയാളെ 'പണക്കാരൻ' എന്ന പദവിയിലിലേക്ക് വല്ലാതെ ആകർഷിക്കുന്നുണ്ട്. പണമുണ്ടെങ്കിലേ ജീവിതത്തിൽ എന്തുമുള്ളൂ എന്ന പൊതുധാരണയെ ഇവിടെ സിബിയും കൂട്ട് പിടിച്ചു കാണാം. ജോലി ചെയ്തു ജീവിക്കുന്ന കൂട്ടുകാരന്റെ ഔദാര്യങ്ങൾ കൈപ്പറ്റുമ്പോഴും കൂട്ടുകാരന്റെ സ്ഥിരം ജോലി എന്ന രീതിയോട് ഒട്ടുമേ മമത കാണിക്കുന്നില്ല സിബി.  സിബി എന്ന കഥാപാത്രത്തെ രൂപം കൊണ്ടും ഭാവം കൊണ്ടും അയാളുടെ ചിന്താ രീതി കൊണ്ടും സിനിമയുടെ ആദ്യ പകുതിയിൽ വേണ്ടുവോളം വരച്ചിട്ടു തരുന്നുണ്ട് സംവിധായകൻ. എന്തിനാണ് ഒരു കഥാപാത്രത്തെ ഇത്രക്കും വിശദമായി വരച്ചിടുന്നത് എന്ന് ചോദ്യത്തിന്റെ ഉത്തരങ്ങൾ ക്ലൈമാക്സിൽ വാരി വലിച്ചിടുകയാണ് സംവിധായകൻ. ഉത്തരം കണ്ടത്തേണ്ട ഉത്തരവാദിത്തം തീർത്തും പ്രേക്ഷകന്റേതാക്കി മാറ്റുന്ന ആവിഷ്‌ക്കാര ശൈലി വേണു തന്റെ മുൻ സിനിമ 'മുന്നറിയിപ്പി'ലും അവലംബിച്ചു കണ്ടതാണ്. 

'മുന്നറിയിപ്പി'ൽ സി കെ രാഘവനെ പൂർണ്ണമായും വായിച്ചെടുക്കാൻ സാധിക്കുന്നത് സിനിമക്ക് ശേഷമാണ്. അത് വരേയ്ക്കും ആ കഥാപാത്രം പറഞ്ഞതും പറയാതിരുന്നതുമായ ഒരുപാട് കാര്യങ്ങളെ കൂട്ടി വായിക്കേണ്ടി വരുന്നുണ്ട് സിനിമക്കൊടുവിൽ. കഥാപാത്ര സംഭാഷങ്ങൾക്കിടയിലൂടെ വീണു കിട്ടുന്ന ചിന്തകളും സൂചനകളും നിലപാടുകളുമൊക്കെ  ഓർത്തു വക്കുകയും ബൗദ്ധിക വ്യായാമം കണക്കെ അതിനെയെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോൾ മാത്രം കിട്ടുന്ന ചില ആസ്വാദന പൂർണ്ണതയും സംതൃപതിയും ഉണ്ട് വേണുവിന്റെ സിനിമകൾക്ക്. ഒരു സിനിമ നിർമ്മിതിയുടെ പിറകിൽ നിർമ്മാതാവും തിരക്കഥാകൃത്തും ഛായാഗ്രഹകനും സംഗീതജ്ഞനും അടക്കം അനവധി നിരവധി പേരുടെ ശ്രമങ്ങൾ ഉണ്ടെങ്കിൽ പോലും ആത്യന്തികമായി ഒരു സിനിമ എന്നത് കാണുന്ന പ്രേക്ഷകന്റെ കാഴ്ച മാത്രമായി ഒതുങ്ങുകയാണ് പതിവ്.  അത്തരം കാഴ്ചകൾക്കും അപ്പുറം കാണുന്നവനെ ചിന്തിപ്പിക്കുന്ന സിനിമകൾ വളരെ ചുരുക്കമാണ്.  എന്താണോ സംവിധായകൻ ഉദ്ദേശിച്ചത് അത് മനസ്സിലാകണമെങ്കിൽ കാര്യകാരണങ്ങളടക്കം പലതും കഥാപാത്ര സംഭാഷണങ്ങളാൽ  വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്ന ശൈലിയാണ് പൊതുവെ മിക്ക സിനിമകളും പിൻപറ്റാറുള്ളത്.  വേണുവിന്റെ 'മുന്നറിയിപ്പും' 'കാർബണു'മൊക്കെ അക്കൂട്ടത്തിലെ  സമീപക കാലത്തെ അപവാദങ്ങളാണ്. 

സിബി എന്ന കഥാപാത്രത്തെ റിയാലിറ്റിക്കും ഫിക്ഷനുമിടയിൽ നിന്ന് കൊണ്ട് കാണേണ്ടതാണ്.  പ്രായോഗികമല്ലാത്ത ബിസിനസ്സ് സ്വപ്‌നങ്ങൾ ഉള്ള സിബിയുടെ മനസ്സിലേക്ക് കുടിയേറി പാർത്തവർ ഒരുപാടുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് സൗബിന്റെ ആന പാപ്പാൻ വേഷം. സിബി എപ്പോഴോ എവിടെയോ വച്ച് കണ്ടു പരിചയപ്പെട്ട ഒരു കഥാപാത്രം. ആ കഥാപാത്രം റിയൽ ലൈഫിൽ ഒരിക്കലും വന്നു പോകുന്നതായി സിനിമ കാണിക്കുന്നില്ലെങ്കിലും രണ്ടു തവണയായി സിബി അയാളെ കാണുന്നുണ്ട്. ആനയുടെ ഉടമസ്ഥ എന്ന് അവകാശപ്പെടുന്ന സ്ത്രീയുമായുള്ള  സംസാരത്തിനിടയിൽ അവരുടെ ചുവന്നു കലങ്ങിയ  ഒരു കണ്ണ്  പ്രേക്ഷകനെ പോലെ സിബിയും ശ്രദ്ധിച്ചു കാണും. പക്ഷെ ആ കണ്ണെന്താ അങ്ങിനെയിരിക്കുന്നത്  എന്ന ചോദ്യം നമ്മളും സിബിയും സൗകര്യപൂർവ്വം മനസ്സിലൊതുക്കുന്നു. ചോദിക്കാൻ ആഗ്രഹിച്ചിട്ടും എന്ത് കൊണ്ടോ ചോദിക്കാതെ പോയ ആ ചോദ്യമാണ് മനസ്സിൽ പിന്നീട് മറ്റൊരു കഥ പോലെ വളർന്നു വരുകയും ഒരു സ്വപ്നം പോലെ നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നത്. തന്റെ ചെവിയെ ലക്ഷ്യമാക്കി  തോട്ടിയുമെടുത്തു പിന്നാലെ ഓടി വരുന്ന, സ്വയം മരിച്ചെന്നു അവകാശപ്പെട്ട ആനക്കാരൻ രാജേഷിൽ നിന്ന് സിബി രക്ഷപ്പെടുന്നത് സ്വപ്നത്തിൽ നിന്നെഴുന്നേൽക്കുമ്പോൾ ആണ്. ഞെട്ടി എഴുന്നേറ്റ ശേഷം മൊബൈൽ ഗാലറിയിൽ ആനക്കാരന്റെ ഫോട്ടോ നോക്കി ആ കഥാപാത്രം യാഥാർത്ഥമെന്ന് അയാൾ ഉറപ്പു വരുത്തുന്നു. ആനക്കാരനെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും സ്വപ്നത്തിൽ കണ്ട സംഗതികൾ സിബിയുടെ മനസ്സിൽ സംശയങ്ങളുണ്ടാക്കുന്നുണ്ട്.  ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ശേഷിപ്പുകളെ  മനസ്സിൽ  ഭദ്രമായി അടച്ചു വെച്ചു കൊണ്ട് അയാൾ  അടുത്ത ഫാന്റസിയിലേക്ക് യാത്ര തുടങ്ങുകയാണ്. അവിടെ 'നിധി' എന്ന വാക്കും അതിനു പിന്നിലെ നിറം പിടിപ്പിക്കുന്ന കഥകളും അതിനൊത്ത കാടിന്റെ പശ്ചാത്തലവുമാണ് അയാളുടെ മനസ്സിനെ ഭ്രമിപ്പിക്കുന്നത്. 

'നിധി' യോളം ഒരു പണക്കൊതിയനെ മത്തു പിടിപ്പിക്കുന്ന മറ്റൊരു സങ്കൽപ്പം വേറെയുണ്ടോ ഭൂമിയിൽ എന്ന് ചിന്തിപ്പിക്കുന്നുണ്ട് സിനിമ. നിധി സ്വപ്നവുമായി കാട് കയറാൻ കൊതിച്ച സിബിയുടെ മുന്നിലേക്ക് വന്നു വീഴുന്ന കഥാപാത്രമാണ് മമതയുടെ സമീറ എന്ന കഥാപാത്രം. സത്യത്തിൽ സമീറ ആരാണെന്നുള്ള  ചോദ്യത്തിന് സിബിക്ക് കിട്ടിയ  ഉത്തരം  പോലും അയാളെ ഫാന്റസിയുടെയും ഫിക്ഷന്റെയും ലോകത്തേക്ക് കൊണ്ട് പോകുന്നുണ്ട്. 'ദൂരെ.. ദൂരെ ..' എന്ന ഗാനത്തിൽ  സമീറയുടെ  കോസ്‌റ്റ്യൂംസിലൂടെ അവളെ ഒരു പ്രകൃതീശ്വരിയാക്കുകയാണ് സംവിധായകൻ. സിബിയുടെ കാഴ്ചകളിൽ സമീറ പ്രകൃതീശ്വരിയായി മാറുമ്പോൾ അയാളുടെ  മനസ്സിൽ സമീറയോട്  തീവ്രമായൊരു  വിശ്വാസവും കൂടി രൂപപ്പെടുകയായിരുന്നു. നിധിക്ക് വേണ്ടിയുള്ള യാത്രയിൽ സമീറയുടെ സാന്നിദ്ധ്യം അയാൾ ആഗ്രഹിക്കുന്നതും അത് കൊണ്ട് തന്നെ. കാട്ടിനുള്ളിലെവിടെയോ നിധി ഉണ്ടെന്നു  വിശ്വസിക്കുമ്പോഴും നിധി തേടി പോയവരാരും  തിരിച്ചു വന്നിട്ടില്ലെന്ന കഥയെ അയാൾ ഗൗനിക്കുന്നില്ല. അതെല്ലാം വെറും കെട്ടു കഥയായി പുറമേക്ക് പുച്ഛിച്ചു തള്ളുമ്പോഴും സിബിയുടെ ഉള്ളിന്റെയുള്ളിൽ ആ കഥകളോട് ഒരേ സമയം  വിശ്വാസവും ഭയവും ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. 

അവസാന രംഗങ്ങളിലേക്കെത്തുമ്പോൾ റിയാലിറ്റിയും ഫിക്ഷനും കൂടി ഇഴ ചേർന്ന് വല്ലാത്തൊരു മട്ടിലായി പോകുന്നുണ്ട് സിനിമ. സിബിയുടെ ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്ന ആഗ്രഹങ്ങളും ഭയങ്ങളും വിശ്വാസങ്ങളും കാഴ്ചകളുമൊക്കെ സ്വതന്ത്രമാകുകയാണ് ആ ഘട്ടത്തിൽ.  കാണുന്നവന് അതിനെയൊക്കെ  സ്വപ്നമെന്നോ ഭ്രമമെന്നോ മരണമെന്നോ അങ്ങിനെ എന്ത് വേണമെങ്കിലും വ്യാഖ്യാനിക്കാനുള്ള അവസരമുണ്ട്.   സ്വന്തം ചിന്താ ശൈലിയിൽ കാര്യങ്ങളെ  മനസ്സിലാക്കാൻ കിട്ടിയ  അവസരമെന്ന നിലയിൽ അവസാന  രംഗങ്ങളെ  മരണവുമായി ചേർത്ത് വായിക്കാനാണ്‌  ഞാൻഎന്ന പ്രേക്ഷകൻ  ഇഷ്ടപ്പെടുന്നത്. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ ഒന്നിനെയും നേടാനാകാതെ  വിജനമായ കാട്ടിനുള്ളിൽ  ഒറ്റപ്പെട്ടു പോകുന്ന ഒരു മനുഷ്യന്റെ ചിന്താ വിചാരങ്ങളും ഭാവനകളും ഏതൊക്കെ വഴിക്ക് സഞ്ചരിച്ചേക്കാം എന്ന് പറയ വയ്യ. സ്വപ്നം കാണുന്നവനും മരിച്ചവനും തമ്മിൽ വളരെയേറെ സാമ്യതകൾ  അനുഭവിക്കേണ്ടി വരുന്നുണ്ടാകാം. എത്ര ദുർഘടം പിടിച്ച സ്വപ്നമാണെങ്കിലും നമ്മൾ ആ സ്വപ്നത്തിൽ എന്ത് കൊണ്ട് എപ്പോഴും അതിജീവിക്കാൻ പോരാടുന്നവരോ  അതിജീവിക്കുന്നവരോ  മാത്രമാകുന്നു ? സ്വപ്നം കാണുമ്പോൾ എന്ത് കൊണ്ട് അതൊരു സ്വപ്‌നമാണെന്ന്‌ നമ്മൾ തിരിച്ചറിയാതെ പോകുന്നു? സ്വപ്നത്തിൽ നിന്നും എഴുന്നേറ്റു വരുന്നത്  യാഥാർഥ്യത്തിലേക്കാണെന്നു നമ്മൾ വിശ്വസിക്കുന്നുവെങ്കിലും എന്ത് കൊണ്ട്  അതും മറ്റൊരു സ്വപ്നമായി കൂടാ ?  

മരിച്ചവർക്ക് തങ്ങൾ മരിച്ചതായി ഒരിക്കലും ബോധ്യപ്പെടില്ലെങ്കിൽ റിയൽ എന്ന് വിശ്വസിച്ച ഒരു ലോകത്ത് അവർക്കുണ്ടായിരുന്നു അതേ  ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ മരണ ശേഷവും അവർക്ക് കൂടെ ഉണ്ടായെന്നു വരാം. ഒരു പക്ഷെ സ്വപ്നത്തിലും യാഥാർഥ്യത്തിലും സാക്ഷാത്ക്കരിക്കപ്പെടാതെ പോയ പലതും ആ ഒരു ലോകത്ത് അവർക്ക് കിട്ടിയെന്നും വരും. ഈ ഒരു ഫിക്ഷനെയാണ് സിനിമ അവസാന ഇരുപത് മിനിറ്റുകളിൽ മനോഹരമായ visualisation കൊണ്ട് പറയാൻ ശ്രമിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു. കാട്ടിൽ ഒരിറ്റ് കുടി വെള്ളത്തിനായി ആഗ്രഹിച്ച സിബിക്ക് റിയൽ ലൈഫിൽ കിട്ടിയത് ചളി വെള്ളമാണെങ്കിൽ പിന്നീട് മഴയാണ് ദാഹമകറ്റുന്നത്. കയ്യിൽ ബോട്ടിൽ വെള്ളം ഉണ്ടായിരുന്ന സമയത്ത് അയാൾ വെള്ളത്തിന്റെ വില അറിഞ്ഞിരുന്നില്ല എന്നതും ഓർക്കണം. അത് പോലെ സമീറയിൽ സിബിക്കുണ്ടായ ചില വിശ്വാസങ്ങളും ഭാവനകളുമൊക്കെയാണ്  ദുർഘട ഘട്ടത്തിൽ അവൾ ഒരു രക്ഷകയെന്നോളം എത്തുന്നതായി സിബിയെ അനുഭവപ്പെടുത്തുന്നത്. ഒരിക്കൽ സ്വപ്നത്തിൽ തന്നെ ഭയപ്പെടുത്തിയ ആനക്കാരനെ അയാൾ കാട്ടിനുള്ളിൽ വച്ച് കാണുമ്പോൾ ഭയക്കുന്നില്ല. കുടുംബത്തിനോടുള്ള തന്റെ കർത്തവ്യങ്ങളിൽ  നിന്നും ഒളിച്ചോടിയിരുന്ന  സിബിയുടെ മുന്നിൽ അച്ഛന്റെയും അമ്മയുടെയും ദയനീയ രൂപങ്ങൾ  മിന്നി മായുന്നുണ്ട്.  ജീവിതവും സ്വപ്നവും  മരണവുമൊക്കെ  കാഴ്ചകൾ കൊണ്ട് വേറിട്ട അനുഭവങ്ങളായി മാറുന്നതിനിടയിലെപ്പോഴോ ആണ് നമുക്ക് തിരിച്ചറിവുകൾ സംഭവിക്കുന്നത്. ആൽക്കെമിസ്റ്റ് നോവലിലെ സാന്റിഗോയുടെ നിധി അന്വേഷിച്ചുള്ള യാത്രയെ പറ്റി  സമീറ സിബിയോട് പറയുന്നുണ്ടെങ്കിലും  ആ കഥയിൽ പക്ഷെ സിബിക്ക് അറിയേണ്ട ഒന്നേ ഉണ്ടായിരുന്നുള്ളൂ. അയാൾക്ക് ഒടുക്കം നിധി കിട്ടിയോ ഇല്ലയോ എന്ന്. സാന്റിഗോയുടെ  കഥയിൽ ജീവിത യാത്രയുടെ നിരർത്ഥകത വെളിപ്പെടുത്തുമ്പോൾ വേണുവിന്റെ 'കാർബൺ' സിബിക്ക് അത്തരത്തിൽ പൂർണ്ണമായും ഒരു തിരിച്ചറിവ് സംഭവിക്കുന്നതായി വ്യക്തമാക്കുന്നില്ല. പകരം ആഗ്രഹങ്ങൾക്ക് പിന്നാലെയുള്ള മനുഷ്യന്റെ യാത്ര എന്നും തുടരുക മാത്രമേയുള്ളൂ എന്ന് പറഞ്ഞു വക്കുന്നു. ഒരു പക്ഷെ മരണ ശേഷം പോലും. 

ആകെ മൊത്തം ടോട്ടൽ = ഒരു സംവിധായകൻ തന്റെ  സിനിമ കൊണ്ട് ഉദ്ദേശിച്ചതിനും അപ്പുറമുള്ള കാഴ്ചകൾ കാണാൻ പ്രേക്ഷകരെ അനുവദിക്കുമ്പോൾ കേവലാസ്വാദനമെന്നതിൽ നിന്നും സിനിമാ നിർമ്മാണത്തിന്റെ ഉദ്ദേശ്യം തന്നെ മാറുകയാണ്. ബൗദ്ധിക വ്യായാമത്തിനല്ല തിയേറ്ററിൽ വരുന്നത് മതി മറന്നു രസിക്കാനാണ് എന്ന് പറയുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ ഉള്ള മലയാള സിനിമാ ഇന്ഡസ്ട്രിയെ സംബന്ധിച്ച് കാർബൺ പോലുള്ള സിനിമകൾ കൈ വിട്ട പരീക്ഷണങ്ങൾ തന്നെയാണ്. എന്നിരുന്നാലും ഫഹദിനെ പോലുള്ള മികച്ച നടന്റെ സാന്നിധ്യം കൊണ്ടും കാടിന്റെ പശ്ചാത്തലം കൊണ്ടും 'കാർബൺ' എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സ് കവരുന്നുണ്ട്. സ്ഫടികം ജോർജ്ജിന്റെ വേറിട്ട കഥാപാത്ര പ്രകടനം മലയാള സിനിമക്ക്  മറ്റൊരു നല്ല സഹനടനെ കൂടി ഉറപ്പു വരുത്തുന്നു.  കെ യു മോഹനന്റെ ഛായാഗ്രഹണവും വേണുവിന്റെ സംവിധാനവും തന്നെയാണ് ഈ സിനിമയുടെ വശ്യത എന്ന് ചുരുക്കി പറയാം. 

*വിധി മാർക്ക് = 7/10 

-pravin-